കെല്‍പാം സംസ്‌കരണ കേന്ദ്രം പുനരുദ്ധാരണ രൂപരേഖക്ക് സര്‍ക്കാര്‍ അംഗീകാരം

Posted on: October 1, 2016 11:22 am | Last updated: October 1, 2016 at 11:22 am

വടക്കഞ്ചേരി : കാവശ്ശേരി കല്ലേപ്പുള്ളിയിലുള്ള കെല്‍പാം സംസ്‌കരണ കേന്ദ്രം പുനരുദ്ധാരണ രൂപരേഖക്ക് സര്‍ക്കാര്‍ അംഗീകാരം.25 ലക്ഷം രൂപയാണ് ഇതിനായി നീക്കിവെച്ചിരിക്കുന്നത്.
50 ലക്ഷത്തിന്റെ രൂപരേഖയാണ് സമര്‍പ്പിച്ചിരുന്നത്. ഭാവിയില്‍ കൂടുതല്‍ തുക അനുവദിക്കും. 2000 ലാണ് കല്ലേപ്പള്ളിയില്‍ പ ന നാര് സംസ്‌കരണ കേന്ദ്രം ആരംഭിച്ചത്. ആലത്തൂര്‍ താലൂക്കില്‍ പൊതുമേഖലയിലെ ആദ്യ വ്യവസായ ശാലയാണിത്. വൈകാതെ പ്രവര്‍ത്തനം നിലച്ച കേന്ദ്രം പത്ത് വര്‍ഷം മുമ്പ് പുനരുദ്ധരിച്ചിരുന്നു. ആറ് വര്‍ഷം മുമ്പ് വീണ്ടും പൂട്ടി.
പനനാര് സംസ്‌കരണം ,ഫര്‍ണീച്ചര്‍ നിര്‍മാണം എന്നിവ പുനരാരംഭിക്കാന്‍ 25 ലക്ഷം ,ശീതളപാനീയ യൂണിറ്റിന് 25 ലക്ഷം എന്നിങ്ങന്നെ വകയിരുത്തണമെന്നായിരുന്നു രൂപരേഖയുടെ നിര്‍ദേശം .ആകെ 25 ലക്ഷമേ ഇപ്പോള്‍ അനുവദിച്ചിട്ടുള്ളൂ.
ഒന്നേമുക്കാല്‍ ഏക്കര്‍ സ്ഥലം, ജല സമുദ്ധമായ കുളം, കോണ്‍ക്രീറ്റ് കെട്ടിടം എന്നിവ കല്ലേപ്പുള്ളി കേന്ദ്രത്തിനുണ്ട്.ഇത് ഉപയോഗപ്പെടുത്തി കുപ്പിവെള്ള നിര്‍മാണശാല, ആധുനിക അരി മില്‍ എന്നിവ ആരംഭിക്കാനുള്ള ആലോചനയുണ്ട്.ഇതിന് അന്തിമരൂപമായിട്ടില്ല. വ്യവസായ വകുപ്പിന് കീഴിലുള്ള സ്ഥാപനമാണ് കേരള സംസ്ഥാന കരിമ്പന ഉത്പന്ന വികസന തൊഴിലാളി ക്ഷേമ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെല്‍പാം). എന്നാല്‍ ഇത് പട്ടികജാതി വികസന വകുപ്പിനു കീഴില്‍ കൊണ്ടുവരാനുള്ള നീക്കവും നടത്തുന്നുണ്ട്.
അങ്ങനെയാണെങ്കില്‍ സ്ഥാപനത്തിലെ 50 ശതമാനം ജോലി പട്ടികജാതിക്കാര്‍ക്ക് അനുവദിച്ചു കിട്ടും.നിലവില്‍ പൂട്ടിയ സ്ഥാപനം തുറന്ന് പ്രവര്‍ത്തിക്കുന്നതിന്ആലോചനയോഗം നടത്തി. കെല്‍പാം ചെയര്‍മാന്‍ തങ്കപ്പന്‍, മാനേജിംഗ് ഡയറക്ടര്‍ കെ ബാബു എന്നിവരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ കാവശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് പി സി ഭാമ, വൈസ് പ്രസിഡന്റ് കെ ചന്ദ്രന്‍, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സംഗീത ബൈജു, സുഭദ്ര രാമനാരായണന്‍, മഞ്ജുഷ, പട്ടികജാതി ക്ഷേമസമിതി ജില്ലാ സെക്രട്ടറി വി പൊന്നു കുട്ടന്‍, പി സി പ്രമോദ്, സുരേഷ് കുമാര്‍ എന്നിവര്‍ കെല്‍പാം സന്ദര്‍ശിച്ചു.