മുഖ്യമന്ത്രിയുടെ പ്രസ്താവന അപലപനീയം: കെയുഡബ്ല്യുജെ

Posted on: September 28, 2016 11:33 am | Last updated: September 28, 2016 at 11:33 am

KUWJ-media-workersതിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകര്‍ സമരക്കാരുടെ വാടകക്കാരായി പ്രവര്‍ത്തിച്ചു എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന അപലപനീയമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍. മാധ്യമ പ്രവര്‍ത്തകര്‍ ആരുടെയും വാടകക്കാരല്ല. ആര് ആവശ്യപ്പെട്ടാലും വാര്‍ത്താ പ്രാധാന്യം ഉണ്ടെങ്കില്‍ പത്രപ്രവര്‍ത്തകര്‍ അവിടെ എത്തും. അത് വാടക മാധ്യമപ്രവര്‍ത്തനമായി വ്യാഖ്യാനിക്കുന്നത് നിര്‍ഭാഗ്യകരമാണ്.

കരിങ്കൊടി കാട്ടിയവരെ തലോടുകയും അതിന്റെ ദൃശ്യം പകര്‍ത്തിയവരെ അവഹേളിക്കുകയും ചെയ്യുന്നത് ശരിയാണോ എന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പരിശോധിക്കണം. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ആരോടും ഒരു വിവേചനവും ഇല്ല. എന്നാല്‍ അവഗണിച്ചും പരിഹസിച്ചും എതിരാക്കുക എന്ന നയം സര്‍ക്കാരിനുണ്ടോ എന്ന് സംശയം തോന്നുന്നു. മാധ്യമ പ്രവര്‍ത്തകരെ വാടകക്കാരായി വിശേഷിപ്പിച്ചത് തിരുത്താന്‍ മുഖ്യമന്ത്രി തയ്യാറാവുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കെയുഡബ്ല്യുജെ പ്രസ്തവാനയിലൂടെ അറിയിച്ചു.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കെഎസ്‌യു-യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചിരുന്നു. ഈ സംഭവത്തെക്കുറിച്ച് പ്രതികരിക്കുമ്പോഴാണ് മുഖ്യമന്ത്രി നിയമസഭയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പ്രസ്താവന നടത്തിയത്. മാധ്യമപ്രവര്‍ത്തകര്‍ വാടകക്കെടുത്തവരാണ് കരിങ്കൊടി കാണിച്ചതെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.