ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ മൂന്നാം സീസണിന് ഇന്ന് തുടക്കം

Posted on: October 1, 2016 9:25 am | Last updated: October 1, 2016 at 12:05 pm

isl-2016-schedule-and-resulഇന്ത്യന്‍ ഫുട്‌ബോളില്‍ ആവേശത്തിന്റെ പര്യായമായി മാറിയ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ എസ് എല്‍) ഫുട്‌ബോളിന്റെ മൂന്നാം സീസണിന് ഇതാ തുടക്കമാകുന്നു. ഇന്ന് ഗുവാഹത്തിയില്‍ വൈകീട്ട് ഏഴിന് കിക്കോഫ്. ആറ് മണിയോടെ വര്‍ണപ്പകിട്ടുള്ള, താരപ്പൊലിമയുള്ള ഉദ്ഘാടന ചടങ്ങ്.
ഐ എസ് എല്‍ ചെയര്‍പേഴ്‌സന്‍ നിത അംബാനി ‘ലെറ്റ്‌സ് ഫുട്‌ബോള്‍’ എന്ന ആരവം ഉയര്‍ത്തുന്നതോടെ രണ്ട് മാസത്തിലേറെ നീണ്ടു നില്‍ക്കുന്ന സൂപ്പര്‍ പോരാട്ടങ്ങള്‍ക്ക് തുടക്കമാകും.
ഉദ്ഘാടനപ്പോരില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ് സിയും കേരള ബ്ലാസ്റ്റേഴ്‌സും ഏറ്റുമുട്ടും. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ ഏക പ്രതിനിധിയാണ് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്. ബോളിവുഡ് നടനും നിര്‍മാതാവുമായ ജോണ്‍ എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള നോര്‍ത്ത് ഈസ്റ്റിന് ആദ്യ രണ്ട് സീസണിലും വലിയ ചലനം സൃഷ്ടിക്കാന്‍ സാധിച്ചിട്ടില്ല. പുതിയ പരിശീലകന്‍ നെലോ വിംഗാദയുടെ തന്ത്രങ്ങള്‍ മാറ്റം കൊണ്ടുവരുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് വടക്ക് കിഴക്കുള്ള ഫുട്‌ബോള്‍ മണ്ണ്. കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിയുടെ ഏറ്റവും വലിയ ആത്മവിശ്വാസം കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം നിറഞ്ഞു കവിയുന്ന ആരാധകക്കൂട്ടമാണ്. മഞ്ഞപ്പട എന്ന പേരില്‍ വലിയൊരു ഫാന്‍ബേസും കേരള ടീമിന് സ്വന്തം.
രണ്ടാമത്തെ ആത്മബലം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ടീമിന്റെ നെടുംതൂണായി നില്‍ക്കുന്നുവെന്നതാണ്. ഇടക്കാലത്ത് സച്ചിന്‍ ബ്ലാസ്റ്റേഴ്‌സിനെ കൈയ്യൊഴിഞ്ഞേക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍, ടീം ഉടമസ്ഥാവകാശം സംബന്ധിച്ച എല്ലാ ആശങ്കകള്‍ക്കും വിരാമമിട്ടു കൊണ്ട് സച്ചിനൊപ്പം തെലുങ്ക് സിനിമയിലെ താരചക്രവര്‍ത്തിമാരായ ചിരഞ്ജീവിയും നാഗാര്‍ജുനയുമെല്ലാം ബ്ലാസ്റ്റേഴ്‌സിന്റെ ഓഹരികള്‍ സ്വന്തമാക്കി, ടീമിന്റെ കെട്ടുറപ്പ് ബലപ്പെടുത്തി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പരിശീലകന്‍ സ്റ്റീവ് കോപ്പല്‍ ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക തൊപ്പിയണിഞ്ഞതും ശുഭസൂചനയാണ്.
പ്രഥമ സീസണില്‍ റണ്ണേഴ്‌സപ്പായ ബ്ലാസ്റ്റേഴ്‌സ് രണ്ടാം സീസണില്‍ സെമികാണാതെ പുറത്തായത് ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. പീറ്റര്‍ ടെയ്‌ലറായിരുന്നു കഴിഞ്ഞ സീസണില്‍ മഞ്ഞപ്പടയുടെ പരിശീലകന്‍. മികച്ച കളിക്കാരുള്ള ടീമിനെ മാനേജ് ചെയ്യാനറിയാതെ പീറ്റര്‍ ടെയ്‌ലര്‍ തന്റെ ഉട്ടോപ്യന്‍ ആശയങ്ങളില്‍ ശഠിച്ചു നിന്നു. തുടര്‍ തോല്‍വികളായതോടെ, പുറത്താക്കപ്പെട്ടു. തുടര്‍ന്നെത്തിയ ടെറി ഫെലാന് കീഴില്‍ ടീം മെച്ചപ്പെട്ടെങ്കിലും ഒരു തിരിച്ചുവരവ് സാധ്യമായില്ല. ഇത്തവണയും ടീമില്‍ വലിയ മാറ്റമില്ല. സ്റ്റീവ് കോപ്പലിന്റെ മാന്‍ മാനേജ്‌മെന്റ് അനുസരിച്ചിരിക്കും എല്ലാം.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വര്‍ഷങ്ങള്‍ കളിച്ച, ക്രിസ്റ്റല്‍ പാലസ്, റീഡിങ് തുടങ്ങിയ ക്ലബ്ബുകളെ പരിശീലിപ്പിച്ച ഈ ഇംഗ്ലണ്ട് പരിശീലകനില്‍ കേരളം വലിയ വിശ്വാസമര്‍പ്പിക്കുന്നു.
മാര്‍ക്വു താരമായി കേരളം ആരോണ്‍ ഹ്യൂസിനെ കൊണ്ടു വന്നു. ഇയാള്‍ ചില്ലറക്കാരനല്ല. കഴിഞ്ഞ യൂറോ കപ്പില്‍ വടക്കന്‍ അയര്‍ലന്റി്‌നായി കളിച്ച താരം.
ഐറിഷ് ടീമിനായി നൂറ് രാജ്യാന്ത മത്സരം കളിച്ച ആദ്യ താരം. ന്യൂകാസില്‍, ഫുള്‍ഹാം, ആസ്റ്റന്‍വില്ല ക്ലബ്ബുകളിലായി നാനൂറിലേറെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരം കളിച്ച താരം. സെന്റര്‍ ബാക്കില്‍ തിളങ്ങിയ ഹ്യൂസ് ഒരു കളിയില്‍ പോലും ചുവപ്പ് കാര്‍ഡ് കണ്ടിട്ടില്ല.
മുന്‍ ന്യൂകാസില്‍ യുനൈറ്റഡ് സ്‌ട്രൈക്കര്‍ മൈക്കല്‍ ചോപ്ര വര്‍ധിച്ച വീര്യത്തോടെ ടീമില്‍ തിരിച്ചെത്തിയിരിക്കുന്നു. ഭാരക്കൂടുതലാണ് മുന്‍ സീസണില്‍ തിരിച്ചടിയായത്. ഇത്തവണ തടി കുറച്ചു. ഇനി ബോക്‌സിനുള്ളില്‍ അതിവേഗം വെട്ടിത്തിരിയാനും ഷൂട്ട് ചെയ്യാനും ചോപ്രക്ക് പ്രയാസമില്ല. കപ്പില്‍ കുറഞ്ഞതൊന്നും വേണ്ടെന്നാണ് ചോപ്ര പറയുന്നത്. വീമ്പടിയാണോ എന്നത് കാത്തിരുന്ന് കാണാം. കഴിഞ്ഞ വര്‍ഷം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിലേക്ക് ചേക്കേറിയ സെഡ്രിക് ഹെംഗ്ബര്‍ട്ടും മടങ്ങിയെത്തിയിട്ടുണ്ട്.
നോര്‍ത്ത് ഈസ്റ്റിന് ഈ സീസണിന്റെ തുടക്കം ശുഭമായില്ല. പരിശീലകനായി നിയമിക്കപ്പെട്ട സെര്‍ജിയോ ഫരിയാസ് രണ്ട് മാസം കഴിഞ്ഞപ്പോള്‍ തന്റെ മുന്‍ ടീമായ തായ്‌ലന്റിലെ സുഫാന്‍ബുരി എഫ്.സിയിലേക്ക് മടങ്ങി പോയി. പോര്‍ച്ചുഗീസ് മാനേജരായ നിലോ വിംഗാഡയാണ് പിന്നീട് ആ സ്ഥാനത്തെത്തിയത്. 1996ല്‍ എ.എഫ്.സി കപ്പില്‍ സൗദി അറേബ്യയെ കിരീടത്തിലേക്ക് നയിച്ച വിംഗാഡ തന്റെ ടീമിന് 1998ലെ ലോകകപ്പില്‍ കളിക്കാനുള്ള അര്‍ഹത നേടിക്കൊടുത്തും ശ്രദ്ധയാകര്‍ഷിച്ചു.
കളിക്കളത്തിലും പിഴച്ചു കൊണ്ടായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ തുടക്കം. ആദ്യം ടീമിലെത്തിച്ച വന്‍ താരങ്ങളായ സഷ അനഫ്, ഫാബിയോ നെവസ് (ഇരുവരും ഉറഗ്വേയില്‍ നിന്നുള്ളവര്‍) എന്നിവര്‍ക്ക് പരിക്കേറ്റ് കരയ്ക്കിരിക്കേണ്ട അവസ്ഥയാണ്. കഴിഞ്ഞ വര്‍ഷം വരെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ താരങ്ങളായിരുന്നു ടീമിലുണ്ടായിരുന്നത്. ഇത്തവണ ജോണ്‍ എബ്രഹാം അതില്‍ നിന്നും മാറ്റം വരുത്തി മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള മികച്ച കളിക്കാരെ കൂടി ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ ഗോളി സുബ്രതാ പാല്‍, റൗളില്‍ ബോര്‍ജസ്, സൗവിക് ഘോഷ്, സുമീത് പാസി തുടങ്ങി ഒരു പുതിയ നിര തന്നെ ടീമിലുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷം മോഹന്‍ ബഗാന് വേണ്ടി 27 ഗോളുകള്‍ അടിച്ചു കൂട്ടിയ ജപ്പാന്‍ താരം കസുമി യാസു, അര്‍ജന്റീന താരം നിക്കോളാസ് വാലസ്, എമില്യാനോ അല്‍ഫറോ, ബ്രസീലിയന്‍ താരങ്ങളായ മെയില്‍സണ്‍ അല്‍വ്‌സ, ഗുസ്താവോ ലാസറട്ടി, വെല്ലിങ്ടണ്‍ ഗോംസ് എന്നിവരൊക്കെ ഒപ്പമുണ്ട്.

വെലെസും ജിങ്കാനും മുഖാമുഖം
കഴിഞ്ഞ സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ ടോപ് സ്‌കോറര്‍ നികോളാസ് വെലസ് ആയിരുന്നു. അഞ്ച് ഗോളുകളായിരുന്നു ഈ അതിവേഗക്കാരന്‍ നേടിയത്. വേഗവും ബുദ്ധിയും കോര്‍ത്തിണക്കുന്ന പ്രകടനക്കാരനെ പിടിച്ചുകെട്ടുക എളുപ്പമല്ല. കേരള ബ്ലാസ്റ്റേഴ്‌സ് ഗോള്‍ മുഖം റെയ്ഡ് ചെയ്യാനെത്തുന്ന വെലെസിനെ തടയാന്‍ നിയോഗിക്കപ്പെടുക സന്ദേശ് ജിങ്കനാകും. പ്രഥമ സീസണില്‍ തന്നെ വരവറിയിച്ച താരമാണ് ജിങ്കാന്‍. ഒത്ത ഉയരവും കരുത്തും വേഗവും നിശ്ചയദാര്‍ഢ്യവുമെല്ലാം ഒത്തുചേരുന്ന ജിങ്കാന്‍ ആളൊരു പുലിയാണ്. വെലെസിനെ വിലസാന്‍ വിടാതെ ജിങ്കാന്‍ തടയുമ്പോഴാകും മത്സരം ആവേശമാവുക.
സൊകോറയും ജോസുവും
അങ്കത്തിന്
മധ്യനിരയില്‍ ഇന്ന് കളി ഉഷാറാകും. നോര്‍ത്ത് ഈസ്റ്റിന്റെ നീക്കങ്ങളെല്ലാം തീരുമാനിക്കുക മാര്‍ക്വു താരം ദിദിയര്‍ സൊകോറയാകും. ഐവറികോസ്റ്റിനായി ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ച സൊകോറ മധ്യനിരയില്‍ നിന്ന് നല്‍കുന്ന പന്തുകളാണ് സാക്ഷാല്‍ ദിദിയല്‍ ദ്രോഗ്ബ ഗോളിലെത്തിച്ചത്. വലിയ പരിചയ സമ്പത്തുള്ള സൊകോറ പന്തുമായി വെപ്രാളപ്പെട്ടു കളിക്കാറില്ല. എല്ലാം അനായാസം. കഴിഞ്ഞ സീസണില്‍ എഫ് സി പൂനെ സിറ്റിയുടെ താരമായിരുന്നു.
സ്പാനിഷ് അറ്റാക്കര്‍ ജോസു കുരിയാസ് ബ്ലാസ്റ്റേഴ്‌സിന്റെ ചടുലതാളമാണ്. എന്നാല്‍, കഴിഞ്ഞ സീസണില്‍ ജോസു ടീമിനുള്ളില്‍ വലിയ പ്രശ്‌നക്കാരില്‍ ഒരാളായിരുന്നു. ഫ്രീകിക്കെടുക്കാനും സ്‌പോട് കിക്കെടുക്കാനും ജെര്‍മെയ്‌നുമായി അടിയുണ്ടാക്കുന്ന ജോസുവിനെ ഗ്രൗണ്ടില്‍ കണ്ടു. ഇത്തവണ അതൊന്നുമുണ്ടാകില്ല. സ്റ്റീവ് കോപ്പല്‍ എന്ന പരിശീലകന്റെ പ്ലേ മേക്കര്‍ ജോസുവാണ്. കഴിഞ്ഞ സീസണില്‍ നോര്‍ത്ത് ഈസ്റ്റിനെതിരെ മൂന്ന് അസിസ്റ്റുകള്‍ നടത്തിയ ജോസു ഒരു കണ്ണഞ്ചിപ്പിക്കുന്ന ഗോളും നേടി.
ജെര്‍മെയിന് പ്രതിരോധം തീര്‍ക്കാന്‍ ആല്‍വസ്
ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗ്യമാണ് അന്റോണിയോ ജെര്‍മെയ്‌നെ പോലൊരു താരത്തെ ടീമില്‍ ലഭിച്ചത്. പക്ഷേ, ആ പ്രതിഭയെ മുതലെടുക്കാന്‍ ഇനിയും മഞ്ഞപ്പടക്ക് സാധിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം ആറ് ഗോളുകള്‍ നേടിയ ജെര്‍മെയിന്‍ മൂന്ന് അസിസ്റ്റുകളും നടത്തി. മാച്ച് വിന്നറാണ് ഈ താരം. സ്റ്റീവ് കോപ്പല്‍ ഈ സൂപ്പര്‍ സ്‌ട്രൈക്കറെ ലക്ഷ്യബോധമുള്ളവനാക്കിയാല്‍ ബ്ലാസ്റ്റേഴ്‌സിന് കിരീടപ്പോരിലേക്ക് അനായാസം കുതിക്കാം.
ഇന്ന് ജെര്‍മെയ്‌നെ തളയ്ക്കാന്‍ നോര്‍ത്ത് ഈസ്റ്റ് നിരയില്‍ മെയില്‍സന്‍ ആല്‍വസുണ്ടാകും. കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍മാരായ ചെന്നൈയിന്‍ എഫ് സിയുടെ പ്രതിരോധശക്തി. വായുവില്‍ ഉയര്‍ന്നു വരുന്ന ഒരു പന്തും ആല്‍വസിനോട് സമ്മതം ചോദിക്കാതെ നിലം തൊടില്ല. ഫീല്‍ഡ് പ്ലെയില്‍ ജെര്‍മെയിന്‍ തന്റെ മാന്ത്രികത പ്രദര്‍ശിപ്പിച്ചാല്‍ മാത്രം ആല്‍വസിന് കാലിടറും.