അത്ഭുതമായി തിളക്കുന്ന മത്സ്യക്കറി മുക്കത്തും

Posted on: October 1, 2016 12:40 pm | Last updated: October 1, 2016 at 11:59 am

മുക്കം: മത്സ്യക്കറി പാകംചെയ്ത് രണ്ട് ദിവസം കഴിഞ്ഞിട്ടും തിളക്കല്‍ മാറാത്ത പ്രതിഭാസം മുക്കത്തും. മുക്കം നഗരസഭയിലെ കാതിയോട് പൈറ്റൂളി ലെവന്റെ വീട്ടില്‍ പാകം ചെയ്ത മത്സ്യക്കറിക്കാണ്. രണ്ട് ദിവസം കഴിഞ്ഞിട്ടും ആവി പറക്കല്‍ തുടരുന്നത്. ചൊവ്വാഴ്ച വൈകുന്നേരം ഓമശ്ശേരിയില്‍ നിന്നാണ് ലെവന്‍ അയല മത്സ്യം വാങ്ങിയത്. രാത്രി ലെവനും ഭാര്യയും മത്സ്യക്കറിയും ചപ്പാത്തിയും കഴിക്കുകയും ചെയ്തു. പിറ്റേന്ന് രാവിലെ പാത്രം തുറന്നു നോക്കുമ്പോഴാണ് കറി തിളച്ചുകൊണ്ടിരിക്കുന്നത് കണ്ടത്. പാത്രം തുറന്നുവെച്ചാല്‍ പതച്ച് പൊന്തുന്നതായും കുറച്ച് നേരം മൂടിവെച്ചാല്‍ വീണ്ടും തിളക്കുന്നതായും കാണുന്നതായി ലെവന്‍ പറഞ്ഞു. മത്സ്യം കേടാവാതിരിക്കാന്‍ ഉപയോഗിക്കുന്ന രാസപഥാര്‍ത്ഥമായിരിക്കാം പ്രതിഭാസത്തിന് കാരണമെന്നാണ് കരുതുന്നത്.
മത്സ്യം അഴുകാതിരിക്കാന്‍ ഫോര്‍മാലിന്‍, അമോണിയ തുടങ്ങിയവ ഉപയോഗിക്കുന്നതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു. ഇത്തരം പഥാര്‍ഥങ്ങളുടെ അംശം എത്ര കഴുകിയാലും തിളപ്പിച്ചാലും നഷ്ടപ്പെടില്ലെന്നതും വസ്തുതയാണ്. കോഴിക്കോട് ഫുഡ് ആന്‍ഡ് സേഫ്റ്റി വിഭാഗത്തില്‍ വിവരമറിയിച്ചപ്പോള്‍ സാമ്പിള്‍ അവിടെ എത്തിക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവത്രെ. നേരത്തെ മൂവാറ്റുപുഴയില്‍ സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.