ചുരുക്കം ചിലരുടെത് ഇപ്പോഴും കൈയെഴുത്ത് പാസ്‌പോര്‍ട്ടുകള്‍

Posted on: October 3, 2016 10:09 pm | Last updated: October 3, 2016 at 10:09 pm

ദോഹ: ചുരുക്കം ചിലരുടെ കൈയില്‍ ഇപ്പോഴും കൈയെഴുത്തു പാസ്‌പോര്‍ട്ടുകള്‍ അവശേഷിക്കുന്നതായി റിപ്പോര്‍ട്ട്. പഴയ കൈയെഴുത്തു പാസ്‌പോര്‍ട്ടുകള്‍ മാറ്റി പുതിയതു നല്‍കിയെന്ന് ഒട്ടുമിക്ക ഏഷ്യന്‍ രാജ്യങ്ങളുടെ എംബസി വൃത്തങ്ങളും അറിയിച്ചു. ഇന്ത്യന്‍ സര്‍ക്കാര്‍ 2001 മുതല്‍ പുതിയ രീതിയിലുള്ള പാസ്‌പോര്‍ട്ടുകളിലേക്കു മാറിയിട്ടുണ്ട്. ഈ വര്‍ഷം ജൂലൈ അവസാനത്തോടെ ഏകദേശം 2,10,000 കൈയെഴുത്തു പാസ്‌പോര്‍ട്ടുകള്‍ കൈവശം ഉണ്ടായിരുന്നതായാണ് കണക്ക്. ഇവ മാറ്റി നല്‍കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ പഴയ പാസ്‌പോര്‍ട്ട് കൈവശമുള്ള ഇന്ത്യക്കാര്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്നു കണക്കാക്കപ്പെടുന്നു.
ഡിജിറ്റലൈസ് ചെയ്ത പാസ്‌പോര്‍ട്ടുകള്‍ മാത്രമേ സ്വീകരിക്കൂ എന്നറിയിച്ച് അന്താരാഷ്ട്ര വ്യോമയാന സംഘടന (ഐ സി എ ഒ) മുന്നോട്ടുവച്ച സമയം കഴിഞ്ഞ വര്‍ഷം നവംബര്‍ 24ന് അവസാനിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് വിവിധ രാജ്യങ്ങളുടെ എംബസികള്‍ പഴയ പാസ്‌പോര്‍ട്ട് തിരിച്ചുവാങ്ങി യന്ത്രങ്ങളില്‍ റീഡ് ചെയ്യാന്‍ സാധിക്കുന്ന പുതിയവ നല്‍കാനുള്ള നടപടികള്‍ക്ക് വേഗം കൂട്ടിയത്. അതേസമയം കൈയെഴുത്തു പാസ്‌പോര്‍ട്ടുള്ളവരുടെ സ്ഥിതി എന്താകുമെന്ന് ഐ സി എ ഒ വ്യക്തമാക്കിയിട്ടില്ല. പഴയ കൈയെഴുത്തു പാസ്‌പോര്‍ട്ടുകള്‍ വളരെ ചുരുക്കം പേര്‍ക്കു മാത്രമേ ഉള്ളൂ എന്നാണ് എംബസികള്‍ വ്യക്തമാക്കുന്നത്.
അതേസമയം, അടിയന്തര സാഹചര്യങ്ങളില്‍ ഐ സി എ ഒ യാത്രാ ഇളവ് അനുവദിക്കാറുണ്ട്. പ്രയാസം നേരിടുന്ന പൗരന്മാര്‍ക്ക് കോണ്‍സുലേറ്റുകള്‍ നല്‍കുന്ന യാത്രാരേഖകളുടെ പിന്‍ബലത്തോടെയാണ് ഇവര്‍ക്ക് സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാറുള്ളത്.
രാജ്യത്തു താമസിക്കുന്നവര്‍ക്ക് പാസ്‌പോര്‍ട്ട് പുതുക്കാന്‍ രണ്ടു മുതല്‍ നാല് ആഴ്ച കാത്തിരിക്കുകയോ യാത്രാ രേഖയുമായി രാജ്യത്തു പോയി പുതിയത് എടുക്കുകയോ ആണ് മുന്നിലുള്ള വഴികള്‍.
ചുരുങ്ങിയ ചിലരുടെ കൈയില്‍ മാത്രമേ കൈയെഴുത്തു പാസ്‌പോര്‍ട്ട് അവശേഷിക്കുന്നുള്ളൂ എന്ന് ബംഗ്ലാദേശ് എംബസിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞതായി പ്രാദേശിക പത്രം പെനിന്‍സുല റിപ്പോര്‍ട്ടു ചെയ്തു. എംബസിയില്‍ ദിനേനെ 150 പാസ്‌പോര്‍ട്ടുകള്‍ നല്‍കുന്നുണ്ടെന്നും ആവശ്യമുള്ളവര്‍ക്കു നേരിട്ടോ ഓണ്‍ലൈന്‍ മുഖേനെയോ സമീപിക്കാമെന്നും എംബസി അധികൃതര്‍ വ്യക്തമാക്കി.
2014ലാണ് നേപ്പാള്‍ എംബസി യന്ത്രസാഹയത്താല്‍ റീഡ് ചെയ്യാവുന്ന പാസ്‌പോര്‍ട്ടുകള്‍ നല്‍കിത്തുടങ്ങിയതെന്നും ഇതിനു ശേഷം വിവിധ സംഘനകളുടെ സഹായത്തോടെ പഴയവ മാറ്റാന്‍ തീവ്ര യജ്ഞം നടത്തിയെന്നും എംബസി വൃത്തങ്ങള്‍ പറഞ്ഞു. പുതിയ പാസ്‌പോര്‍ട്ടിനുള്ള നിരക്ക് 300 റിയാലില്‍ നിന്ന് 180 ആയി കുറച്ചെങ്കിലും വലിയ തിരക്കൊന്നും അനുഭവപ്പെട്ടില്ലെന്നും എംബസി വക്താവ് പറഞ്ഞു.
പാക് പൗരന്മാരില്‍ ചിലര്‍ക്കും കൈയെഴുത്തു പാസ്‌പോര്‍ട്ടുകള്‍ നിലവിലുണ്ട്. അഞ്ചു വര്‍ഷമായി പാകിസ്താന്‍ പുതിയ പാസ്‌പോര്‍ട്ടുകള്‍ അനുവദിച്ചുതുടങ്ങിയിട്ട്. കാലാവധി തീരാത്ത ചിലരുടെ കൈയില്‍ പഴയ പാസ്‌പോര്‍ട്ടുകള്‍ ഉണ്ടാകുമെന്ന് എംബസി വൃത്തങ്ങള്‍ അറിയിച്ചു.