Connect with us

Eranakulam

സുബ്ഹാനി മൊസൂളിലെ ഇസില്‍ സുരക്ഷാ ഭടനെന്ന് എന്‍ ഐ എ

Published

|

Last Updated

കൊച്ചി: ഐസിസ് ബന്ധത്തിന്റെ പേരില്‍ എന്‍ ഐ എ തിരുനെല്‍വേലിയില്‍ നിന്ന് പിടികൂടിയ തൊടുപുഴ സ്വദേശി സുബ്ഹാനി ഹാജാ മൊയ്തീന്‍(31) ഇറാഖിലെ യുദ്ധഭൂമിയില്‍ ഐസിസ് പോരാളിയായി പ്രവര്‍ത്തിക്കുകയും ഐസിസ് തടങ്കലില്‍ ക്രൂരപീഢനത്തിന് വിധേയനാകുകയും ചെയ്തയാള്‍. യുദ്ധത്തിന്റെ ഭീകരതയില്‍ മനംമടുത്ത് ഐസിസ് വിട്ട ഇയാള്‍ നാട്ടില്‍ തിരിച്ചെത്തിയ ശേഷം ഐസിസ് അനുകൂല ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചതിനാണ് എന്‍ ഐ എയുടെ പിടിയിലായത്.
തൊടുപുഴ മാര്‍ക്കറ്റ് റോഡിലെ മാളിയേക്കല്‍ കുടുംബാഗംമായ ഹാജ മൊയ്തീനെ തിങ്കളാഴ്ച തിരുനെല്‍വേലിയിലെ കടയനല്ലൂര്‍ പള്ളിവാസല്‍ സ്ട്രീറ്റില്‍ ത്വയ്യിബ മന്‍സിലില്‍ നിന്നാണ് കൊച്ചിയില്‍ നിന്നുള്ള എന്‍ ഐ എ സംഘം പിടികൂടിയത്. കൊച്ചിയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്ത ശേഷം ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയ ഇയാള്‍ക്കെതിരെ ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് യു എ പി എ നിയമ പ്രകാരം കേസെടുത്തിട്ടുണ്ട്. കോടതി ഇയാളെ പത്ത് ദിവസത്തേക്ക് എന്‍ ഐ എയുടെ കസ്റ്റഡിയില്‍ വിട്ടു.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ എട്ടിനാണ് ഹാജാ മൊയ്തീന്‍ ഐസിസില്‍ ചേരുന്നതിനായി ഇറാഖില്‍ പോയത്. ഉംറക്ക് പോകുന്നെന്ന് ഭാര്യയെയും കുടുംബാംഗങ്ങളെയും തെറ്റിദ്ധരിപ്പിച്ചായിരുന്നു യാത്ര. ഐസിസ് റിക്രൂട്ട്‌മെന്റിനായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ഗ്രൂപ്പുകളിലൂടെയാണ് ഇയാള്‍ തീവ്രവാദാശയങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുകയും റിക്രൂട്ട് ചെയ്യപ്പെടുകയുമുണ്ടായത്. വിസിറ്റിംഗ് വിസയില്‍ ചെന്നൈ വഴി തുര്‍ക്കിയിലെ ഇസ്താംബൂളിലെത്തിയ ഹാജാ മൊയ്തീന്‍ പാക്കിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നുമുള്ളവര്‍ക്കൊപ്പം ഇറാഖിലെ ഐസിസ് നിയന്ത്രിത മേഖലയിലേക്ക് കടന്നു. തുടര്‍ന്ന് ഇയാള്‍ ഇവിടെ ഐസിസ് നടത്തുന്ന ശരീഅ കോഴ്‌സില്‍ ചേരുകയും അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിക്കുന്നതില്‍ പരിശീലനം നേടുകയും ചെയ്തു. ശേഷം മൊസൂളിലെ യുദ്ധഭൂമിയില്‍ സുരക്ഷാ ഭടനായി നിയുക്തനായി. രണ്ടാഴ്ചക്കാലം യുദ്ധഭൂമിയില്‍ പ്രവര്‍ത്തിച്ച ഹാജാ മൊയ്തീന്‍ പ്രതിദിന വേതനമായി 100 അമേരിക്കന്‍ ഡോളര്‍ ലഭിച്ചിരുന്നു. സൗജന്യ ഭക്ഷണവും താമസവും ലഭ്യമാക്കി.
എന്നാല്‍ യുദ്ധഭൂമിയിലെ അക്രമവും ദുരിതവും തന്റെ മനംമടുപ്പിച്ചെന്ന് ഹാജാ മൊയ്തീന്‍ എന്‍ ഐ എയുടെ ചോദ്യം ചെയ്യിലില്‍ വിശദീകരിച്ചു. കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ ഷെല്‍ ആക്രമണത്തില്‍ കണ്‍മുന്നില്‍ കൊല്ലപ്പെട്ടതോടെ ഐസിസ് വിടാന്‍ തീരുമാനിച്ചു. തീരുമാനം ബന്ധപ്പെട്ടവരെ അറിയിച്ചതോടെ ഹാജാ മൊയ്തീന്‍ ഐസിസിന്റെ തടങ്കലിലായി. കടുത്ത പീഢനങ്ങളാണ് അവിടെ ഇയാള്‍ക്ക് ഏല്‍ക്കേണ്ടി വന്നത്.
തുടര്‍ന്ന് ഐസിസ് ജഡ്ജി മുമ്പാകെ ഹാജരാക്കപ്പെട്ട ഇയാളെ സിറിയയിലെ റഖയില്‍ ജെയിലിലടച്ചു. പിന്നീട് അജ്ഞാതമായ കാരണത്താല്‍ ഐസിസ് ഉപേക്ഷിച്ച് പോകാന്‍ ഇയാള്‍ക്ക് അനുമതി ലഭിച്ചുവെന്ന് എന്‍ ഐ എ പറുയുന്നു. ഇറാഖിലെ ഐസിസ് നിയന്ത്രിത മേഖലയില്‍ നിന്ന് അഞ്ച് വിദേശികള്‍ക്കൊപ്പം തുര്‍ക്കിയിലെത്തിയ ഇയാള്‍ ഇസ്താംബൂളില്‍ രണ്ടാഴ്ചക്കാലം അനധികൃതമായി താമസിച്ചു. ഇന്ത്യയിലേക്ക് മടങ്ങുന്നതിന് സഹായം തേടി ഇസ്താംബൂളിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെത്തി. വീട്ടുകാരെ ഫോണില്‍ ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങാനുള്ള തീരുമാനം അറിയിച്ചു. വീട്ടുകാര്‍ വിമാനടിക്കറ്റിനുള്ള പണം അയച്ചുകൊടുത്തു. തുര്‍ക്കി പോലീസിന്റെ ക്ലിയറന്‍സ് ലഭിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് അനുവദിക്കുകയും കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 22ന് മുംബൈ വഴി നാട്ടില്‍ തിരിച്ചെത്തുകയുമായിരുന്നു. തിരുനെല്‍വേലിയിലെ കുടുംബ വീട്ടില്‍ ഭാര്യക്കൊപ്പം താമസമാക്കിയ ഹാജാ മൊയ്തീന്‍ കടയനല്ലൂരിലെ ഒരു സ്വര്‍ണക്കടയില്‍ സെയില്‍സ്മാനായി ജോലി ചെയ്തുവരികയായിരുന്നു. എന്നാല്‍ ഇതിനിടെ സോഷ്യല്‍ മീഡിയയിലെ ഐസിസ് ഗ്രൂപ്പുകളുമായി സമ്പര്‍ക്കത്തിലായ ഇയാള്‍ ഇവരുടെ നിര്‍ദേശ പ്രകാരം വിധ്വംസക പ്രവര്‍ത്തനത്തിനായി സ്‌ഫോടക വസ്തുക്കളും രാസവസ്തുക്കളും ശേഖരിക്കാന്‍ പദ്ധതിയിടുകയും ഇതിനായി ചെന്നൈയിലും കോയമ്പത്തൂരിലും സഞ്ചരിക്കുകയും ഗൂഢാലോചനയുടെ ഭാഗമായി പലരുമായി ചര്‍ച്ച നടത്തുകയും ചെയ്തുവെന്ന് എന്‍ ഐ എ പറയുന്നു.

Latest