ലഹരി മാഫിയക്കെതിരെ നടപടി: ഫിലിപ്പൈന്‍സ് പ്രസിഡന്റിന് വന്‍ പിന്തുണയെന്ന് സര്‍വേ

Posted on: October 7, 2016 5:39 am | Last updated: October 6, 2016 at 11:41 pm
റോഡ്രിഗോ ഡ്യൂട്ടര്‍ട്ടേക്ക്
റോഡ്രിഗോ ഡ്യൂട്ടര്‍ട്ടേക്ക്

മനില: മയക്കുമരുന്ന് സംഘങ്ങള്‍ക്കെതിരെ സൈനിക ശക്തി ഉപയോഗിക്കുന്ന ഫിലിപ്പൈന്‍ പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടര്‍ട്ടേക്ക് വന്‍ ആഭ്യന്തര പിന്തുണ. അമേരിക്കയടക്കമുള്ള ശക്തികള്‍ ഡ്യൂട്ടര്‍ട്ടിനെതിരെ മനുഷ്യാവകാശ ലംഘനം ആരോപിക്കുമ്പോഴാണ് സ്വന്തം ജനത അദ്ദേഹത്തെ പിന്തുണക്കുന്നത്. 76 ശതമാനം പേര്‍ ഡ്യൂട്ടര്‍ട്ടിന്റെ നയങ്ങളെ പിന്തുണക്കുന്നുവെന്നാണ് ഇന്നലെ പുറത്ത് വന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. സ്വതന്ത്ര ഗവേഷണ ഗ്രൂപ്പായ സോഷ്യല്‍ വെതര്‍ സ്റ്റേഷന്‍സാണ് സര്‍വേ സംഘടിപ്പിച്ചത്. 11 ശതമാനം പേര്‍ മാത്രമാണ് അതൃപ്തി രേഖപ്പെടുത്തിയത്. ബാക്കിയുള്ളവര്‍ അഭിപ്രായമൊന്നുമില്ലെന്നാണ് രേഖപ്പെടുത്തിയത്.
സെപ്തംബര്‍ അവസാനത്തില്‍ വിവിരദാതാക്കളെ നേരിട്ട് കണ്ട് നടത്തിയ സര്‍വേയുടെ ഫലം അന്ത്രാഷ്ട്രതലത്തില്‍ ഒറ്റപ്പെട്ട ഡ്യൂര്‍ട്ടിന് വന്‍ ആത്മവിശ്വാസമാണ് പകരുന്നത്. അധികാരത്തില്‍ നൂറ് ദിനം തികക്കാന്‍ പോകുന്ന ഡ്യൂട്ടര്‍ട്ട് 39 ശതമാനം വോട്ടുകള്‍ നേടിയാണ് അധികാരത്തിലെത്തിയത്. മയക്കു മരുന്ന് ലോബിക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നതായിരുന്നു ഡ്യൂട്ടര്‍ട്ടിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം. ഹിറ്റ്‌ലര്‍ ജൂതന്‍മാര്‍ക്കെതിരെ നടത്തിയത് പോലുള്ള നടപടികളായിരിക്കും താന്‍ കൈകൊള്ളുകയെന്ന അദ്ദേഹത്തിന്റെ പ്രസ്താവന വന്‍ വിവാദമായിരുന്നു. തന്നെ വിമര്‍ശിച്ച യു എസ് പ്രസിഡന്റ് ബരാക് ഒബാമ അദ്ദേഹം ചുട്ട മറുപടി നല്‍കുകയും ചെയ്തു.
അധികാരമേറ്റയുടന്‍ ഡ്യൂട്ടര്‍ട്ടേ സര്‍ക്കാര്‍ മയക്കുമരുന്ന് വില്‍പ്പനക്കാര്‍ക്കും അനുബന്ധ കുറ്റവാളികള്‍ക്കുമെതിരെ ആരംഭിച്ച പോലീസ് നടപടിയില്‍ 3400 പേരാണ് മരിച്ചത്. പലരും ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നു. ഇതേതുടര്‍ന്ന് ഇ യു, യു എന്‍ തുടങ്ങിയവ ശക്തമായ വിമര്‍ശമാണ് ഡ്യൂട്ടര്‍ക്കെതിരെ ഉയര്‍ത്തിയത്. അതേസമയം, പുതിയ സര്‍വേ വ്യാജമാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. ജനാഭിപ്രായത്തെ പെരുപ്പിച്ച് കാണിക്കുയാണ് സര്‍വേക്കാര്‍ ചെയ്തതെന്നാണ് വിമര്‍ശം.