നീലഗിരി ജില്ലയില്‍ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായില്ല

Posted on: October 1, 2016 11:29 am | Last updated: October 1, 2016 at 11:29 am

ഗൂഡല്ലൂര്‍: തമിഴ്‌നാട്ടില്‍ ഈ മാസം 17ന് നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് നീലഗിരി ജില്ലയില്‍ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായില്ല. തനിച്ച് മത്സരിക്കുന്ന ഭരണ കക്ഷിയായ എ ഐ എ ഡി എം കെ ഏകദേശം സ്ഥാനാര്‍ഥികളെ ഇതിനകം പ്രഖ്യാപിച്ച് കഴിഞ്ഞു. മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. പാര്‍ട്ടി തലങ്ങളില്‍ ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്. പ്രധാന പാര്‍ട്ടികളായ ഡി എം കെ, ഡി എം ഡി കെ, കോണ്‍ഗ്രസ്, സി പി എം, സി പി ഐ, ബി ജെ പി, വിടുതലൈ ശിറുതൈ, പി എം കെ, എം ഡി എം കെ, ലീഗ് തുടങ്ങിയ പാര്‍ട്ടികളെല്ലാം പാര്‍ട്ടി തലങ്ങളില്‍ സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുള്ളു.
ഡി എം കെ മുന്നണിയുടെ സീറ്റ് വീതംവെക്കല്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. പലരും സീറ്റുകള്‍ക്ക് വേണ്ടിയുള്ള അവകാശ തര്‍ക്കത്തിലാണുള്ളത്. ചില സീറ്റുകളില്‍ ധാരണയായിട്ടുണ്ട്. ചിലതില്‍ തര്‍ക്കവുമുണ്ട്. ഉന്നത നേതാക്കള്‍ ഇടപ്പെട്ട് പ്രശ്‌നം പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ടത് ഈമാസം മൂന്നിനാണ്. അതിനകം സീറ്റ് വിഭജനം പൂര്‍ത്തിയാക്കണം. രാഷ്ട്രീയ പാര്‍ട്ടികളുടെ ശക്തി കേന്ദ്രങ്ങളില്‍ സീറ്റ് തങ്ങള്‍ക്ക് വേണമെന്ന് മുന്നണിയിലെ ഓരോ പാര്‍ട്ടികളും വാശിപിടിക്കുന്നതിനാലാണ് സീറ്റ് വിഭജനം നീണ്ടുപോകുന്നത്. ഇത്തവണ തിരഞ്ഞെടുപ്പിന് ഒരുമാസം പോലും ലഭിക്കാത്തതാണ് പാര്‍ട്ടികള്‍ക്ക് വിനയായത്. സാവകാശം ലഭിച്ചിരുന്നുവെങ്കില്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാമായിരുന്നു. എന്നാല്‍ അതിനൊന്നും അവസരം നല്‍കാതെയാണ് ഇലക്ഷന്‍ കമ്മീഷന്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
ഇത്തവണ എല്ലാ വാര്‍ഡുകളിലും റിബല്‍ സ്ഥാനാര്‍ഥികളും കൂടുതല്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളുമുണ്ട്. 767 സ്ഥാനങ്ങളിലേക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കേണ്ടയിടത്ത് ഇതുവരെ 200ല്‍ താഴെ മാത്രമെ പ്രഖ്യാപിച്ചിട്ടുള്ളു. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ പ്രചാരണത്തെയും ഇത് കാര്യമായി ബാധിക്കും. അതേസമയം സീറ്റ് ലഭിക്കാത്ത പലരും റിബലുകളായി മത്സരിക്കാന്‍ തീരുമാനിച്ച് കഴിഞ്ഞിട്ടുണ്ട്. ഉന്നതങ്ങളിലെ സ്വാധീനം ഉപയോഗിച്ച് പല പ്രമുഖരും സീറ്റ് തരപ്പെടുത്തിയിട്ടുമുണ്ട്. പലരും സീറ്റിനായി പാര്‍ട്ടി ഓഫീസുകളില്‍ കയറിയിറങ്ങുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ ഡി എം കെ, കോണ്‍ഗ്രസ്, ലീഗ്, മനിതനേയ മക്കള്‍ കക്ഷി എന്നി പാര്‍ട്ടികള്‍ ചേര്‍ന്നാണ് ജനവിധി തേടിയിരുന്നത്. അതേ നില തുടരുമോയെന്ന് ചര്‍ച്ചകള്‍ക്ക് ശേഷമെ വ്യക്തമാകൂ. നീലഗിരി ജില്ലയില്‍ 35 ഗ്രാമ പഞ്ചായത്തുകളും 11 ടൗണ്‍ പഞ്ചായത്തുകളും നാല് നഗരസഭകളുമാണുള്ളത്. ഇത്തവണ ചില സീറ്റുകള്‍ സംവരണം ചെയ്തത് പലര്‍ക്കും തിരിച്ചടിയായിട്ടുണ്ട്. ജയ സാധ്യതയുള്ള സീറ്റുകളില്‍ പ്രമുഖരായ സ്ഥാനാര്‍ഥികളെ കിട്ടാതെ വിഷമിക്കുന്ന പാര്‍ട്ടികളുമുണ്ട്. പ്രമുഖ പാര്‍ട്ടികളെല്ലാം രഹസ്യ കൂടിക്കാഴ്ചകളും കൂടിയാലോചനകളും നടത്തിവരികയാണ്. ഇത്തവണത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് കടുത്തതാകും. പലയിടങ്ങളിലും വാശിയേറിയ മത്സരങ്ങള്‍ നടക്കാനാണ് സാധ്യത.
പ്രമുഖ പാര്‍ട്ടികളെല്ലാം ജനങ്ങളുമായുള്ള ബന്ധവും യോഗ്യതയും നോക്കിയാണ് സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കുന്നത്. ഇത്തവണ ഓരോരുത്തര്‍ക്ക് നാല് വോട്ടുകളാണുണ്ടാവുക. വാര്‍ഡ് മെമ്പര്‍ക്കുള്ള വോട്ട്, പഞ്ചയാത്ത്-നഗരസഭ ചെയര്‍മാനുള്ള വോട്ട്, പഞ്ചായത്ത് യൂനിയന്‍ മെമ്പര്‍ക്കുള്ള വോട്ട്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ക്കുള്ള വോട്ട്. എന്നിങ്ങനെയാണ് വോട്ടുകളുള്ളത്. അതേസമയം സീറ്റ് വിഭജനത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ജയസാധ്യതയും കണക്കാക്കുന്നുണ്ട്.