അലപ്പോയില്‍ റഷ്യ തീപ്പിടിത്തമുണ്ടാക്കുന്ന ആയുധങ്ങള്‍ ഉപയോഗിച്ചു: യു എന്‍

Posted on: October 5, 2016 6:00 am | Last updated: October 5, 2016 at 12:33 am

യു എന്‍: സിറിയയിലെ കിഴക്കന്‍ അലപ്പോയില്‍ റഷ്യ തീപ്പിടുത്തമുണ്ടാക്കുന്ന ആയുധങ്ങള്‍ പ്രയോഗിച്ചുവെന്ന ആരോപണവുമായി യു എന്നിന്റെ മനുഷ്യാവകാശ വിഭാഗം ഹൈക്കമ്മീഷണര്‍ സീദ് റ ആദ് അല്‍ ഹുസൈന്‍.
ഒരു വിഭാഗം ചെയ്യുന്ന കുറ്റകൃത്യങ്ങളെ മറ്റൊരു വിഭാഗത്തിന്റെ നിയമവിരുദ്ധ നടപടികള്‍ക്കൊണ്ട് നീതികരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെടുകയും റഷ്യന്‍ പിന്തുണയോടെ അലപ്പോ തിരിച്ചുപിടിക്കുമെന്ന് സിറിയന്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തതു മുതല്‍ നടന്ന വ്യോമാക്രമണങ്ങളില്‍ നൂറ് കണക്കിന് സാധാരണക്കാരാണ് കൊല്ലപ്പെടുകയോ പരുക്കേല്‍ക്കുകയോ ചെയ്തത്. ആശുപത്രികള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായി നടക്കുന്ന ആക്രമണങ്ങളെ അന്താരാഷ്ട്ര സമൂഹം അപലപിച്ചിട്ടുണ്ട്. ഇത്തരം ആക്രമണങ്ങള്‍ യുദ്ധക്കുറ്റമാണെന്നും ആരോപിച്ചിരുന്നു. സിറിയയിലെ സ്ഥിതിഗതികള്‍ അന്താരാഷ്ട്ര കോടതിക്ക് മുന്നിലെത്തിക്കാന്‍ യു എന്‍ ഘടകത്തിന് കഴിയും വിധം സുരക്ഷാ കൗണ്‍സിലിലെ സ്ഥിരാംഗങ്ങളുടെ വീറ്റൊ അധികാരം നിയന്ത്രിക്കുന്നതടക്കമുള്ള പുതിയ തുടക്കങ്ങള്‍ ആവശ്യമാണെന്നും സീദ് പറഞ്ഞു. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ അനുശാസിക്കും വിധം മെഡിക്കല്‍ യൂനിറ്റ്, സന്നദ്ധ പ്രവര്‍ത്തകര്‍, ജലവിതരണം എന്നിങ്ങനെയുള്ള പ്രത്യേക സുരക്ഷാ മാര്‍ഗങ്ങള്‍ അവലംബിച്ച ശേഷം മാത്രമേ സിറിയന്‍ സര്‍ക്കാറും സഖ്യകക്ഷികളും ഒരേ രീതിയിലുള്ള ആക്രമണം നടത്താവൂവെന്നും അദ്ദേഹം പറഞ്ഞു. സെപ്തംബര്‍ 23നും ഒക്‌ടോബര്‍ രണ്ടിനുമിടക്ക് 106 കുട്ടികള്‍ ഉള്‍പ്പെടെ 342 പേര്‍ കിഴക്കന്‍ അലപ്പൊയില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനാ വക്താവ് ഫദില ചൈബിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാലയളവില്‍ 261 കുട്ടികള്‍ ഉള്‍പ്പെടെ 1,129 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 2012ല്‍ പോരാട്ടം തുടങ്ങിയത് മുതല്‍ അലപ്പോയുടെ കിഴക്ക് ഭാഗം വിമത സേനയും പടിഞ്ഞാറന്‍ ഭാഗം സര്‍ക്കാര്‍ സേനയുടേയും നിയന്ത്രണത്തിലാണ്. പ്രസിഡന്റ് ബശര്‍ അല്‍ അസദിനെ പിന്തുണച്ച് സിറിയന്‍ വിമതര്‍ക്കെതിരെ പോരാടുന്ന റഷ്യന്‍ വ്യോമസേന ജനവാസ മേഖലകളില്‍ വിവേചനമില്ലാതെ മാരകായുധങ്ങള്‍ പ്രയോഗിക്കുകയാണെന്ന് സീദ് കുറ്റപ്പെടുത്തി.