സംഘര്‍ഷത്തെ തുടര്‍ന്ന് ശ്രീനഗറിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഫ്യൂ

Posted on: October 8, 2016 6:12 pm | Last updated: October 8, 2016 at 10:02 pm
SHARE

kashmirശ്രീനഗര്‍: സൈന്യത്തിന്റെ പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ 13 വയസുകാരന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ശ്രീനഗറില്‍ സംഘര്‍ഷം. സംഘര്‍ഷത്തെ തുടര്‍ന്ന് ശ്രീനഗറിന്റെ വിവിധ ഭാഗങ്ങളില്‍ ശനിയാഴ്ച കര്‍ഫ്യൂ ഏര്‍പ്പെടുത്തി. സൈദ്പുര സ്വദേശിയായ ജുനൈദ് അഹമ്മദ് ഭട്ടിനെ വെള്ളിയാഴ്ചയാണ് പെല്ലറ്റ് പ്രയോഗത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച രാവിലെ ഭട്ട് മരണപ്പെടുകയായിരുന്നു.

ഭട്ടിന്റെ ഖബറടക്ക ചടങ്ങില്‍ മൃതദേഹവുമായി നൂറുകണക്കിന് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ സൈന്യം കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. പ്രതിഷേധം മറ്റു പ്രദേശങ്ങളിലേക്കും വ്യാപിച്ചതോടെയാണ് അധികൃതര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. ഏഴ് പോലീസ് സ്‌റ്റേഷനകളുടെ പരിധിയിലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ബാലന്റെ മരണത്തില്‍ അന്വേഷണം വേണമെന്ന് ഭരണകക്ഷിയായ പിഡിപി ജനറല്‍ സെക്രട്ടറി നിസാമുദ്ദീന്‍ ഭട്ട് ആവശ്യപ്പെട്ടു. അഹമ്മദ് ഭട്ട് ഒരു പ്രതിഷേധ പരിപാടിയിലും പങ്കെടുത്തിട്ടില്ലെന്നും സൈന്യത്തിന്റെ പെല്ലറ്റ് ഗണ്‍ പ്രയോഗത്തിലാണ് ഭട്ട് കൊല്ലപ്പെട്ടതെന്നും നിസാമുദ്ദീന്‍ പറഞ്ഞു.

ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ സൈന്യം വധിച്ചതിനെ തുടര്‍ന്ന് ജൂലൈ ഒമ്പത് മുതല്‍ കശ്മീര്‍ താഴ്‌വര സംഘര്‍ഷഭരിതമായിരുന്നു. 92 ദിവസം നീണ്ടുനിന്ന സംഘര്‍ഷത്തില്‍ 91 പേര്‍ കൊല്ലപ്പെടുകയും 12000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി ശാന്തമായിരുന്ന കശ്മീര്‍ വീണ്ടും സംഘര്‍ഷഭരിതമാവുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here