ദുരഭിമാനം വെടിഞ്ഞ് നിരാഹാര സമരം അവസാനിപ്പിക്കാന്‍ പ്രതിപക്ഷം തയ്യാറാകണമെന്ന് കോടിയേരി ബാലകൃഷ്ണന്‍

Posted on: October 4, 2016 7:21 pm | Last updated: October 4, 2016 at 10:31 pm

KODIYERIതിരുവനന്തപുരം: ദുരഭിമാനം വെടിഞ്ഞ് നിരാഹാര സമരം അവസാനിപ്പിക്കാന്‍ പ്രതിപക്ഷം തയ്യാറാകണമെന്ന് സിപിഎം
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശനത്തിന്റെ പേരില്‍ വിദ്യാഭ്യാസ സമരമല്ല, രാഷ്ട്രീയ സമരമാണ് യുഡിഎഫ് നടത്തുന്നത്. ഈ സമരത്തില്‍ വിദ്യാര്‍ഥികളില്ല. കോണ്‍ഗ്രസ് നേതാക്കളാണ് സമരത്തിന് ആഹ്വാനം ചെയ്യുന്നത്. ഇതൊക്കെ ശരിയാണോ എന്ന ആത്മപരിശോധന നടത്തി സമരം അവസാനിപ്പിക്കാന്‍ പ്രതിപക്ഷം തയ്യാറാവണമെന്നും കോടിയേരി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം………..
ദുരഭിമാനം വെടിഞ്ഞ് നിരാഹാര സമരം അവസാനിപ്പിക്കാന്‍ പ്രതിപക്ഷം തയ്യാറാകണം. സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശനത്തിന്റെ പേരില്‍ വിദ്യാഭ്യാസ സമരമല്ല, രാഷ്ട്രീയ സമരമാണ് യുഡിഎഫ് നടത്തുന്നത്. ഈ സമരത്തില്‍ വിദ്യാര്‍ഥികളില്ല. കോണ്‍ഗ്രസ് നേതാക്കളാണ് സമരത്തിന് ആഹ്വാനം ചെയ്യുന്നത്. ഇതൊക്കെ ശരിയാണോ എന്ന ആത്മപരിശോധന നടത്തി സമരം അവസാനിപ്പിക്കാന്‍ പ്രതിപക്ഷം തയ്യാറാവണം.
യുഡിഎഫ് ശിഥിലമായി കിടക്കുന്നു. ഒരു ഘടകകക്ഷിയായ മാണി വിഭാഗം പ്രത്യേക ബ്‌ളോക്ക് ആയി നില്‍ക്കുന്നു.യുഡിഎഫ് മന്ത്രിമാര്‍ നടത്തിയ അഴിമതികളില്‍ ശക്തമായ അന്വേഷണം നടക്കുന്നു. എല്‍ഡിഎഫ് നേതൃത്വത്തില്‍ സുശക്തമായ ഭരണം നടക്കുന്നു. ഇത്തരം കാര്യങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനും ഇതൊക്കെ നിയമസഭയില്‍ ചര്‍ച്ചയ്ക്ക് വരാതിരിക്കാനുള്ള തന്ത്രമാണ് യു ഡി എഫിന്റേത്.
സ്വാശ്രയ കരാറിലൂടെ കുറഞ്ഞ ഫീസില്‍ കൂടുതല്‍ കുട്ടികള്‍ക്ക് പഠിക്കാനുള്ള അവസരമാണ് സര്‍ക്കാര്‍ ഉണ്ടാക്കിയത്. തലവരിക്കെതിരെ കര്‍ശന നിലപാട് സ്വീകരിച്ചു. വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. അത് പോര, െ്രെകംബ്രാഞ്ച് അന്വേഷണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടപ്പോള്‍ അതും പ്രഖ്യാപിച്ചു. ക്രമക്കേട് നടത്തിയ രണ്ട് കോളേജുകളുടെ പ്രവേശനം റദ്ദാക്കി. ഇത്രയും ശക്തമായ നിലപാട് എടുത്തതുകൊണ്ട് തന്നെ സമരത്തില്‍ വിദ്യാര്‍ഥികളില്ല. വിദ്യാര്‍ഥികള്‍ക്കോ രക്ഷിതാക്കള്‍ക്കോ പൊതുസമൂഹത്തിനോ വേണ്ടാത്ത സമരമായി മാറി.
മാനേജ്‌മെന്റുകള്‍ ഫീസ് കുറക്കാന്‍ തയ്യാറാണെന്ന് പ്രതിപക്ഷ നേതാവും മുന്‍മുഖ്യമന്ത്രിയുമെല്ലാം ചെന്ന് മുഖ്യമന്ത്രിയെക്കണ്ട് പറഞ്ഞു. അതിനായി മാനേജ്‌മെന്റ് പ്രതിനിധികളുടെ യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടു. അതും ചെയ്തു. യോഗത്തിനെത്തിയപ്പോള്‍ ഫീസ് കുറക്കാമെന്ന് പറഞ്ഞില്ലെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചു. പിന്നെ മുഖ്യമന്ത്രിക്ക് എന്ത് ചെയ്യാനാകും.
സുപ്രീംകോടതി അംഗീകരിച്ച കരാറില്‍ സര്‍ക്കാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തുമ്പോള്‍ ഏതെങ്കിലും ഒരു മാനേജ്‌മെന്റ കോടതിയെ സമീപിച്ചാല്‍ മുഴുവന്‍ പ്രവേശനവും തകിടം മറിയും. ഇത് വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കും. ഫീസ് കുറക്കുമെന്ന് ചില മാനേജ്‌മെന്റുകള്‍ പ്രഖ്യാപിച്ചത് ആരു പറഞ്ഞിട്ടാണെന്ന് നോക്കണം.
സമരം തീര്‍ക്കാന്‍ പരിയാരത്തെ 30 പേരുടെ ഫീസെങ്കിലും കുറച്ചാല്‍ മതിയെന്നാണ് പ്രതിപക്ഷം പറയുന്ന ഒരു നിര്‍ദ്ദേശം. ഈ 30 പേര്‍ക്ക് വേണ്ടിയാണോ ഹര്‍ത്താലും ബന്ദും അടിച്ചുപൊളിക്കലും നടത്തിയതെന്ന് പ്രതിപക്ഷം വ്യക്തമാക്കണം.
ഇതെല്ലാം അറിഞ്ഞിട്ടും അപ്രായോഗികമായ നിലപാട് സ്വീകരിച്ച് പ്രതിപക്ഷം ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ്. യാഥാര്‍ഥ്യബോധത്തോടെ പ്രശ്‌നത്തെ സമീപിച്ച് സമരം അവസാനിപ്പിക്കാന്‍ പ്രതിപക്ഷം തയ്യാറാകണം.