മദ്‌റസാധ്യാപക ക്ഷേമനിധി അംഗങ്ങള്‍ ആരോഗ്യ ഇന്‍ഷ്വറന്‍സില്‍ നിന്ന് പുറത്ത്

Posted on: October 2, 2016 6:00 am | Last updated: October 1, 2016 at 11:56 pm

health insuranceആലപ്പുഴ: സംസ്ഥാനത്തെ വിവിധ ക്ഷേമനിധികളില്‍ അംഗങ്ങളായവര്‍ക്കെല്ലാം സംസ്ഥാന സര്‍ക്കാറിന്റെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി ആനുകൂല്യം ലഭിക്കുമ്പോള്‍, മദ്‌റസാധ്യാപക ക്ഷേമനിധിയില്‍ അംഗങ്ങളായവര്‍ മാത്രം പുറത്തായ നടപടി വിവാദമാകുന്നു. സംസ്ഥാനത്തെ അമ്പത്തിയെട്ടോളം ക്ഷേമനിധികളില്‍ അംഗങ്ങളായവരും അവരുടെ കുടുംബാംഗങ്ങളും സര്‍ക്കാറിന്റെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ ആനുകൂല്യം അനുഭവിക്കുമ്പോഴാണ്, മറ്റു മേഖലകളേക്കാള്‍ സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന മദ്‌റസാധ്യാപക ക്ഷേമനിധിയില്‍ അംഗങ്ങളായവര്‍ മാത്രം സര്‍ക്കാറിന്റെ ആരോഗ്യ പരിരക്ഷാ പദ്ധതിയില്‍ നിന്ന് പുറത്തായിരിക്കുന്നത്.
നേരത്തെ 30,000 രൂപ മാത്രമായിരുന്ന ആരോഗ്യ ഇന്‍ഷ്വറന്‍സ് തുക ഇപ്പോള്‍ ഇതിന്റെ ഇരട്ടിയിലധികമായി വര്‍ധിപ്പിച്ചെങ്കിലും മദ്‌റസാധ്യാപക ക്ഷേമനിധിയില്‍ അംഗങ്ങളായവര്‍ക്ക് മാത്രം ഇതിന്റെ യാതൊരു ആനുകൂല്യവും ലഭിക്കുന്നില്ല. പരിമിതമായ അംഗങ്ങള്‍ മാത്രമാണ് മദ്‌റസാധ്യാപക ക്ഷേമനിധിയില്‍ നിലവിലുള്ളത്. ഇവര്‍ക്ക് പോലും ആരോഗ്യ സുരക്ഷാ ആനുകൂല്യം ലഭിക്കാത്തത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് മദ്‌റസാ ടീച്ചേഴ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഹസന്‍ പൈങ്ങാമഠം സിറാജിനോട് പറഞ്ഞു.
അതേസയം, മറ്റ് ക്ഷേമനിധികളിലേത് പോലെ മദ്‌റസാധ്യാപക ക്ഷേമനിധിയില്‍ അംഗങ്ങളായവരെ കൂടി ആരോഗ്യഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണെമന്നാവശ്യപ്പെട്ട് സര്‍ക്കാറിന് കത്ത് നല്‍കിയിട്ടുണ്ടെന്ന് ക്ഷേമനിധി കോഴിക്കോട് ഓഫീസിലെ ജനറല്‍ മാനേജര്‍ അബ്ദുല്‍ഹമീദ് സിറാജിനോട് പറഞ്ഞു. 2012ല്‍ ഈ ആവശ്യമുന്നയിച്ച് നല്‍കിയ കത്തിനെ തുടര്‍ന്ന് തൊഴില്‍ മന്ത്രി ഷിബുബേബിജോണ്‍, ന്യൂനപക്ഷ മന്ത്രി മഞ്ഞളാംകുഴി അലി എന്നിവരുമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷവും ഈ ആവശ്യം ഉന്നയിച്ച് കത്ത് നല്‍കിയിട്ടുണ്ടെന്നും വൈകാതെ തന്നെ ഇത് അനുവദിച്ചു കിട്ടുമെന്ന പ്രതീക്ഷയാണുള്ളതെന്നും ക്ഷേമനിധി ജനറല്‍മാനേജര്‍ പറഞ്ഞു.
മദ്‌സാധ്യാപക ക്ഷേമനിധിയില്‍ കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. മറ്റു പല ആവശ്യങ്ങള്‍ക്കായി കലക്ടറേറ്റുകളിലെ ന്യൂനപക്ഷ സെല്ലുകളിലെത്തിച്ചേരുന്ന മദ്‌റസാധ്യാപകര്‍ മാത്രമാണ് അവരുടെ പ്രേരണയില്‍ ക്ഷേമനിധിയില്‍ അംഗങ്ങളാകുന്നത്. ക്ഷേമനിധിക്ക് കോഴിക്കോട്ട് മാത്രമാണ് ഓഫീസുള്ളത്. മറ്റു ക്ഷേമനിധികള്‍ പോലെ തന്നെ എല്ലാ ജില്ലകളിലും ഓഫീസ് വന്നിരുന്നെങ്കില്‍ തന്നെ കൂടുതല്‍ പേര്‍ ഇതില്‍ അംഗങ്ങളാകുമായിരുന്നു. പദ്ധതിയെ പലിശമുക്തമാക്കിയിട്ടുണ്ടെങ്കിലും പലിശ ഭയന്ന് പല മദ്‌റസാധ്യാപകരും അംഗമായി ചേരാന്‍ വൈമുഖ്യം കാണിക്കുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ രൂപവത്കരിച്ച പാലോളി കമ്മീഷന്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സിറ്റിംഗ് നടത്തിയ ശേഷമാണ് മദ്‌റസാധ്യാപക ക്ഷേമനിധിക്ക് രൂപം നല്‍കിയത്. എന്നാല്‍ ക്ഷേമനിധി രൂപവത്കരിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇതിന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്തിയിട്ടില്ല. 2009ല്‍ കോഴിക്കോട്ട് ക്ഷേമനിധി ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുകയും ക്ഷേമനിധിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി കോഴിക്കോട് ജില്ലാ സഹകരണ ബേങ്കില്‍ 10 കോടി രൂപ കോര്‍പ്പസ് ഫണ്ടായി സര്‍ക്കാര്‍ നിക്ഷേപിക്കുകയും ചെയ്തു.
2010 ജൂലൈ മുതലാണ് ക്ഷേമനിധിയിലെ അംഗങ്ങളെ ചേര്‍ത്തു തുടങ്ങിയത്. സംസ്ഥാനത്തെ വിവിധ മദ്‌റസാ വിദ്യാഭ്യാസ ബോര്‍ഡുകളുടെ കീഴിലായി അര ലക്ഷത്തിലധികം അധ്യാപകര്‍ ജോലി നോക്കുന്നുണ്ടെങ്കിലും ക്ഷേമനിധിയില്‍ ഇതേവരെ അംഗങ്ങളായിട്ടുള്ളത് പതിനാറായിരം പേര്‍ മാത്രമാണെന്ന് അധികൃതര്‍ പറയുന്നു.
25 വയസ്സ് മുതല്‍ പ്രായമുള്ളവര്‍ക്ക് പദ്ധതിയില്‍ അംഗമാകാം. പ്രതിമാസം അംഗത്തിന്റെയും ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെയും വിഹിതമായി അമ്പത് രൂപ വീതം അടക്കണം. 65 വയസ്സ് പൂര്‍ത്തിയാകുന്നതോടെ അടച്ച തുക കണക്കാക്കി 500 രൂപ മുതല്‍ 5200 രൂപ വരെ പ്രതിമാസ പെന്‍ഷന്‍ ലഭിക്കുന്നതാണ് പദ്ധതി. ഇതിനും പുറമെ, വിവാഹ ധനസഹായമായി 10,000 രൂപ നല്‍കി വരുന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ അംഗങ്ങളുടെ കുട്ടികളില്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകള്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവര്‍ക്ക് 2,000 രൂപ സ്‌കോളര്‍ഷിപ്പും നല്‍കി വരുന്നുണ്ട്.എന്നാല്‍ ഇതെല്ലാം നാമ മാത്രമായ സഹായങ്ങളും പ്രയോജനപ്പെടുത്തുന്നവര്‍ വിരളവുമാണ്.
ക്ഷേമനിധിയില്‍ നിന്ന് ഇതേവരെ വിവാഹധനസഹായം ലഭിച്ചത് 70 പേര്‍ക്ക് മാത്രമാണ്. സ്‌കോളര്‍ഷിപ്പ് ലഭിച്ചവരുടെ എണ്ണവും വിരളമാണ്. എന്നാല്‍ ഈ വിഭാഗത്തിലൊന്നും വേണ്ടത്ര അപേക്ഷകരില്ലെന്നാണ് ക്ഷേമനിധി അധികാരികളുടെ വാദം. കൂടുതല്‍ ക്ഷേമപദ്ധതികള്‍ നടപ്പിലാക്കി കൂടുതല്‍ മദ്‌റസാധ്യാപകരെ അംഗങ്ങളാക്കുകയും ജില്ലകള്‍ തോറും ഓഫീസ് ആരംഭിക്കുകയും വേണമെന്നാണ് പൊതുവെയുള്ള ആവശ്യം.