ശ്വാസം മുട്ടരുത്

Posted on: October 8, 2016 6:00 am | Last updated: October 7, 2016 at 11:45 pm

SIRAJഭൗമോപരിതലത്തിലെ ഓക്‌സിജന്റെ അളവ് കുറയുന്നതിന്റെ വേഗം കൂടുകയാണ് എന്ന് പഠനം. എട്ട് ലക്ഷം വര്‍ഷങ്ങളായുള്ള അന്തരീക്ഷ ഓക്‌സിജനെക്കുറിച്ചുള്ള വിശദമായ പഠനം പ്രിന്‍സ്ടണ്‍ സര്‍വകലാശാല ഗവേഷകരാണ് നടത്തിയത്. ഈ പോക്ക് എവിടെയെത്തുമെന്ന ആശങ്ക ശാസ്ത്ര ലോകം പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു. സമുദ്രത്തിലെ ഓക്‌സിജന്റെ അളവ് കുറയുന്നതായും ജീവികളുടെ നിലനില്‍പ്പ് ഭീഷണിയിലാണെന്നും നേരത്തെ തന്നെ പഠനങ്ങള്‍ പുറത്ത് വന്നിരുന്നു.
ഫോസില്‍ ഇന്ധനങ്ങളുടെ വര്‍ധിത തോതിലുള്ള ഉപയോഗമാണ് ഓക്‌സിജന്റെ കുറച്ചിലിന് കാരണമായി പറയുന്നത്. പെട്രോള്‍, കല്‍ക്കരി തുടങ്ങി ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം അനിയന്ത്രിതമായി കൂടിക്കൊണ്ടിരിക്കുന്നു. മാത്രമല്ല, വന്‍ തോതിലുള്ള വനനശീകരണവും എരിതീയില്‍ എണ്ണയാകുന്നു. വ്യവസായ നഗരങ്ങളിലാണ് വായു മലിനീകരണം അതിന്റെ പാരമ്യത്തിലെത്തുന്നത്. ആണവ നിലയങ്ങളും വ്യവസായ ശാലകളും വാഹനങ്ങളും പുറത്തുവിടുന്നതും തടിയും കല്‍ക്കരിയും കത്തിക്കുമ്പോഴുണ്ടാകുന്ന പുകയുമെല്ലാം മലിനീകരണത്തിന് ആക്കം കൂട്ടുന്നതാണ്.
വികസിത രാജ്യങ്ങള്‍ മലിനീകരണത്തിന്റെ ഉത്തരവാദിത്വം മറ്റു രാജ്യങ്ങളുടെ അക്കൗണ്ടില്‍ ചേര്‍ക്കുകയാണ് ചെയ്യുന്നത്. എന്നാല്‍, വികസിത രാജ്യങ്ങളുടെ ആര്‍ത്തിയുടെയും ദുരയുടെയും ശമ്പളമാണ് ലോകം ഇന്നനുഭവിക്കുന്നത്. ഈ വിഷയത്തില്‍ സാമൂഹിക ഓഡിറ്റിംഗ് അനിവാര്യമാണ്. ഉത്തരവാദിത്വം ആനുപാതികമായി ഏറ്റെടുക്കണം. അതിസമ്പന്നരുടെ ദുരക്കും ദുര്‍വ്യയത്തിനും ഈ ഭൂമിയെ വിട്ടുകൊടുത്തുകൂടാ.
വെള്ളം പോലെ ഓക്‌സിജനും കുപ്പിയില്‍ വാങ്ങുന്ന കാലത്തേക്ക് ലോകം അടുത്തടുത്തുകൊണ്ടിരിക്കുന്നു. ഈ ജീവല്‍ പ്രതിസന്ധിയും കൊയ്‌തെടുക്കാനായി കുത്തകകള്‍ കാത്തിരിക്കുന്നുണ്ട്; ഓക്‌സിജന്‍ പാര്‍ലറുകളുമൊരുക്കി. വിപണിയുടെ സാധ്യതകള്‍ ആരായുകയാണവര്‍.
മറ്റൊരു ഭൂമി ഇതുവരെ സാധ്യമായിട്ടില്ല. ഭൂമിക്ക് ഒരിണയെ തേടി ആകാശം നോക്കിയിരിക്കാന്‍ തുടങ്ങിയിട്ട് നൂറ്റാണ്ടുകളായെങ്കിലും അങ്ങനെയൊന്ന് തരപ്പെട്ടിട്ടില്ല. ഈ അനുഗ്രഹം വേറെ എവിടെയുമില്ല. അതിനാല്‍ പ്രകൃതിയോടുള്ള കടമകള്‍ പുലര്‍ത്തണം. ഫോസില്‍ ഇന്ധനങ്ങള്‍ക്ക് ബദലുകള്‍ അന്വേഷിക്കണം. മിതത്വത്തിന്റെ വഴികള്‍ തേടണം. വിഭവങ്ങള്‍ക്ക് സമതുലിതമായ വിഭജനവും ഉപയോഗവും ഉറപ്പ് വരുത്തണം. മതദര്‍ശനങ്ങള്‍ മുന്നോട്ട് വെക്കുന്ന മിതവ്യയത്തിന്റെ വഴി ഈ ദിശയില്‍ മാര്‍ഗദര്‍ശനമാണ്. ദുരയും മാത്സര്യവും മാറ്റിവെച്ചേ പറ്റൂ. ഇപ്പറഞ്ഞതിനര്‍ഥം പിന്നോട്ട് നടക്കുക എന്നല്ല. മുന്നോട്ട് പോകുമ്പോള്‍ തന്നെ എങ്ങനെ പോകണം എന്നിടത്ത് പുനരാലോചനകള്‍ വേണം എന്നാണ്. ആവശ്യം, അത്യാവശ്യം, അനാവശ്യം എന്നിങ്ങനെ തരംതിരിവുകള്‍ അനിവാര്യമായി വരുന്നു.

അടഞ്ഞു കിടക്കുന്ന
വീടുകള്‍
ആയിരക്കണക്കിന് വീടുകള്‍ അടഞ്ഞുകിടക്കുമ്പോള്‍ വീടുകള്‍ അനവരതം പൊന്തിക്കൊണ്ടിരിക്കുന്നു. പുതിയ വീട്ടിലേക്കോ ഫഌറ്റിലേക്കോയുള്ള മാറ്റം, വിദേശങ്ങളിലേക്കുള്ള കുടിയേറ്റം, എങ്ങനെയും പിളര്‍ന്നു പോകാനുള്ള കുടുംബങ്ങളുടെ വെമ്പല്‍, പിന്തുടര്‍ച്ചക്കാരില്ലാത്ത സാഹചര്യം എന്നിവയെല്ലാം ആളൊഴിഞ്ഞ വീടുകള്‍ക്ക് കാരണമാകുന്നു. പലരും സാമ്പത്തിക ശേഷി പ്രഖ്യാപിക്കുന്നത് വീടുകളുടെ മോടികൊണ്ടും വലിപ്പം കൊണ്ടുമാണ്. പഴയ വീടുകള്‍ കുറച്ചിലായി തോന്നുന്നവരും ഒഴിഞ്ഞുകിടക്കുന്ന ഭവനങ്ങള്‍ സംഭാവന ചെയ്യുന്നു. നമ്മുടെ കാഴ്ചപ്പാടിന്റെ വലിയൊരമളി തന്നെ അധ്വാനിക്കുന്നതത്രയും വീട് നിര്‍മാണത്തിനായി വിനിയോഗിക്കുക എന്നതായിരിക്കുന്നു.
പഴയ തലമുറ അവരുടെ മനോവ്യാപാരങ്ങള്‍ക്കൊത്ത് പണിതത് പിന്മുറക്കാര്‍ക്ക് ബോധിച്ചുകൊള്ളണമെന്നില്ല. അങ്ങനെ വരുമ്പോഴും അംഗസംഖ്യക്ക് ആനുപാതികമാകാതിരിക്കുമ്പോഴും പുതിയ വീടുകള്‍ വരുന്നു. വലിയ വീടുകള്‍ നോക്കിനടത്താനുള്ള പ്രയാസം മൂലം പുതിയത് നിര്‍മിക്കുന്നവരുമുണ്ട്. മറ്റൊന്നുണ്ട്; വിഘടിച്ച് പോകാനാണ് കുടുംബങ്ങള്‍ ഇഷ്ടപ്പെടുന്നത്. വിവാഹം കഴിക്കുന്നതോടെ വീടുണ്ടാക്കുന്നില്ലേ എന്ന ചോദ്യം ഉയരുകയായി. അണുകുടുംബമാകാനുള്ള ത്വരയും പിളര്‍ന്നുപോകാനുള്ള വെമ്പലും അനാവശ്യമായ വീടുകള്‍ക്ക് നിമിത്തമാകുന്നു.
കെട്ടിട നിര്‍മാണമാണ് നമ്മുടെ നാട്ടില്‍ കാര്യമായി നടക്കുന്ന പ്രവര്‍ത്തനങ്ങളിലൊന്ന്. ഒരുപാട് വീടുകള്‍ നോക്കുകുത്തിയായി നില്‍ക്കേ അനാവശ്യമായി വീടുകള്‍ നിര്‍മിക്കുന്നത് വലിയ സാമൂഹിക നഷ്ടം കൂടിയാണ്. കല്ലും മണ്ണും മരവും കമ്പിയും ഒക്കെ ഇതിനു വേണ്ടേ? ആര്‍ക്കും ഉപകാരമില്ലാതെ, നോക്കുകുത്തികളായി തീരുന്ന ഇവയെ എങ്ങനെ ഉപയോഗപ്രദമാക്കാമെന്ന് ആലോചിക്കാന്‍ സമയമായിരിക്കുന്നു.