സെക്രട്ടേറിയറ്റിന്റെ സുരക്ഷക്ക് തെരുവ്‌നായ്ക്കളെ പ്രയോജനപ്പെടുത്താന്‍ ഡിജിപി

Posted on: October 1, 2016 11:59 pm | Last updated: October 1, 2016 at 11:59 pm

loknath behraതിരുവനന്തപുരം: സെക്രട്ടേറിയറ്റിന്റെ സുരക്ഷക്ക് തെരുവുനായ്ക്കളെ പ്രയോജനപ്പെടുത്താനൊരുങ്ങി ഡി ജി പി. എന്നാല്‍ ഡി ജി പിയുടെ നിര്‍ദേശം നടപ്പിലാക്കാനുള്ള വഴിയറിയാതെ കുഴങ്ങുകയാണ് ഉദ്യോഗസ്ഥര്‍.
സെക്രട്ടേറിയറ്റിന് തീവ്രവാദ സംഘടനകളുടെ ഭീഷണിയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് കനത്ത സൂരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. സുരക്ഷ ഏത് രീതിയിലാകണമെന്നത് സംബന്ധിച്ച് നടന്ന ചര്‍ച്ചയിലാണ് തലസ്ഥാന നഗരത്തിന് തലവേദനയായി മാറിയ തെരുവനായ്ക്കളെ ഇതിനായി പ്രയോജനപ്പെടുത്താം എന്ന ആശയം ഉടലെടുത്തത്. ഡി ജി പി ലോക്‌നാഥ് ബെഹ്‌റ തന്നെയാണ് നിര്‍ദേശം മുന്നോട്ട് വെച്ചത്.
നഗരത്തില്‍ അലഞ്ഞു തിരിയുന്ന തെരുവുനായ്ക്കളെ പരിശീലിപ്പിച്ച് ഓരോ ഗേറ്റിലും സുരക്ഷയൊരുക്കുന്നതാണ് പദ്ധതി. എന്നാല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ക്ക് പോലും പട്ടി പിടിത്തത്തില്‍ പരിശീലനം ലഭിച്ചവരെ ലഭിക്കാത്ത സാഹചര്യത്തില്‍ ഡി ജി പിയുടെ നിര്‍ദേശം എങ്ങനെ നടപ്പിലാക്കുമെന്നറിയാതെ കുഴങ്ങിയിരിക്കുകയാണ് ഉദ്യോഗസ്ഥര്‍.
അതേസമയം, സെക്രട്ടേറിയറ്റിലെ സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തണമെന്നും സുരക്ഷാ ചുമതലയുള്ള പോലീസുകാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നുമുള്ള നിര്‍ദേശം നടപ്പിലാക്കാന്‍ ഡി ജി പിയുടെ ഭാഗത്തു നിന്ന് നടപടി ഉണ്ടായിട്ടില്ലെന്നും ആരോപണം ഉയരുന്നുണ്ട്. സെക്രട്ടേറിയറ്റില്‍ ആകെ പ്രവര്‍ത്തിക്കുന്നത് രണ്ട് മെറ്റല്‍ ഡിറ്റക്ടറുകള്‍ മാത്രമാണ്.
മറ്റുള്ളവയുടെ പ്രവര്‍ത്തനം നിലച്ചിട്ട് വര്‍ഷം രണ്ട് കഴിഞ്ഞു. മൂന്ന് മന്ത്രിമാരുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന പുതിയ അനക്സിന്റെ സുരക്ഷക്കായി പോലീസിനെ വിന്യസിച്ചിട്ടില്ല.
സെക്രട്ടേറിയറ്റ് സുരക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്ന കെ എ പി മൂന്നാം ബറ്റാലിയനിലെ ഇന്‍സ്പെക്ടര്‍ക്കും മറ്റ് പോലീസുകാര്‍ക്കും മതിയായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. ഗാര്‍ഡ് റൂം വൃത്തിഹീനവും മഴയത്ത് ചോര്‍ന്നൊലിക്കുന്നതുമാണ്. ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നുള്ള നിര്‍ദേശത്തിനും ഒരു പരിഗണനയും ലഭിച്ചിട്ടില്ല. എ ഡി ജിപിയായിരുന്ന അനന്തകൃഷ്ണന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി ആഭ്യന്തരവകുപ്പിന് കത്തുനല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ല.