ദേവസ്വം ബോര്‍ഡിലെ അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കില്ല

Posted on: October 5, 2016 12:18 am | Last updated: October 5, 2016 at 12:18 am

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിലെ അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ദേവസ്വം ബോര്‍ഡില്‍ നിയമനങ്ങളിലടക്കം സര്‍വത്ര അഴിമതിയാണ്. അഴിമതി നടത്തുന്ന ചില ഉദ്യോഗസ്ഥരെ സംബന്ധിച്ചുള്ള വിവരം ലഭിച്ചിട്ടുണ്ട്. അംഗങ്ങളുടെ എണ്ണം കൂടിയാല്‍ അഴിമതി കൂടുമെന്നല്ലാതെ പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല. അതേസമയം, എണ്ണത്തില്‍ കുറവായ ഹൈന്ദവ സമുദായങ്ങള്‍ക്ക് ബോര്‍ഡില്‍ പ്രാതിനിധ്യമില്ലെന്ന പരാതി ശ്രദ്ധയില്‍പ്പെപ്പട്ടിട്ടുണ്ട്. ഇക്കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നടന്ന കോടികളുടെ സാമ്പത്തിക ക്രമക്കേടു തടയാന്‍ ബോര്‍ഡ് ഒന്നും ചെയ്തില്ല. ബോര്‍ഡ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പണാപഹരണവും സ്വജനപക്ഷപാതവും ഉള്‍പ്പെടെ കൊടിയ അഴിമതിയാണ് നടന്നത്. ഇതു സംബന്ധിച്ചു ദേവസ്വം വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടും ബോര്‍ഡ് അവഗണിച്ചു. ഉന്നത രാഷ്ട്രീയ ബന്ധമാണ്‌ദേവസ്വം സെക്രട്ടറിക്കുള്ളത്. ഒരു ഉന്നതനായ രാഷ്ട്രീയ നേതാവിന്റെ ബന്ധുകൂടിയാണ് സെക്രട്ടറി. എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ദേവസ്വം സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന അഴിമതികള്‍ വിജിലന്‍സിനു കൈമാറി.
പമ്പയിലെ സ്വിവറേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് പ്രവര്‍ത്തനക്ഷമമാക്കാത്തത് സംബന്ധിച്ചുള്ള ആക്ഷേപങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കും.
ആചാര അനുഷ്ടാനങ്ങളുടെ ഭാഗമായി പമ്പാ നദിയില്‍ തുണിവലിച്ചെറിയുന്നത് അവസാനിപ്പിക്കും. ശബരിമലയിലെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയിട്ടുണ്ട്. മൃഗസംരക്ഷണം, വനസംരക്ഷണം എന്നിവയ്ക്ക് പ്രത്യേക പരിഗണന നല്‍കുന്ന പ്ലാനാണ്. ശബരിമല വികസനത്തിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ പമ്പയില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനങ്ങള്‍ നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഉടന്‍ ഉന്നതതല യോഗം ചേരും. ദേവസ്വംബോര്‍ഡിനു കീഴിലെ ക്ഷേത്രങ്ങളിലും ഇതരമതവിഭാഗങ്ങളിലെ ആരാധനാലയങ്ങളിലും ഒരു തരത്തിലുള്ള കായിക പരിശീലനവും അനുവദിക്കില്ല. ക്ഷേത്രങ്ങളിലെ വരുമാനം സര്‍ക്കാര്‍ കവര്‍ന്നെടുക്കുന്നുവെന്നുള്ള പ്രചാരണം വാസ്തവവിരുദ്ധമാണ്. ക്ഷേത്രങ്ങളുടെ നവീകരണത്തിനായി സര്‍ക്കാര്‍ കോടികളാണ് ചിലവഴിക്കുന്നത്. ശബരിമല വികസനത്തിന് 150 കോടി അനുവദിച്ചുകഴിഞ്ഞു. കുളങ്ങളുടെയും കാവുകളുടെയും സംരക്ഷണത്തിന് സര്‍ക്കാര്‍ അങ്ങോട്ട് പണം നല്‍കുകയാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഗുരുവായൂര്‍ ക്യൂ കോംപ്ലക്‌സ് നിര്‍മാണത്തിനു പിന്നിലെ തിരിമറികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അഞ്ച്്് കോടിക്ക് ക്യു കോംപ്ലക്‌സ് പണിയാമെന്നിരിക്കെ 65 ഉം 125 ഉം കോടി രൂപയ്ക്കു കോണ്‍ക്രീറ്റ് കാടുകള്‍ പണിയാനാണ് ഭരണസമിതി ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ സജീവ ഇടപെടലുകള്‍ ഉണ്ടാകും. ശബരിമലയിലെ മകരവിളക്ക് തെളിയിക്കാനുള്ള മലയരയരുടെ അവകാശവാദം സര്‍ക്കാര്‍ പരിശോധിക്കും. മലയരയരെ ഒഴിവാക്കപ്പെട്ട സാഹചര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടട്ടിട്ടില്ല ഇക്കാര്യം പരിശോധിച്ച് വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. ആര്‍ രാജേഷ്, കെ സുരേഷ്‌കുറുപ്പ്, ഡി കെ. മുരളി, ഐഷാപോറ്റി, പിസി ജോര്‍ജ് എന്നിവരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു മന്ത്രി.