നൂറിലധികം പാക് ഭീകരര്‍ നിയന്ത്രണ രേഖ കടക്കാന്‍ തയ്യാറെടുക്കുന്നുവെന്ന് ഇന്റലിജന്‍സ്

Posted on: October 5, 2016 8:10 pm | Last updated: October 6, 2016 at 8:45 am

ajith-dovel-with-modiന്യൂഡല്‍ഹി: നിയന്ത്രണരേഖ കടന്ന് നൂറിലധികം പാക് ഭീകരര്‍ ഇന്ത്യയിലേക്ക് കടക്കാന്‍ തയ്യാറെടുക്കുന്നതായി ഇന്റലിജന്‍സ് മുന്നറിയിപ്പ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അറിയിച്ചു. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള മന്ത്രിതല സമിതിയുടെ യോഗത്തിലാണ് ഡോവല്‍ ഇക്കാര്യം അറിയിച്ചത്.

ഇന്ത്യ നടത്തിയ മിന്നല്‍ ആക്രമണത്തിന് ശേഷവും ഭീകരര്‍ക്ക് പാക് സൈന്യം സംരക്ഷണം നല്‍കുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. ഭീകരരുടെ പന്ത്രണ്ടിലധികം ലോഞ്ച് പാഡുകള്‍ തിരിച്ചറിഞ്ഞതായി അജിത് ഡോവല്‍ പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.

ബുധനാഴ്ച രാവിലെയായിരുന്നു മന്ത്രിതല സമിതി യോഗം. സര്‍ജിക്കല്‍ അറ്റാക്കിന് ശേഷം ഇത് രണ്ടാം തവണയാണ് സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള മന്ത്രിതല സമിതി യോഗം ചേരുന്നത്.