കേരളത്തില്‍ ഇനി പരിസ്ഥിതി സാക്ഷരതാ യജ്ഞം

Posted on: October 6, 2016 6:08 am | Last updated: October 6, 2016 at 12:11 am

envtകണ്ണൂര്‍: മലയാളികളുടെ പരിസ്ഥിതി നിരക്ഷരത പരിഹരിക്കാന്‍ സംസ്ഥാന സാക്ഷരതാ മിഷന്‍ പരിസ്ഥിതി സാക്ഷരാതാ പ്രസ്ഥാനവമായി രംഗത്തെത്തുന്നു. നൂറ് ശതമാനം സാക്ഷരതയും പൂര്‍ണ ഇ സാക്ഷരതയും നേടുന്നതിനപ്പുറം പരിസ്ഥിതി സാക്ഷരതായാണ് ഏറ്റവും അനിവാര്യമെന്ന വിലയിരുത്തലിന്റെ ഭാഗമായാണ് സമ്പൂര്‍ണ പരിസ്ഥിതി സാക്ഷരതാ യജ്ഞത്തിന് തുടക്കമിടുന്നത്. പരിപാടിയുടെ ഭാഗമായി ആറ് മാസം നീണ്ടു നില്‍ക്കുന്ന പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് അടുത്ത മാസം തുടക്കമിടും. മുതിര്‍ന്നവര്‍, കുട്ടികള്‍ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളാണ് പരിസ്ഥിതി സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ നടത്തുക. കോളജുകള്‍, സ്‌കൂളുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് കുട്ടികള്‍ക്കുള്ള ബോധവത്കരണ- പരിശീലന പരിപാടികള്‍ തുടങ്ങുക. വീടുകള്‍, ഓഫീസുകള്‍, വായനശാലകള്‍, മറ്റു സന്നദ്ധ സംഘടനാ ഓഫീസുകള്‍ എന്നിവയിലൂന്നിയാണ് മുതിര്‍ന്നവര്‍ക്കുള്ള പരിപാടികള്‍ നടത്തുക. എല്ലാവിഭാഗം ആളുകളെയും പരിസ്ഥിതി സാക്ഷരരാക്കുന്നതിനുള്ള നടപടികളാണുണ്ടാക്കുക. മൗലികമായ പരിസ്ഥിതിബോധം സൃഷ്ടിക്കുക എന്നതിനപ്പുറം സന്തുലിതവും ശാസ്ത്രീയവുമായ പരിസ്ഥിതി ബോധമുണ്ടാക്കുക എന്നതാണ് ലക്ഷ്യം. പ്രത്യേക പരീശീലനം നല്‍കുന്ന പ്രേരക്മാര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കുമാണ് പരിസ്ഥിതിസാക്ഷരതാപ്രവര്‍ത്തനങ്ങളുടെ ചുമതല നല്‍കുക.
ആറ് മാസം നീണ്ട് നില്‍ക്കുന്ന പരിശോധനാ പ്രവര്‍ത്തനങ്ങളാണ് തുടക്കത്തില്‍ നടത്തുകയെന്ന് സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ പി എസ് ശ്രീകല പറഞ്ഞു. മലയാളിയുടെ പരിസ്ഥിതി ബോധം അളക്കുന്നതിനുള്ള നിര്‍ദ്ദിഷ്ടഫോറം ഉപയോഗിച്ചു നടത്തുന്ന പരിശോധനയാണ് പ്രാഥമിക സര്‍വെയില്‍ നടത്തുക. ഇതിനു ശേഷമാണ് സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ നടത്തുക.
വര്‍ത്തമാനകാല ദുരന്തങ്ങളില്‍ നിന്ന് മോചനം നേടുവാനുള്ള ബഹുജന പരിപാടി കൂടിയായി പരിസ്ഥിതി സാക്ഷരതായജ്ഞം മാറ്റാമാണ് ലക്ഷ്യമിടുന്നത്. ആവാസവ്യവസ്ഥയെ സംരക്ഷിക്കുവാനുള്ള ബോധമാണ് ആദ്യമായി പരിസ്ഥിതി സാക്ഷരതയിലൂടെ നല്‍കുക. പരിസ്ഥിതി സന്തുലനത്തെ തെറ്റിക്കുവാന്‍ ശ്രമിക്കുന്ന ഭൂമിയിലെ ഏക വിഭാഗം മനുഷ്യന്‍ മാത്രമാണെന്നാണ് നിരീക്ഷക വിശ്വാസം.
ഈ ശാസ്ത്രബോധമില്ലാതെ മനുഷ്യന്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഫലമായാണ് കാലാവസ്ഥാവ്യതിയാനവും കാര്‍ഷിക തകര്‍ച്ചയും മാരകരോഗങ്ങളുടെ വളര്‍ച്ചയുമെല്ലാമുണ്ടാകുന്നത്. ഈ കാര്യത്തില്‍ ഏറ്റവും ഗുരുതരമായ അവസ്ഥയിലാണ് സംസ്ഥാനമെന്നാണ് വിലയിരുത്തല്‍. കാലാവസ്ഥ വ്യതിയാനം കാര്‍ഷികരംഗത്ത് ഏറ്റവും പ്രതികൂലമായി ബാധിച്ച പ്രദേശമാണ് കേരളം. ഭക്ഷണശീലങ്ങളിലും ജീവിതശൈലിയിലും വലിയ മാറ്റമുണ്ടായതോടെ രോഗാതുരതയില്‍ സംസ്ഥാനം വളരെ മുന്നിലായിരിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.
നേരത്തെ കൈവരിച്ച അത്ഭുത നേട്ടങ്ങളെല്ലാം നഷ്ടപ്പെടുമോ എന്ന ഭീഷണിയില്‍ നിന്നുള്ള മോചനത്തിനുള്ള വഴികൂടിയാണ്് പരിസ്ഥിതി സാക്ഷരതയെന്നാണ് വിലയിരുത്തല്‍.കേരളത്തില്‍ ചുറ്റുപാടിന്റെ ശാസ്ത്രീയതയെക്കുറിച്ചുള്ള ശാസ്ത്രാവബോധത്തില്‍നിന്നു തുടങ്ങുമ്പോള്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാമെന്ന് സര്‍ക്കാര്‍ കരുതുന്നതെന്ന് വിദ്യാഭ്യാസ മന്ത്രിയും നേരത്തെ സാക്ഷ്യപ്പെടുത്തിയിരുന്നു.പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നതും പ്ലാസ്റ്റിക് ക്യാരിബാഗുകളും ബോട്ടിലുകളും മറ്റും അലക്ഷ്യമായി വലിച്ചെറിയുന്നതും നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും നമ്മുടെ നാട്ടില്‍ അത് നിര്‍ബോധം തുടരുകയാണ്.എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളിലും മറ്റും ഇത്തരം കാര്യങ്ങളില്‍ കര്‍ശന നിയന്ത്രണമുണ്ട്.ജനങ്ങളുടെ പരിസ്ഥിതി സാക്ഷരതായാണ് അതിനുള്ള പ്രധാനകാരണങ്ങളിലൊന്ന്.ഇത്തരെ കാര്യങ്ങളൊക്കെയും പരിസ്ഥിതി സാക്ഷരതാ പഠനത്തിന്റെ ഭാഗമാകും.