കൗമാരക്കാരി ആടുജീവിതം നയിച്ചത് ഏഴ് വര്‍ഷം

Posted on: October 4, 2016 9:26 pm | Last updated: October 4, 2016 at 9:26 pm

ദോഹ: ആരോരുമില്ലാത്ത ചുട്ടുപൊള്ളുന്ന മരുഭൂമി. വൈദ്യുതിയും ആവശ്യത്തിന് വെള്ളവും ഭക്ഷണവും ഇല്ല. ഇരുട്ട് വീഴുമ്പോള്‍ ഇഴഞ്ഞെത്തുന്ന തേളുകളും പാമ്പുകളും. മുതിര്‍ന്നവര്‍ പോലും ഭയപ്പെടുന്ന ഇത്തരമൊരു സാഹചര്യത്തില്‍ കൗമാര കാലത്ത് സൈനുല്‍ അറബിയ എന്ന തഞ്ചാവൂര്‍കാരി കഴിച്ചു കൂട്ടിയത് ഏഴ് കൊല്ലം. കൂട്ടുകാരോടൊത്ത് കളിച്ചു നടക്കേണ്ട പതിമൂന്നാം വയസില്‍ വിവാഹം കഴിഞ്ഞ അറബിയ 16 ാം വയസിലാണ് ഖത്വറിലെത്തിയത്. കുഷ്ഠരോഗിയായ ഉമ്മക്കും രണ്ടു സഹോദരിമാര്‍ക്കും നല്ല ജീവിതം നല്‍കാനാണ് മൂന്നു പെണ്‍കുഞ്ഞുങ്ങളെ അനാഥാലയത്തില്‍ ഏല്‍പ്പിച്ച് അറബിയ വിമാനം കയറിയത്. അറബി വീട്ടില്‍ ജോലിക്കെന്നു പറഞ്ഞാണ് നാട്ടുകാരനായ ഒരാള്‍ വിസ തരപ്പെടുത്തി കൊടുത്തതെന്ന് ഈ സ്ത്രീ കണ്ണീരോടെ ഓര്‍ക്കുന്നു.
പുരുഷന്മാരുടെ ആട് ജീവിതം കേട്ട് പരിചയമുള്ള പ്രവാസികള്‍ക്ക് സൈനുല്‍ അറബിയയെ പോലുള്ള ഇടയ ബാലികയുടെ കഥ അമ്പരപ്പ് സൃഷ്ടിക്കുന്നതായിരുന്നു. നൂറ് ഒട്ടകങ്ങളും 150 ആടുകളുമുള്ള ഫാമില്‍ ഒറ്റക്ക് ഒരു ടെന്റില്‍. ആറ് മണി കഴിഞ്ഞാല്‍ വെളിച്ചമില്ല. വൈകുന്നേരങ്ങളില്‍ സ്‌പോണ്‍സറുടെ മക്കള്‍ എത്തും. നമസ്‌കാരം കഴിയുന്നതുവരെ അവരുടെ വാഹനത്തിന്റെ വെളിച്ചമുണ്ടാവും. അതു കഴിഞ്ഞാല്‍ ബാറ്ററി തീരുമെന്ന് പറഞ്ഞ് അത് ഓഫാക്കി അവര്‍ അവരുടെ ടെന്റുകളിലേക്കു മടങ്ങും. പിന്നെ പൂര്‍ണമായ ഇരുട്ടില്‍ ഷീറ്റ് കൊണ്ട് കെട്ടിയ ടെന്റില്‍ 16 കാരിയായ അറബിയ തനിച്ച്. രാത്രി വൈകുമ്പോള്‍ തേളുകളും പാമ്പുകളുമൊക്കെ ഇഴഞ്ഞെത്തും. ഒരു തവണ മരുഭൂമിയിലെ കടുത്ത വിഷമുള്ള തേള്‍ കടിച്ചു. ആശുപത്രിയില്‍ പോലും പോകാനാവാതെ ദിവസങ്ങളാണ് വേദന സഹിച്ചു കഴിഞ്ഞു കൂടിയത്.
ഒട്ടകങ്ങളെയും ആടുകളെയും മേയ്ക്കലും പരിപാലിക്കലുമായിരുന്നു ജോലി. കൃത്യമായി ഭക്ഷണം ലഭിക്കാത്തതിനാല്‍ പലപ്പോഴും ഒട്ടകത്തീറ്റ കൊണ്ട് വിശപ്പടക്കിയിട്ടുണ്ടെന്ന് പറയുമ്പോള്‍ അറബിയക്ക് കണ്ണീരടക്കാനാവുന്നില്ല. വെള്ളം ആര്‍ഭാടമായതിനാല്‍ ആഴ്ചയിലൊരിക്കലാണ് കുളി. അപ്പോഴേക്കും ശരീരമാകെ ചെളിപുരണ്ട് കറുത്തിരുണ്ടിട്ടുണ്ടാവും. ഇടക്ക് വിസ പുതുക്കാന്‍ നഗരത്തില്‍ വരുമ്പോഴാണ് പുറം ലോകം കാണുന്നത്. ആ സമയത്താണ് അവസരം കിട്ടിയാല്‍ നാട്ടിലേക്കു വിളിക്കുന്നതും. കുടുംബത്തെ വിഷമിപ്പിക്കേണ്ടെന്ന് കരുതി തന്റെ ദുരിതങ്ങളൊന്നും അവരോടു പറഞ്ഞിരുന്നില്ല. നാടുമായി അധികം ബന്ധപ്പെടാന്‍ കഴിയാത്തതിനാല്‍ അതിനിടെ ഭര്‍ത്താവ് ഉപേക്ഷിച്ച് പോയി. താന്‍ ഇവിടെ ആരുടെയോ കൂടെ കഴിയുകയായിരിക്കും എന്ന സംശയമായിരുന്നു ഭര്‍ത്താവിനെന്ന് പറയുമ്പോള്‍ അവരുടെ നെഞ്ച് പൊട്ടി. നീണ്ട ഏഴ് വര്‍ഷത്തെ ദുരിതജീവിതത്തിനു ശേഷം ഒരു തവണ നാട്ടില്‍ പോയി തിരിച്ചെത്തിയ അറബിയ വീണ്ടും ഇതേ ജോലിയില്‍ തന്നെ കുറച്ചു കാലം കൂടി തുടര്‍ന്നെങ്കിലും പീഡനം സഹിക്കവയ്യാതെ ഒളിച്ചോടി ദോഹയില്‍ എത്തുകയായിരുന്നു. വിസ മാറ്റാന്‍ നഗരത്തിലെത്തിയപ്പോഴാണ് രക്ഷപ്പെട്ടത്.
പിന്നീടുള്ള നീണ്ട ഒമ്പതു വര്‍ഷങ്ങള്‍ അനധികൃത താമസക്കാരിയെന്ന ലേബലില്‍ പല വീടുകളിലായി ജോലി ചെയ്താണ് ജീവിതം പുലര്‍ത്തിയത്. നാല് വര്‍ഷത്തോളം ജോലി ചെയ്ത് കിട്ടിയ 7000 റിയാല്‍ നാട്ടിലേക്ക് അയക്കാന്‍ ഒരു മലയാളിയെ ഏല്‍പ്പിച്ചിരുന്നു. കുട്ടികളുടെ പഠനത്തിനും മറ്റുമുള്ള തുകയായിരുന്നു അത്. മലപ്പുറം സ്വദേശിയായ അയാള്‍ അതും കൊണ്ട് മുങ്ങി. രണ്ട് പെണ്‍മക്കള്‍ക്ക് വിവാഹപ്രായമായി. ആകെയുള്ളത് ചെറുമഴയില്‍ പോലും ചോര്‍ന്നൊലിക്കുന്ന വീടാണ്. വീട് നോക്കിയിരുന്ന മൂത്ത സഹോദരിയുടെ രണ്ട് കിഡ്‌നിയും തകാരാറിലായി. ഉമ്മയുടെ കാലിന് ശസ്ത്രക്രിയ നടത്തണം. ഇത്രയും വലിയ ഭാരം മുന്നില്‍ നില്‍ക്കേ നാട്ടിലെത്തി എന്തു ചെയ്യുമെന്ന ചോദ്യത്തിന് ഒരു പൊട്ടിക്കരച്ചില്‍ മാത്രമായിരുന്നു മറുപടി.
ഖത്വര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം വനിതാ ഹെല്‍പ് ഡസ്‌കിന്റെ സഹായം തേടിയെത്തിയ സൈനുല്‍ അറബിയക്ക് പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ ഇല്ലാത്തതിനാല്‍ അത് ശരിയാക്കിയെടുക്കാനുള്ള ശ്രമത്തിലാണ് പ്രവര്‍ത്തകര്‍. തഞ്ചാവൂര്‍ ജില്ലയിലെ സമ്പപ്പെട്ടിയിലുള്ള അറബിയയുടെ നാട്ടില്‍ സഹപ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് വീടിനും മറ്റുമുള്ള സഹായങ്ങള്‍ ചെയ്യാനും ശ്രമങ്ങള്‍ പുരോഗമിക്കുന്നുണ്ടെന്ന് സോഷ്യല്‍ ഫോറം ഹെല്‍പ് ഡസ്‌കിന്റെ ചുമതലയുള്ള മൊയ്‌നുദ്ദീന്‍ മുതുവടത്തൂര്‍ പറഞ്ഞു. ഹെല്‍പ്പ് ഡസ്‌കിന്റെ സഹായം ആവശ്യമുള്ളവര്‍ക്ക് 70516482 എന്ന നമ്പറിലും വനിതാ ഹെല്‍പ്പ് ഡസ്‌കിന്റെ സേവനത്തിന് 33688941 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

ക്വാളിറ്റി ഗ്രൂപ്പിന്റെ സഹായം
ദോഹ: മരുഭൂമിയില്‍ വര്‍ഷങ്ങളോളം ആടുജീവിതം നയിക്കേണ്ടി വന്ന തമിഴ്‌നാട് തഞ്ചാവൂരുകാരി സൈനുല്‍ അറബിയക്ക് സഹായവുമായി ക്വാളിറ്റി ഗ്രൂപ്പ് ഇന്റര്‍നാഷനല്‍. പൊതുമാപ്പിന്റെ ആനുകൂല്യത്തില്‍ നാട്ടിലേക്ക് മടങ്ങുന്ന സൈനുല്‍ അറബിയക്ക് വിമാന ടിക്കറ്റും സാമ്പത്തിക സഹായവും നല്‍കുമെന്ന് ക്വാളിറ്റി ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ ശംസുദ്ദീന്‍ ഒളകര അറിയിച്ചു. നാട്ടിലേക്ക് മടങ്ങുന്നത് വരെ ഖത്വറില്‍ തങ്ങുന്നതിന് ആവശ്യമായ സഹായങ്ങള്‍ കമ്പനി പ്രതിനിധി കഴിഞ്ഞ ദിവസം സൈനുല്‍ അറബിയക്ക് കൈമാറി. കമ്പനിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടില്‍ നിന്നും സൈനുല്‍ അറബിയക്ക് നാട്ടിലേക്ക് മടങ്ങാനുള്ള സഹായങ്ങള്‍ ഉടന്‍ ലഭ്യമാക്കുമെന്ന് ക്വാളിറ്റി ഗ്രൂപ്പ് ഇന്റര്‍നാഷനല്‍ മാനേജ്‌മെന്റ് അറിയിച്ചു.