ഓരോ മിനുട്ടും വിമാനം നിരീക്ഷിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്താന്‍ ഖത്വര്‍ എയര്‍വേയ്‌സ്‌

Posted on: September 28, 2016 7:34 pm | Last updated: September 30, 2016 at 9:15 pm
SHARE

qatar airwaysദോഹ: ഓരോ മിനുട്ടും വിമാനങ്ങളെ നിരീക്ഷിക്കാനുള്ള ഗ്ലോബല്‍ ബീക്കണ്‍ സംവിധാനം ഖത്വര്‍ എയര്‍വേയ്‌സ് നടപ്പാക്കുന്നു. അന്താരാഷ്ട്ര സിവില്‍ വ്യോമയാന സംഘടന (ഇകാഒ) 2021ഓടെ ലോകത്തെ എല്ലാ വിമാനങ്ങളും ഈ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇകാഒയുടെ നിര്‍ദേശത്തിന് മൂന്ന് വര്‍ഷം മുമ്പ് 2018ഓടെ ഖത്വര്‍ എയര്‍വേയ്‌സിന്റെ എല്ലാ വിമാനങ്ങളിലും ഓട്ടോമാറ്റിക് ഡിപന്‍ഡന്റ് സര്‍വില്ലയന്‍സ് ബ്രോഡ്കാസ്റ്റ് (എ ഡി എസ്- ബി) സംവിധാനം ഏര്‍പ്പെടുത്തും. എയ്‌റിയോണ്‍ എല്‍ എല്‍ സി, ഫ്‌ളൈറ്റ് അവേര എന്നിവരുമായി സഹകരിച്ചാണ് ഖത്വര്‍ എയര്‍വേയ്‌സ് പദ്ധതി നടപ്പാക്കുന്നത്.
വിദൂരസ്ഥലങ്ങളിലെ വാണിജ്യ വിമാനങ്ങളെ കണ്ടുപിടിക്കുന്നതിന് കഴിഞ്ഞ മാര്‍ച്ചില്‍ ഗ്ലോബല്‍ എയറോനോട്ടിക്കല്‍ ഡിസ്ട്രസ് സേഫ്റ്റി സംവിധാനം (ഗാഡ്‌സ്) ഇകാഒ പ്രഖ്യാപിച്ചിരുന്നു.
സാധാരണ പറക്കിലിനിടെ ചുരുങ്ങിയത് ഓരോ 15 മിനുട്ടിലും വിമാനങ്ങളുടെ കേന്ദ്രസ്ഥാനങ്ങളില്‍ വിവരം കൈമാറണമെന്ന് ഗാഡ്‌സ് ശിപാര്‍ശ ചെയ്തിരുന്നു. എന്തെങ്കിലും പ്രശ്‌നത്തില്‍ അകപ്പെട്ടാല്‍ ഓരോ മിനുട്ടിലും വിവരം കൈമാറണമെന്നാണ് ശിപാര്‍ശ. ഓരോ മിനുട്ടിലും സ്ഥിരമായി വിവരം കൈമാറുന്നതിന് സഹായിക്കുന്ന സംവിധാനമാണ് ഗ്ലോബല്‍ ബീക്കണ്‍.
ലോകത്ത് വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന വിമാന കമ്പനിയെന്ന നിലയില്‍ ഏറ്റവും സൗകര്യപ്രദമായ സേവനം യാത്രക്കാര്‍ നല്‍കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഖത്വര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് സി ഇ ഒ അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു. വ്യോമയാന സുരക്ഷ, ബോധവത്കരണം മേഖലകളില്‍ നേതൃപരമായ പങ്ക് വഹിക്കാനാകുന്നതില്‍ അഭിമാനമുണ്ട്.
ആഗോള ഉപഗ്രഹ വിമാന നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുന്ന ആദ്യ വിമാന കമ്പനിയും ഖത്വര്‍ എയര്‍വേയ്‌സാകും. വിമാനത്തിന്റെ പുറപ്പെട്ട സ്ഥലം, എത്തിച്ചേരേണ്ടത്, റൂട്ട്, നിലവിലെ സ്ഥാനം, എത്തിച്ചേരാന്‍ നിശ്ചയിച്ച സമയം തുടങ്ങിയ കൈമാറാന്‍ ഗ്ലോബല്‍ ബീക്കണ് കഴിയും.

LEAVE A REPLY

Please enter your comment!
Please enter your name here