സ്‌ഫോടനം; അല്‍ ഖൈല്‍ ഗേറ്റ് താമസ സമുച്ചയത്തില്‍ ഗ്യാസ് സിലിന്‍ഡര്‍ ഉപയോഗത്തിന് നിരോധം

Posted on: September 24, 2016 2:16 pm | Last updated: September 26, 2016 at 10:01 pm
SHARE

3262657135ദുബൈ: അല്‍ ഖൂസിലെ അല്‍ ഖൈല്‍ ഗേറ്റിലെ താമസ സമുച്ചയത്തിലുണ്ടായ പൊട്ടിത്തെറിയുടെ പശ്ചാത്തലത്തില്‍ ഇവിടെ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് ഗ്യാസ് സിലിന്‍ഡര്‍ ഉപയോഗത്തിന് നിരോധം ഏര്‍പെടുത്തി. കട്ടിടം ഉടമകളായ ദുബൈ പ്രോപ്പര്‍ട്ടീസ് ആണ് താമസക്കാര്‍ക്ക് ഇതു സംബന്ധിച്ച് െനോട്ടീസ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ആഗസ്റ്റ് 24നാണ് ഫേസ് ഒന്നില്‍ 39-ാം നമ്പര്‍ കെട്ടിടത്തിലെ അഞ്ചാം നിലയില്‍ ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. അപകടത്തില്‍ അപ്പാര്‍ട്‌മെന്റിലെ താമസക്കാരില്‍പെട്ട ഇന്ത്യക്കാരി മരിക്കുകയും ഇവരുടെ മകളെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
പൊട്ടിത്തെറി നടന്ന അപ്പാര്‍ട്‌മെന്റിലെ ബാല്‍ക്കണിയുടേയും അടുക്കളയുടേയും ചുമരുകള്‍ പൂര്‍ണമായും തെറിച്ചുപോയിരുന്നു. മേല്‍കൂരക്കും കേടുപാടുകളുണ്ടായി.തൊട്ടുതാഴെയുള്ള അപ്പാര്‍ട്‌മെന്റിലെ ബാല്‍കണിയിലും നാശനഷ്ടങ്ങളുണ്ടായി. തൊട്ടടുത്ത കെട്ടിടത്തേയും സ്‌ഫോടനം ബാധിച്ചിരുന്നു.
അഞ്ചു ദിവസം മുമ്പ് ഇതേ സമുച്ചയത്തിലെ ഫേസ് രണ്ടില്‍ ഏഴാം നിലയില്‍ തീപിടുത്തമുണ്ടായി ചെറിയ നാശനഷ്ടം സംഭവിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സമുച്ചയത്തില്‍ ഗ്യാസ് സിലിന്‍ഡര്‍ ഉപയോഗത്തിന് പൂര്‍ണ നിരോധനമേര്‍പെടുത്തിക്കൊണ്ട് ഉടമകള്‍ താമസക്കാര്‍ക്ക് നോട്ടീസ് നല്‍കിയത്. മുഴുവന്‍ താമസക്കാരും പാചക വാതക സിലിന്‍ഡറുകള്‍ ഉടന്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച രാത്രിയാണ് കെട്ടിടത്തില്‍ നോട്ടീസ് പതിച്ചത്.
ദുബൈ സിവില്‍ ഡിഫന്‍സിന്റെ നിയമവും ചട്ടവും പാലിച്ച് എത്രയും പെട്ടെന്ന് സിലിന്‍ഡര്‍ നീക്കം ചെയ്യണമെന്നാണ് നോട്ടീസിലുള്ളത്. ഈ നടപടി താമസക്കാര്‍ പാലിച്ചില്ലെങ്കില്‍ ഇത്തരത്തിലുള്ള അപകടം സംഭവിച്ചുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് അതാത് താമസക്കാരാണ് ഉത്തരവാദികളാവുകയെന്നും നോട്ടീസിലുണ്ട്.
അതേസമയം പാചകവാതക സിലിന്‍ഡര്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന നോട്ടീസ് താമസക്കാര്‍ക്ക് വലിയ ആഘാതമായിട്ടുണ്ട്. താമസത്തിനു വരുന്ന സമയത്തുണ്ടാക്കിയ വാടക കരാറില്‍ ഇത്തരത്തിലൊരു പരാമര്‍ശവുമുണ്ടായിരുന്നില്ലെന്ന് താമസക്കാര്‍ പറയുന്നു. ഫേസ് രണ്ടിലെ താമസക്കാര്‍ക്ക് ഇലക്ട്രിക് സ്റ്റൗ എത്തിച്ചുനല്‍കിയിട്ടുണ്ട്. പക്ഷേ ഫേസ് ഒന്നില്‍ ഇതിന് പകരമായി സൗകര്യമേര്‍പ്പെടുത്തിയിട്ടില്ല. മിക്ക താമസക്കാരും താമസത്തിനായി ഇന്‍ഡക്ഷന്‍ കുക്കര്‍ വാങ്ങിയിരിക്കുകയാണ്. ഇന്‍ഡക്ഷന്‍ കുക്കര്‍ ഉപയോഗത്തിലൂടെയുണ്ടായ വൈദ്യുതി ബില്‍ വര്‍ധനവും താമസക്കാര്‍ക്കിടയില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. കെട്ടിടത്തിലെ കേന്ദ്രീകൃത ശീതീകരണ സംവിധാനത്തിന് വരുന്ന വൈദ്യുതി ബില്ല് കൂടി ഇപ്പോള്‍ ഈടാക്കുന്നുണ്ടെന്നും പാചക വാതക സിലിന്‍ഡര്‍ നിരോധിച്ചതിനാല്‍ ഇക്ട്രിക് സ്റ്റൗ ഉപയോഗത്തിലൂടെ വരുന്ന ബില്‍ വര്‍ധനവ് കൂടി താങ്ങാനാവില്ലെന്നും താമസക്കാര്‍ പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here