തിരുവനന്തപുരം പള്ളിപ്പുറത്ത് ലോറി തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

Posted on: October 8, 2016 11:10 am | Last updated: October 8, 2016 at 11:10 am

തിരുവനന്തപുരം: തിരുവനന്തപുരം പള്ളിപ്പുറത്ത് ലോറി പാലത്തില്‍നിന്ന് തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. മാര്‍ത്താണ്ഡം പാക്കോട് മതിയ്ക്കാവിള തെന്നംപറവിളയില്‍ വില്‍സണ്‍ (37) ആണ് മരിച്ചത്. ക്ലീനര്‍ മാര്‍ത്താണ്ഡം സ്വദേശി മോഹനനെ (38) ഗുരുതര പരുക്കുകളോടെ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് പുലര്‍ച്ചെ 5.30 ദേശിയ പാതയില്‍ മംഗലപുരം പള്ളിപ്പുറത്തിന് സമീപമായിരുന്നു അപകടം. കൊല്ലത്തുനിന്നും തിരുവനന്തപുരം ഭാഗത്തേയ്ക്ക് പാറപ്പൊടി കയറ്റി വന്ന ലോറി തോട്ടിലേയ്ക്ക് തല കീഴായി മറിയുകയായിരുന്നു. വീഴ്ചയില്‍ വാഹനത്തിലുണ്ടായിരുന്ന പാറപ്പൊടി ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും മേല്‍ വീണു. ഫയര്‍ ഫോഴ്‌സ് എത്തിയാണ് ഇരുവരെയും പുറത്തെടുത്തത്.