Connect with us

Gulf

കല്‍ബയില്‍ കുടില്‍ വ്യവസായമായി മത്സ്യക്കുട്ട നിര്‍മാണം

Published

|

Last Updated

ഷാര്‍ജ: മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന കുട്ട നിര്‍മാണം കല്‍ബയില്‍ കുടില്‍വ്യവസായം. വന്‍തോതിലാണ് കുട്ടകള്‍ നിര്‍മികുന്നത്. വിവിധ വലുപ്പത്തിലുള്ള കുട്ടകള്‍ക്ക് ആവശ്യക്കാരെറെ. ഷെഡ്ഡുകളിലൊന്ന് നിര്‍മാണം. നിരവധി ഷെഡ്ഡുകളാണ് കുട്ടകള്‍ ഉണ്ടാക്കുന്നതിനായി പണിതിട്ടുള്ളത്. മലയാളികളടക്കം നിരവധി പേര്‍ കുട്ട നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു.

കല്‍ബ മത്സ്യബന്ധന തുറമുഖത്തിനു എതിര്‍ വശം വിശാലമായ സ്ഥലത്താണ് കുട്ട നിര്‍മിക്കാനുള്ള സൗകര്യം ഏര്‍പെടുത്തിയിരിക്കുന്നത്. കുടില്‍ വ്യവസായം പോലെയാണിത്. ഓരോ കേന്ദ്രത്തിലും നിരവധിപേര്‍ നിര്‍മാണത്തിലേര്‍പെടുന്നു.
പാക്കിസ്ഥാനികള്‍ക്കുപുറമെ അഫ്ഗാനികളും ബംഗ്ലാദേശികളും ഉത്തരേന്ത്യക്കാരും തൊഴിലാളികളായുണ്ട്. ഷെഡ്ഡുകളില്‍ തന്നെയാണ് ഇവരുടെ താമസവും. ചേരിപ്രദേശങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ളവയാണ് ഷെഡ്ഡുകള്‍.
ഈന്തപ്പന ഓലകള്‍ കൊണ്ടും മറ്റുമാണ് നിര്‍മിച്ചിരിക്കുന്നത്. ഒരു പ്രദേശം അപ്പാടെ കൂട്ട നിര്‍മാണകേന്ദ്രമാണ്.

നേരിയ ഇരുമ്പ് കമ്പികളും മറ്റും ഉപയോഗിച്ചാണ് കുട്ടകള്‍ നിര്‍മിക്കുന്നത്. അവധി ദിവസങ്ങളിലും നിര്‍മാണം നടക്കുന്നു. വലിയ ഒരു കൂടിന് 70 ദിര്‍ഹമാണ് വിലയെന്ന് തൊഴിലാളിയായ ഒരു പാകിസ്ഥാന്‍ സ്വദേശി പറഞ്ഞു. കല്‍ബയില്‍ മാത്രമല്ല മത്സ്യബന്ധനത്തിനുള്ള ഈ കുട്ടകള്‍ ഉപയോഗിക്കുന്നതെന്നും മറ്റിടങ്ങളില്‍ നിന്നും ആവശ്യക്കാര്‍ ഏറെ എത്തുന്നുണ്ടെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു. കടലിലും, പുഴകളിലും, തടാകങ്ങളിലും മത്സ്യംപിടിക്കാന്‍ പാകത്തിലുള്ള കുട്ടകള്‍ നിര്‍മിക്കുന്നു. ഇവ നിരനിരയായി വെച്ചിരിക്കുന്നുത് കാണന്‍ ഏറെ ആകര്‍ഷകമാണ്. അതുകൊണ്ട് തന്നെ ഇവിടെ വരുന്ന വിനോദസഞ്ചാരികളുടെ ശ്രദ്ധയും ഇങ്ങോട്ട് പതിയുന്നു. കുട്ടകള്‍ക്ക് പുറമെ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട മറ്റുജോലികളും ഇവിടെനടക്കുന്നുണ്ട്.

മത്സ്യബന്ധനത്തിന് പ്രശസ്തമായ തുറമുഖങ്ങളിലൊന്നാണ് കല്‍ബ. മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഒട്ടേറെ പേരാണ് ഇവിടെ ജീവിക്കുന്നത്. തൊഴിലാളികളില്‍ അധികവും ഇന്ത്യക്കാരടക്കമുള്ള വിദേശികളാണ്. സ്വദേശികളുടെ മേല്‍നോട്ടത്തിലാണ് മത്സ്യബന്ധനം. കല്‍ബ തുറമുഖത്തും ബീച്ചിലും ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങളും നടന്നുവരുന്നുണ്ട്. ഷാര്‍ജ എമിറേറ്റിലാണ് വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നായ കല്‍ബ.

---- facebook comment plugin here -----

Latest