ഉത്ക്കണ്ഠയെ മറികടക്കാം

Posted on: October 7, 2016 8:23 pm | Last updated: October 7, 2016 at 8:23 pm

social-anxietyഇത് ഉത്ക്കണ്ഠയുടെ ലോകമാണ്. വ്യാവസായിക വളര്‍ച്ചയും നാഗരിക പുരോഗതിയും അതിനൊരു നിമിത്തമായിട്ടുണ്ട്. മനുഷ്യന്‍ ഏറ്റവും കൂടുതല്‍ ഉത്ക്കണ്ഠാകുലനായത് ഒന്നും രണ്ടും ലോകമഹായുദ്ധ വേളയിലാണ്. ഭാവിയെക്കുറിച്ചുള്ള ആശങ്കയും വരാനിരിക്കുന്ന അപകടങ്ങളെക്കുറിച്ച് അനാവശ്യ ചിന്തകളുമാണ് അതിന്റെ കാരണങ്ങള്‍. ഉത്ക്കണ്ഠയെ മതം എങ്ങനെ നോക്കിക്കാണുന്നു എന്ന പരിശോധനയാണിവിടെ. അല്ലാഹു പറയുന്നു: തീര്‍ച്ചയായും അങ്ങേയറ്റം അക്ഷമനായിട്ടാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തിന്മ ബാധിച്ചാല്‍ അസ്വസ്ഥനായും നന്മ കൈവന്നാല്‍ (അവകാശങ്ങള്‍) തടഞ്ഞുവെക്കുന്നവനായും (മആരിജ് 19-21). മൂസാ(അ)മും ഹാറൂന്‍(അ)മും ഫറോവയെ അഭിമുഖീകരിക്കുന്ന സന്ദര്‍ഭം അല്ലാഹു വിവരിക്കുന്നു. അവര്‍ രണ്ടുപേരും പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, ഫിര്‍ഔന്‍ ഞങ്ങളുടെ നേരെ എടുത്തുചാടുകയോ അതിക്രമം കാണിക്കുകയോ ചെയ്യുമെന്ന് ഞങ്ങള്‍ ഭയപ്പെടുന്നു (20-45).
ഭയം മനുഷ്യനില്‍ എത്രമേല്‍ സ്വാധീനിക്കുന്നുവെന്ന് കണക്കാക്കി അതിനുള്ള പ്രതിവിധി ഇസ്‌ലാം നിര്‍ീേശിക്കുന്നു. അല്ലാഹു എപ്പോഴും നമ്മോടൊപ്പമുണ്ടെന്ന ബോധം ഉത്ക്കണ്ഠ അകറ്റാന്‍ കാരണമാണ്. മൂസാ, ഹാറൂന്‍ നബിമാരുടെ സംഭവം അത് ബോധ്യപ്പെടുത്തുന്നു. ഫറോവയുടെ അടുക്കലേക്ക് പോകാന്‍ ഭയപ്പെട്ടപ്പോള്‍ അല്ലാഹുവിന്റെ സാന്നിധ്യം ഉറപ്പ് നല്‍കി അവരെ സാന്ത്വനിപ്പിക്കുകയാണുണ്ടായത്. അല്ലാഹു പറഞ്ഞു: നിങ്ങള്‍ ഭയപ്പെടേണ്ട, തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്. ഞാന്‍ കേള്‍ക്കുകയും കാണുകയും ചെയ്യുന്നു (20:46).മനുഷ്യ മനസ്സുകളില്‍ ഉത്ക്കണ്ഠ സൃഷ്ടിക്കുന്നതില്‍ പിശാചിന്റെ പങ്ക് വളരെ വലുതാണ്. തന്റെ സമ്പത്തിലും സന്താനങ്ങളിലും ഭാവിജീവിതത്തിലും അനിഷ്ടകരമായത് വരാനിരിക്കുന്നു എന്ന് പിശാച് ദുര്‍ബോധനം നടത്തുന്നു. അചഞ്ചലമായ വിശ്വാസമില്ലാത്തവര്‍ പിശാചിന്റെ അടിമയായി, ഉത്ക്കണ്ഠാകുലരായി ജീവിതം നയിക്കുന്നു.
ഇന്ന് ദുഃഖിക്കുന്നവന് നാളെ സന്തോഷം ഉണ്ടാവും. ഖുര്‍ആന്‍ പറയുന്നു: ‘അപ്പോള്‍ തീര്‍ച്ചയായും ഞെരുക്കത്തോടൊപ്പം എളുപ്പവഴിയുമുണ്ടായിരിക്കും” (സൂറതുശ്ശര്‍ഹ് 5,6). ഓരോ പ്രയാസത്തിന്റെയും വിഷമത്തിന്റെയും കൂടെ ഒരു സൗഖ്യവും എളുപ്പവുമുണ്ടാവും. പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും നേരിടേണ്ട രൂപത്തില്‍ നേരിടാന്‍ കഴിയണം. അപ്പോഴാണ് മനസ്സിന് സാന്ത്വനമുണ്ടാകുക. മനസ്സിനെ നിയന്ത്രിച്ച് പോസിറ്റീവ് ചിന്തയിലൂടെ ജീവിതത്തെ നയിക്കുക.