Connect with us

Palakkad

നെല്ലിപ്പുഴ പഴയപാലം പൈതൃക സ്മാരകമാക്കണമെന്നാവശ്യം ശക്തമാകുന്നു

Published

|

Last Updated

നെല്ലിപ്പുഴ പഴയ പാലം

മണ്ണാര്‍ക്കാട്: നെല്ലിപ്പുഴ പഴയ പാലം പൈതൃക സ്മാരകമാക്കണമെന്നാവശ്യമുയരുന്നു. ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ച പാലം ഏഴ് പതിറ്റാണ്ടിനപ്പുറവും നിലനില്‍ക്കുന്നുവെന്നത് പഴയ കാല എഞ്ചിനീയറിംഗ് വൈദഗ്ധ്യത്തിന്റെ തെളിവിനെയാണ് കാണിക്കുന്നത്.
കരിങ്കല്ലിന്റെ പില്ലറുകളില്‍ പൂര്‍ണ്ണമായും ഇരുമ്പില്‍ പണിത പാലം നീണ്ട 6 പതിറ്റാണ്ടോളം ദേശീയ പാതയിലെ ഭാരം വഹിച്ചിരുന്നു. കാലപ്പഴക്കവും, വീതികുറവും കാരണം പുതിയ പാലം പണിതെങ്കിലും നിര്‍മാണത്തിലെ ക്രമക്കേട് മൂലം പുതിയ പാലം തകര്‍ന്നപ്പോഴും പ്രൗഢിയോടെ നിലനിന്നത് പഴയ ഇരുമ്പുപാലമായിരുന്നു. പിന്നീട് തകര്‍ന്ന പുതിയ പാലം പൂര്‍ണമായും പൊളിച്ചുമാറ്റി പുതുക്കി പണിയുന്നത് വരെ പഴയ പാലം തന്നെയായിരുന്നു ദേശീയ പാതയുടെയും മണ്ണാര്‍ക്കാടിന്റെയും ആശ്രയം. ചരിത്രമുറങ്ങുന്ന മണ്ണാര്‍ക്കാടിന്റെ പഴയകാല ഓര്‍മകളുടെ മൂകസാക്ഷിയായ നെല്ലിപ്പുഴ പാലം നിലവില്‍ കാടുകയറി മാലിന്യ നിക്ഷേപ കേന്ദ്രമായി മാറുകയാണ്.
പാലം സംരക്ഷിച്ച് പൈതൃക സ്മാരകമായി നിലനിര്‍ത്തുന്നത് നിലവിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ക്ക് നിര്‍മാണ വൈദഗ്ധ്യത്തെ കുറിച്ച് പഠിക്കുന്നതിനുളള സൗകര്യം ലഭിക്കുന്നതോടൊപ്പം, വൈകുന്നേരങ്ങള്‍ സജീവമാക്കാനിടമില്ലാത്ത മണ്ണാര്‍ക്കാട്ടുകാര്‍ക്ക് നല്ലൊരു വിശ്രമ കേന്ദ്രമാക്കി മാറ്റുവാന്‍ കഴിയും. നിലവിലെ പാലമൊന്ന് അല്‍പ്പം മോടികൂട്ടി പരിസരം വൃത്തിയാക്കിയാല്‍ നെല്ലിപ്പുഴയുടെ കുളിര്‍മയില്‍ സായാഹ്നങ്ങള്‍ ആസ്വാദ്യകരമാക്കാന്‍ കഴിയും.
ഈ ആവശ്യമുന്നയിച്ച് ബന്ധപ്പെട്ടവെര്‍ക്ക് നിവേദനം നല്‍കാനും നെല്ലിപ്പുഴ പാലത്തിന്റെ ഉപയോഗത്തിന്റെ വിവിധ സാധ്യതകള്‍ ആരായാനും വാട്‌സ് അപ്പ് ഗ്രൂപ്പ് കൂട്ടായ്മയായ വോയ്‌സ് ഓഫ് മണ്ണാര്‍ക്കാട് ശനിയാഴ്ച രാവിലെ 10മണിക്ക് നെല്ലിപ്പുഴ പാലത്തില്‍ കൂട്ടായ്മ സംഘടിപ്പിക്കും.