ഏറനാട് എക്‌സ്പ്രസിലെ യാത്രക്കാര്‍ ശതാബ്ദി തടഞ്ഞു

Posted on: October 3, 2016 10:39 am | Last updated: October 3, 2016 at 11:26 am

trainതുറവൂര്‍: ഏറനാട് എക്‌സ്പ്രസ് പിടിച്ചിട്ട് ജനശതാബ്ദി കടത്തിവിട്ടതില്‍ പ്രതിഷേധിച്ച് ഏറനാട് എക്‌സ്പ്രസിലെ യാത്രക്കാര്‍ ജനശതാബ്ദി എക്‌സ്പ്രസ് തടഞ്ഞു. ആലപ്പുഴ തുറവൂര്‍ സ്റ്റേഷനിലാണ് സംഭവം. പുലര്‍ച്ചെ 3.35ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ഏറനാട് ആറ് മണിക്ക് പുറപ്പെടുന്ന ജനശതാബ്ദിക്ക് കടന്നുപോകുന്നതിനായി പിടിച്ചിടുന്നത് സ്ഥിരം സംഭവമാണെന്നാണ് ഏറനാട് എക്‌സ്പ്രസിലെ സ്ഥിരം യാത്രക്കാര്‍ പറയുന്നത്.

അറ്റകുറ്റപ്പണികള്‍ കാരണം തിങ്കളാഴ്ച ഒന്നരമണിക്കൂറിലേറെ വൈകിയാണ് ഏറനാട് എക്‌സ്പ്രസ് ചേര്‍ത്തല സ്റ്റേഷനിലെത്തിയത്. തുടര്‍ന്ന് ഇവിടെ നിന്ന് പുറപ്പെട്ട ട്രെയിന്‍ തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദിക്ക് കടന്നുപോകാനായി തുറവൂര്‍ സ്‌റ്റേഷനില്‍ പിടിച്ചിട്ടു. ഇതില്‍ പ്രതിഷേധിച്ചാണ് യാത്രക്കാര്‍ ജനശതാബ്ദി തടഞ്ഞത്.

അതേസമയം, ഏറനാട് എക്‌സ്പ്രസിലെ യാത്രക്കാര്‍ കയറുന്നതിനായി ജനശതാബ്ദിക്ക് തുറവൂര്‍ സ്റ്റേഷനില്‍ ഒരു മിനിറ്റ് സ്റ്റോപ്പ് അനുവദിച്ചിരുന്നെന്നും എന്നാല്‍ ആ അവസരം ഉപയോഗിക്കാതെയാണ് യാത്രക്കാര്‍ തീവണ്ടി തടഞ്ഞതെന്നും റെയില്‍വേ അധികൃതര്‍ പറഞ്ഞു.