പുതുവര്‍ഷം പുതുമനുഷ്യനാകണം

Posted on: October 3, 2016 8:49 am | Last updated: October 3, 2016 at 8:49 am

muharramഇക്കഴിഞ്ഞ ഹജ്ജ് വേളയില്‍, വിശുദ്ധ മിനക്കു സമീപം ജംറതുല്‍ അഖബയുടെ പരിസരത്തുള്ള മസ്ജിദുല്‍ ബയ്അയുടെ ചാരത്ത് ഞാന്‍ നിന്നു. പ്രവാചകത്വലബ്ധിക്ക് ശേഷം നബി(സ) ഏറെക്കാലം രഹസ്യമായാണ് മക്കയിലും പരിസരത്തും സത്യപ്രബോധനം നടത്തിയത്. എന്നാല്‍ സത്യമത പ്രചാരണം മറനീക്കി പുറംലോകത്തേക്കു പരന്നൊഴുകിയത് ഇവിടെ നിന്നായിരുന്നു. മദീനയില്‍ നിന്ന് മക്കയിലേക്ക് തീര്‍ഥാടകരായി എത്തിയ ഔസ്, ഖസ്‌റജ് ഗോത്ര പ്രതിനിധികളടക്കമുള്ളവരുമായി നബി(സ) ഉടമ്പടിയിലെത്തിയതും ഇവിടെ വെച്ചാണ്. ചരിത്രത്തെ മാറ്റിമറിച്ച മദീനയിലേക്കുള്ള വിശുദ്ധ പലായനത്തിന് (ഹിജ്‌റ) വഴിയൊരുങ്ങിയതും ഇവിടെ നിന്നുളള ചര്‍ച്ചകളായിരുന്നു.
ഉസ്മാനിയ്യ ഖിലാഫത്തിന്റെ തകര്‍ച്ചയോടെ മക്കയിലും പരിസരങ്ങളിലും തുടച്ചു നീക്കപ്പെടാതെ ബാക്കിയായ ചരിത്രസ്മാരകങ്ങളിലൊന്നു കൂടിയാണിത്. മിനയിലെ മലനിരകള്‍ക്കിടയിലെ സുരക്ഷിതമായ ഈ പര്‍വതച്ചെരുവില്‍ നബി(സ)യും അനുചരരും ഒത്തുചേര്‍ന്നത് പലപ്പോഴും രാത്രിയിലായിരുന്നുവെന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്.
മക്കയിലെ ഉമ്മുല്‍ ഖുറാ യൂനിവേഴ്‌സിറ്റി അറബ് ചരിത്രവിഭാഗം പ്രൊഫസറും ചരിത്ര ശേഷിപ്പുകള്‍ക്കായുള്ള സഊദി ഉപദേശക സമിതി അംഗവുമായ പ്രൊഫ. ഫവാസ് അല്‍ ദഹാസ് ഉള്‍പ്പെടെയുള്ളവര്‍ ഈ പള്ളി തകരാതെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മുന്നോട്ടുവന്നിട്ടുണ്ട്. ഇസ്‌ലാമിന്റെ വ്യാപനം തുടങ്ങിയത് ഇവിടെ നിന്നാണ്. ഹിജ്‌റാബ്ദം 144ല്‍ അബ്ബാസിദ് ഭരണാധികാരി അബൂ ജഅ്ഫര്‍ അല്‍ മന്‍സൂര്‍ ആണ് ഇവിടെ ഒരു പള്ളിയുണ്ടാക്കുന്നത്. അദ്ദേഹം അന്ന് ഇസ്‌ലാം വിശ്വസിച്ചിട്ടില്ല. മദീനക്കാരുമായുള്ള ഉടമ്പടിയില്‍ നയതന്ത്രനീക്കങ്ങളില്‍ സജീവമായിരുന്ന തിരുനബിയുടെ അമ്മാവന്‍ അബ്ബാസ് (റ)ന്റെ പരമ്പരയില്‍പ്പെട്ട ആളായിരുന്നു അബൂ ജഅ്ഫര്‍. ഏറ്റവും അവസാനമായി സുല്‍ത്വാന്‍ അബ്ദുല്‍മജീദ് ഖാന്‍ അല്‍ഉസ്മാനി 1250ല്‍ പള്ളി പുതുക്കിപ്പണിതു. മണല്‍മൂടിക്കിടന്ന പള്ളിയുടെ ഭാഗങ്ങള്‍ മിനാ വികസന സമയത്താണ് വീണ്ടെടുക്കപ്പെട്ടത്.

ഇസ്‌ലാമിക് കലണ്ടറുകള്‍
മഹാനായ ഇമാം ഖസ്ത്വല്ലാനി പറയുന്നത് കാണാം, ആദ്യമായി വര്‍ഷാരംഭം ഉണ്ടാകുന്നത് ആദം(അ) ഭൂമിയിലേക്കിറങ്ങിയതിനെ ആസ്പദിച്ചാണ്. പിന്നീട് നൂഹ് നബിയുടെ പ്രവാചകത്വ ലബ്ധി മുതല്‍. പില്‍ക്കാലത്ത് നൂഹ് നബിയുടെ കാലത്തെ പ്രളയം അടിസ്ഥാനമാക്കിയായിരുന്നു. ശേഷം, ഇബ്‌റാഹീം നബിയെ നംറൂദ് തീയിലിട്ടതു മുതലായി കാലഗണന. അതിന് ശേഷം യൂസുഫ്(അ)ന്റെ നുബുവ്വത് മുതല്‍ മൂസാ നബിയുടെ നുബുവ്വത് വരെ. പിന്നീട് കാലഗണന മൂസാ നബി ഈജിപ്ത് വിട്ട് പോയതടിസ്ഥാനമാക്കിയായിരുന്നു. ശേഷം ദാവൂദ് നബിയുടെ കാലംവരെ. ശേഷം സൂലൈമാന്‍ നബിയുടെ രാജാരോഹണം വരെ. ഈസാ നബിയുടെ കാലം തൊട്ടുള്ള കാലഗണന പ്രാബല്യത്തില്‍ വരുന്നത് പിന്നീടാണ്.
മുകളില്‍ പറഞ്ഞ സംഭവങ്ങളെല്ലാം മുഹര്‍റം മാസത്തില്‍ സംഭവിച്ചത് കൊണ്ടുതന്നെ മുഹര്‍റം ഹിജ്‌റാ കലണ്ടറിലെ ആദ്യ മാസമായി. തിരുനബിയുടെ ഹിജ്‌റ സംഭവിച്ചത് റബീഉല്‍ അവ്വലിലാണെങ്കിലും അതിന്റെ ചര്‍ച്ച തുടങ്ങിയത് മുഹര്‍റമിലാണ് എന്നതും കണക്കിലെടുത്തു. ഉമര്‍(റ)ന്റെ കാലത്താണ് ഹിജ്‌റ വര്‍ഷം മുഹര്‍റമിലായി തീര്‍ച്ചപ്പെടുത്തിയത്.
ഇത്രമേല്‍ സംഭവ ബഹുലമായത് കൊണ്ടുതന്നെ ഈ പവിത്ര മാസത്തിലെ ആരാധനാ കര്‍മങ്ങള്‍ക്ക് അല്ലാഹു പ്രത്യേക പുണ്യവും നല്‍കി. റമളാന്‍ കഴിഞ്ഞാല്‍ നോമ്പനുഷ്ഠിക്കാന്‍ എറ്റവും വിശേഷമുള്ള മാസം മുഹര്‍റമാണെന്ന് നബി(സ)പറഞ്ഞിട്ടുണ്ട്. മുഹര്‍റ മാസത്തിലെ ഏറ്റവും പവിത്രമായ ദിനമാണ് ‘ആശൂറാ’ഉം’താസൂആ’ഉം. ഈ ദിനങ്ങളിലെ നോമ്പിനെ കുറിച്ച് പ്രവാചകര്‍ പറഞ്ഞത് കാണാം- ‘ആശൂറാ നോമ്പ് തൊട്ടുമുമ്പുള്ള ഒരു വര്‍ഷത്തെ ദോഷം പൊറുപ്പിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’.

വിശ്വാസിയുടെ കലണ്ടര്‍
മുസ്‌ലിമിന്റെ കാലഗണനകളൊക്കെ ഹിജ്‌റ കലണ്ടര്‍ അനുസരിച്ചായിരുന്നു. പക്ഷെ, ഇന്ന് ഈ കലണ്ടര്‍ രണ്ട് പെരുന്നാള്‍ കഴിക്കാനും റമളാന്‍ നോമ്പിനും വേണ്ടി മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. ഈ ദുരവസ്ഥ മാറേണ്ടതുണ്ട്. മുന്‍തലമുറകള്‍ എല്ലാം ഗണിച്ചിരുന്നത് ഹിജ്‌റ കലണ്ടര്‍ അനുസരിച്ചായിരുന്നു. ഇന്നത്തെപ്പോലെ അച്ചടിച്ച കലണ്ടര്‍ ഇല്ലായിരുന്നെങ്കിലും ജനനവും മരണവും ഹജ്ജും പെരുന്നാളുമൊക്കെ അവരുടെ മനസ്സിലെ ഹിജ്‌റ കലണ്ടറില്‍ അവര്‍ കുറിച്ചിട്ടു. ഈ പാരമ്പര്യം അന്യംനിന്നു പോകരുത്. കുട്ടികള്‍ക്കും കുടുംബത്തിനും സമൂഹത്തിനും ഇതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തിക്കൊടുക്കണം.
ഗ്രിഗോറിയന്‍ കലണ്ടറും ഹിജ്‌റ കലണ്ടറും തമ്മില്‍ ഒരു വര്‍ഷം 11 ദിവസത്തെ അന്തരമുണ്ടാകും. അപ്പോള്‍ മൂന്ന് വര്‍ഷത്തില്‍ ഒരു മാസത്തെ വ്യത്യാസം. 33 വര്‍ഷത്തില്‍ ഒരു കൊല്ലത്തെ വ്യത്യാസം. ഒരു പുരുഷായുസ്സില്‍ ഇത് ചെറിയ വ്യത്യാസമല്ലെന്നോര്‍ക്കണം.
ഹിജ്‌റ കലണ്ടറനുസരിച്ച് ജീവിതം എങ്ങനെ ചിട്ടപ്പെടുത്താമെന്ന ബോധവത്കരണം സമൂഹത്തില്‍ സൃഷ്ടിക്കാന്‍ അനിവാര്യമായതെല്ലാം ചെയ്യേണ്ടതുണ്ട്.

പ്രതിജ്ഞയെടുക്കുക
പവിത്രമായ മുഹര്‍റമിന്റെ പുണ്യദിനങ്ങളോടുകൂടെ മറ്റൊരു പുതുവര്‍ഷം കൂടി വിശ്വാസിയുടെ ജീവിതത്തിലേക്ക് കടന്നു വന്നിരിക്കുന്നു. ഈ പുതുവത്സര ദിനത്തില്‍ നവജീവന്‍ ലഭിക്കേണ്ടതുണ്ട്. പുതുവത്സരം സഹജീവി സ്‌നേഹത്തിനുള്ളതാണ്, മത സഹിഷ്ണുതക്കുള്ളതാണ്, മാനവിക ബോധത്തിനുള്ളതാണ്. സഹജീവിയുടെ മനസ്സറിയാനും അവന്റെ ഇല്ലായ്മ മനസ്സിലാക്കാനും വേണ്ടിയാണ് ഇസ്‌ലാം ഈ മാസം പൂര്‍ണമായും നോമ്പനുഷ്ഠിക്കുന്നത് പ്രത്യേകം പവിത്രമാക്കിയത്. ഇതിലൂടെ അന്യന്റെ വിശപ്പിന്റെ കാഠിന്യം മനസ്സിലാക്കാന്‍ സാധിക്കും. അവര്‍ക്ക് വേണ്ടത് ചെയ്യാന്‍ സാധിക്കും.
പുതിയ പ്രതിജ്ഞ എടുക്കേണ്ട സമയം കൂടിയാണിത്. പ്രവര്‍ത്തനങ്ങളും ഊര്‍ജവുമെല്ലാം കുടുംബത്തിന്റെയും സമൂഹത്തിന്റെയും നന്മക്ക് വേണ്ടിയായിരിക്കും വിനിയോഗിക്കുക എന്നതായിരിക്കണമത്. സാമൂഹിക വിപത്തുകളോ പ്രതിലോമപ്രവര്‍ത്തനങ്ങളോ താന്‍ കാരണമുണ്ടാകില്ലെന്നും എല്ലാവരും പ്രതിജ്ഞ ചെയ്യണം.
ഹജ്ജ് കഴിഞ്ഞ് സംശുദ്ധമനസ്സുകളുമായി സര്‍വ പാപങ്ങളും പൊറുക്കപ്പെട്ട വിശ്വാസി വൃന്ദത്തിലേക്കാണ് മുഹര്‍റം സമാഗതമാകുന്നത്. പരിശുദ്ധ ഹജ്ജോടുകൂടിയാണ് ഹിജ്‌റ വര്‍ഷമവസാനം. വര്‍ഷം മുഴുവന്‍ നല്ലരീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ നാഥന്‍ മാര്‍ഗം കാണിച്ച് തന്നിട്ടുണ്ട്. ഇനി പന്ത് നമ്മുടെ കോര്‍ട്ടിലാണ്. പരിശുദ്ധ മുഹര്‍റത്തെ വീണ്ടുവിചാരത്തിന്റെ സമയമായി കണക്കാക്കി നല്ല ഭാവിക്ക് വേണ്ടി സമയം കണ്ടെത്തണം. കാരണം ഒരോ പുതുവര്‍ഷവും മരണത്തിലേക്ക് നമ്മെ വലിച്ചടുപ്പിക്കുകയാണ് എന്ന നഗ്നസത്യം മറക്കാതിരിക്കുക.