Connect with us

National

കലബുറഗി റാഗിംഗ്: വാദം 22ന് തുടങ്ങും

Published

|

Last Updated

ബെംഗളൂരു: കേരള മന:സാക്ഷിയെ ഞെട്ടിച്ച കര്‍ണാടകയിലെ കലബുറഗി റാഗിംഗ് കേസിന്റെ വാദം ഈ മാസം 22ന് തുടങ്ങും. കലബുറഗി നഴ്‌സിംഗ് കോളേജിലെ വിദ്യാര്‍ഥിനി മലപ്പുറം എടപ്പാള്‍ സ്വദേശിനിയായ അശ്വതി (19)യാണ് റാഗിംഗിനിരയായത്. നാല് മലയാളി വിദ്യാര്‍ഥികളുള്‍പ്പെടെ ആറു പേരെ പ്രതികളാക്കി പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞയാഴ്ച കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. മലയാളി വിദ്യാര്‍ഥികളായ ലക്ഷ്മി, ആതിര, കൃഷ്ണപ്രിയ, ശില്പ എന്നിവരെയും ഹോസ്റ്റല്‍ വാര്‍ഡന്‍ റെയ്‌സ ബീഗം, കോളജ് മേധാവി എസ്തര്‍ എന്നിവരെയും പ്രതി ചേര്‍ത്ത് പ്രത്യേക അന്വേഷണ സംഘമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
ഇവര്‍ക്കെതിരെ ദളിത് പീഡനം, വധ ശ്രമം, റാഗിംഗ് വിരുദ്ധ നിയമം എന്നിങ്ങനെയുള്ള വകുപ്പുകള്‍ക്കാണ് കേസെടുത്തിരിക്കുന്നത്. കേസിലെ രണ്ട് പ്രതികള്‍ക്ക് കൂടി കോടതി ജാമ്യം അനുവദിച്ചു. ഒന്നാം പ്രതി ആതിര, രണ്ടാം പ്രതി ലക്ഷ്മി എന്നിവര്‍ക്കാണ് കലബൂറഗി അഡീഷനല്‍ സെഷന്‍സ് കോടതി (രണ്ട്) ജാമ്യം അനുവദിച്ചത്. മറ്റൊരു പ്രതിയായ കൃഷ്ണപ്രിയക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. നാലാം പ്ര്രതിയായ ശില്‍പ്പ ജോസ് ഇപ്പോഴും ഒളിവിലാണ്. കലബുറഗിയിലെ അല്‍- ഖമാര്‍ നഴ്‌സിംഗ് കോളജിന്റെ ഹോസ്റ്റല്‍ മുറിയില്‍ റാഗിംഗ് നടന്നുവെന്നാണ് കേസ്. നാലുപേരും ചേര്‍ന്ന് അശ്വതിയെ റാഗ് ചെയ്ത ശേഷം നിര്‍ബന്ധപൂര്‍വം ടോയ്‌ലറ്റ് ക്ലീനര്‍ കുടിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. കലബുറഗി എസ് പി ശശികുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ച പ്രത്യേക സംഘം ആതിര, ലക്ഷ്മി, കൃഷ്ണ പ്രിയ എന്നിവരെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് മാസം കൊണ്ടാണ് പ്രത്യേക സംഘം അന്വേഷണം പൂര്‍ത്തിയാക്കിയത്.
കലബുറഗിയിലെ അല്‍ഖമാര്‍ നഴ്‌സിംഗ് കോളജ് ഹോസ്റ്റലില്‍ മെയ് ഒമ്പതിനാണ് സമൂഹ മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. റാഗിംഗിന് ശേഷം നാല് പ്രതികളും അശ്വതിയെക്കൊണ്ട് ടോയ്‌ലറ്റ് ക്ലീനര്‍ കുടിപ്പിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് അന്നനാളം പൊള്ളിയ അശ്വതി കലബുരഗി സ്വകാര്യ ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയിലും ചികിത്സ തേടിയിരുന്നു. യുവതിയുടെ മൊഴിയനുസരിച്ച് പ്രതികള്‍ക്കെതിരെ മെഡിക്കല്‍ കോളജ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് കലബുറഗി പോലീസിന് കൈമാറുകയായിരുന്നു.
നിര്‍ധന കുടുംബത്തിലെ പെണ്‍കുട്ടി കഴിഞ്ഞ ഡിസംബറിലാണ് ഗുല്‍ബര്‍ഗ അല്‍ ഖമാര്‍ നഴ്‌സിംഗ് കോളജില്‍ ബി എഎസ് സി നഴ്‌സിംഗിനു ചേര്‍ന്നത്. അന്നു മുതല്‍ സീനിയര്‍ വിദ്യാര്‍ഥിനികള്‍ തന്നെ ഉപദ്രവിക്കുമായിരുന്നെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നു.മലയാളികളായ സീനിയര്‍ വിദ്യാര്‍ഥികള്‍ നിര്‍ബന്ധപൂര്‍വം ലോഷന്‍ കുടിപ്പിക്കുകയായിരുന്നുവെന്ന് ആരോപിച്ച് ബന്ധുക്കളും രംഗത്തെത്തിയിരുന്നു.
അതേസമയം, അശ്വതിയെ റാഗ് ചെയ്തുവെന്ന ആരോപണത്തെ സംബന്ധിച്ച് അന്വേഷിക്കാനായി രാജീവ് ഗാന്ധി യൂനിവേഴ്‌സിറ്റി നിയോഗിച്ച രണ്ടംഗ സമിതി അശ്വതി ആത്മഹത്യക്ക് ശ്രമിച്ചതാണെന്ന് കാണിച്ച് അധികൃതര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് വലിയ വിമര്‍ശനങ്ങള്‍ക്കാണ് ഇടയാക്കിയിരുന്നത്. കോളജ് മാനേജ്‌മെന്റിന്റെ ഭാഷ്യത്തെ മാത്രം അടിസ്ഥാനപ്പെടുത്തി കോളജിന് ക്ലീന്‍ ചിറ്റ് നല്‍കിയതിനെ സംബന്ധിച്ച് ചോദിച്ചപ്പോള്‍ പോലീസ് കേസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഒരാഴ്ച മുമ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തെ അടിസ്ഥാനപ്പെടുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ കെ എസ് രവീന്ദ്രനാഥിന്റെ പ്രതികരണം.

 

Latest