Connect with us

Malappuram

മൂന്ന് വയസ്സുകാരന്‍ ഉള്‍പ്പെടെ നാല് കുട്ടികളെ രണ്ടാനമ്മ വീട്ടില്‍ നിന്ന് പുറത്താക്കി

Published

|

Last Updated

തിരൂര്‍: മൂന്ന് വയസ്സുകാരനടക്കം നാല് കുട്ടികളെ രണ്ടാനമ്മ വീട്ടില്‍ നിന്നിറക്കിവിട്ടു. കൂട്ടായി പള്ളിക്കുളം അങ്കണ്‍വാടിക്ക് സമീപം താമസിക്കുന്ന മൂന്നുടിക്കല്‍ അബ്ബാസിന്റെ ആദ്യ ഭാര്യയിലുള്ള നാല് മക്കളെയാണ് രണ്ടാനമ്മ വൈരങ്കോട് സ്വദേശി കടവത്ത് പറമ്പില്‍ റശീദ വീട്ടില്‍ നിന്ന് ഇറക്കിവിട്ടത്.
ബുധനാഴ്ച അബ്ബാസ് ഗള്‍ഫിലേക്കു പോയതോടെ റശീദ വീടു പൂട്ടി വൈരങ്കോട്ടെ സ്വവസതിയിലേക്ക് പോവുകയായിരുന്നു. ഇതോടെ പട്ടിണിയിലായ കുട്ടികള്‍ പകല്‍ തെരുവിലും രാത്രി വീട്ടുവരാന്തയിലുമാണ് താമസിച്ചത്. സംഭവത്തില്‍ പോലീസ് റശീദക്കെതിരെ കേസെടുത്തു.
മൂന്ന് വയസ്സുകാരന് പുറമേ ഏഴ്, 13, 14 വയസ്സ് പ്രായമുള്ള കുട്ടികളെയാണ് പുറത്താക്കിയത്. കുട്ടികളുടെ പുസ്തകങ്ങളടങ്ങിയ ബാഗുകള്‍ പുറത്ത് വെച്ചശേഷമാണ് റശീദ സ്ഥലം വിട്ടത്. കഴിഞ്ഞ രണ്ട് ദിവസമായി കുട്ടികള്‍ തെരുവില്‍ അലയുകയായിരുന്നു. രാത്രിയായാല്‍ നാല് പേരും വരാന്തയില്‍ കിടക്കും. വിവരമറിഞ്ഞ് ബന്ധുക്കളെത്തി മൂന്ന് വയസുകാരനെ മാത്രം കൂട്ടിക്കൊണ്ടു പോയി. ബാക്കിയുള്ളവരുടെ കാര്യത്തില്‍ തീരുമാനമായിരുന്നില്ല.
മാതാവ് മരിച്ച ശേഷം ഉപ്പയും രണ്ടാനമ്മയും ചേര്‍ന്ന് തങ്ങളെ മാനസികമായി പീഡിപ്പിക്കുന്നതായും ഭക്ഷണം പോലും തരാതെ പട്ടിണിക്കിട്ടിരുന്നതായും കുട്ടികള്‍ പറഞ്ഞു. കുട്ടികളുടെ മൊഴി ചൈല്‍ഡ് ലൈന്‍ രേഖപ്പെടുത്തി. എന്നാല്‍, കാര്യമായ പ്രശ്‌നങ്ങളൊന്നും ഞങ്ങളും രണ്ടാനമ്മയും തമ്മില്‍ ഉണ്ടായിരുന്നില്ലെന്നും കുട്ടികള്‍ പറയുന്നു.
കുട്ടികള്‍ വരാന്തയില്‍ കഴിയുന്നത് കണ്ട നാട്ടുകാര്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചതോടെ ചൈല്‍ഡ് ലൈന്‍ കോ- ഓര്‍ഡിനേറ്റര്‍ പിടി ശിഹാബിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി കുട്ടികളെ ജില്ലാ ശിശു ക്ഷേമ സമിതി അംഗം അഡ്വ. കവിത ശങ്കറിന്റെ മുമ്പാകെ ഹാജരാക്കി.
കുട്ടികളുടെ സംരക്ഷണത്തിന് സഹായം തേടി ചൈല്‍ഡ്‌ലൈന്‍ മലപ്പുറം കലക്ടറെ സമീപിച്ചിരുന്നു. എന്നാല്‍, സംരക്ഷണം കുട്ടികളുടെ മാതാവിന്റെ സഹോദരി മൈമൂന ഏറ്റെടുത്തു. കുട്ടികള്‍ക്ക് താമസിക്കാന്‍ വീട് തുറന്നു കൊടുക്കാന്‍ നടപടിയെടുക്കുന്നതോടൊപ്പം റശീദക്കെതിരെ നിയമ നടപടിക്ക് ശിപാശ ചെയ്തതായും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകന്‍ അറിയിച്ചു. അതേസമയം, കുട്ടികളുടെ ഉമ്മയുടെ പിതാവ് കുട്ടിക്കാട്ടില്‍ മൊയ്തീന്‍കുട്ടി റശീദക്കെതിരെ നടപടി ആവശ്യപ്പെട്ട് തിരൂര്‍ പോലീസില്‍ പരാതി നല്‍കി. ഇതേതുടര്‍ന്ന് റശീദക്കെതിരെ ഐ പി സി 317, ജുവനൈല്‍ ജസ്റ്റിസ് ആക്ട് 75 എന്നീ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തതായി എസ് ഐ കെ ആര്‍ രജ്ഞിത്ത് അറിയിച്ചു. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.

 

Latest