ജില്ലാ ആശുപത്രിയിലെ ഇന്‍സിനറേറ്റര്‍ പ്രവര്‍ത്തനക്ഷമമായി

Posted on: October 1, 2016 11:24 am | Last updated: October 1, 2016 at 11:24 am

പാലക്കാട്: ജില്ലാശുപത്രിയിലെ ഇന്‍സിനറേറ്റര്‍ പ്രവര്‍ത്തിച്ചുതുടങ്ങി. രണ്ടുമാസമായി സാങ്കേതിക തകരാറുകള്‍ കാരണം ഇന്‍സിനറേറ്റര്‍ പ്രവര്‍ത്തിച്ചിരുന്നില്ല. ലക്‌നൗവിലുള്ള സീകോണ്‍ കമ്പനിയാണ് ഇന്‍സിനറേറ്ററിന്റെ തകരാര്‍ പരിഹരിച്ചത്.
25ലക്ഷം രൂപ ചെലവിട്ടാണ് ജില്ലാശുപത്രിയില്‍ ഇന്‍സിനറേറ്റര്‍ സ്ഥാപിച്ചത്. അറ്റകുറ്റപ്പണിക്കുശേഷം ഇന്‍സിനറേറ്റര്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിച്ചിരുന്നു. എന്നാല്‍,ഇന്നലെ മുതല്‍ ഇന്‍സിനറേറ്റര്‍ പൂര്‍ണമായും പ്രവര്‍ത്തനയോഗ്യമായെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സമീപകാലത്ത് ജില്ലാ ആശപത്രിയില്‍ മാലിന്യം കൂട്ടിയിട്ട് കത്തിച്ചത്. പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മാലിന്യ സംസ്‌കരണം പ്രതിസന്ധിയിലായ സാഹചര്യത്തില്‍ ജില്ലാ പഞ്ചായത്ത് ഇടപെട്ടാണ് നടപടി വേഗത്തിലാക്കിയത്.
ജില്ലാശുപത്രിയിലെ യിലെ ഭക്ഷണാവശിഷ്ടം നഗരസഭയാണ് ശേഖരിക്കുന്നത്. ആശുപത്രിമാലിന്യം ഇമേജ് മാലിന്യസംസ്‌കരണ പ്ലാന്റിലേക്കും അയയ്ക്കും. എന്നാല്‍ പേപ്പര്‍, പ്ലാസ്റ്റിക് എന്നിവ സംസ്‌കരിക്കുന്നത് ആശുപത്രിയില്‍ത്തന്നെ വേണം.
ഇന്‍സിനറേറ്റര്‍ തകരാറായതോടെ ഇവ ആശുപത്രിവളപ്പില്‍ത്തന്നെ സൂക്ഷിക്കുകയായിരുന്നു. ഇന്‍സിനറേറ്റര്‍ നേരെയാക്കിയതിനാല്‍ ഇതിന് ഒരു പരിഹാരമാകും.
ജില്ലാ ശുപത്രിയിലെ മാലിന്യം സംസ്‌കരിക്കാന്‍ കൂടുതല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ ജില്ലാപഞ്ചായത്ത് ശ്രമിക്കുമെന്നും പഞ്ചായത്തധികൃതര്‍ പറഞ്ഞു.