കോടിയേരിയുടെ മകനെന്ന് പരിചയപ്പെടുത്തി ലക്ഷങ്ങളുടെ തട്ടിപ്പ്; രണ്ട് പേര്‍ പിടിയില്‍

Posted on: October 7, 2016 6:03 am | Last updated: October 7, 2016 at 12:04 am

arrest168കൊച്ചി: സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെന്ന് ഫോണില്‍ പരിചയപ്പെടുത്തി പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയ സംഘത്തിലെ രണ്ട് പേര്‍ പിടിയില്‍. തമിഴ്‌നാട് നാഗപ്പട്ടണം നാഗൂര്‍ സ്വദേശികളായ മുഷ്താഖ് അലി (24), ഹംസത് അലി (26) എന്നിവരെയാണ് കൊച്ചി സിറ്റി ഷാഡോ പോലീസ് നാഗൂരില്‍ നിന്ന് അറസ്റ്റു ചെയ്തത്. പ്രധാന പ്രതി കണ്ണൂര്‍ മൊട്ടമേല്‍ വീട്ടില്‍ വീനീത് ഉണ്ണിക്കൃഷ്ണനു വേണ്ടി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. മറ്റൊരു വഞ്ചനാകേസില്‍ ഇയാള്‍ ലാവോസില്‍ പിടിയിലായതായി വിവരമുണ്ട്. നാട്ടില്‍ നിരവധി തട്ടിപ്പു കേസുകളിലും പ്രതിയാണ്.
സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ് തട്ടിപ്പിനിരയായത്. മിമിക്രി കലാകാരന്‍ കെ എസ് പ്രസാദിനെയടക്കം ഇവര്‍ കബളിപ്പിക്കാന്‍ ശ്രമിച്ചു. മൂവരും ലാവോസില്‍ റസ്റ്റോറന്റ് ജീവനക്കാരാണ്. വിനീത് ലാവോസില്‍നിന്ന് കേരളത്തിലെ സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്നവരെ വിളിച്ച് താന്‍ ബിനീഷ് കോടിയേരിയാണെന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. ബാങ്കോക്കില്‍ പരിപാടി അവതരിപ്പിക്കണമെന്നും അതിനുള്ള അഡ്വാന്‍സ് പണം നല്‍കാന്‍ അക്കൗണ്ട് നമ്പര്‍ വേണമെന്നും ആവശ്യപ്പെടും. വിദേശ ബേങ്കില്‍നിന്ന് അഞ്ച് ലക്ഷം രൂപ അയച്ചതായ വ്യജ രസീത് വാട്ട്‌സ്ആപ്പില്‍ ഇവര്‍ക്ക് അയക്കും. തുടര്‍ന്ന് താരങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തുന്നതിന് ഓരോ കലാകാരനും 2000 രൂപ വീതം അയച്ചുകൊടുക്കണമെന്ന് ആവശ്യപ്പെടും. ഈ പണം അയക്കുന്നതിനായി മുഷ്താഖ് അലിയുടെ ബന്ധുവായ സ്ത്രീയുടെ അക്കൗണ്ട് നമ്പറാണ് നല്‍കിയത്. അക്കൗണ്ടില്‍ പണം എത്തിയാലുടന്‍ മുഷ്താഖും ഹംസതും ചേര്‍ന്ന് പിന്‍വലിക്കുകയാണ് പതിവ്. രണ്ട് മാസത്തിനിടെ ഇന്ത്യന്‍ ബേങ്ക് അക്കൗണ്ടില്‍നിന്ന് പത്ത് ലക്ഷം രൂപയോളം ഇവര്‍ പിന്‍വലിച്ചിട്ടുണ്ട്്.