രാജ്യത്ത് 8.4 കോടി കുട്ടികള്‍ സ്‌കൂളിന്റെ പടിക്ക് പുറത്തെന്ന് സെന്‍സസ്

Posted on: September 23, 2016 7:28 pm | Last updated: September 24, 2016 at 9:10 am
SHARE

5760030508252972190_orgന്യൂഡല്‍ഹി: രാജ്യത്ത് 8.4 കോടി കുട്ടികള്‍ സ്‌കൂളിന്റെ പടിക്ക് പുറത്തെന്ന് പുതിയ സെന്‍സസ് റിപ്പോര്‍ട്ട്. 78 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ പഠനത്തോടൊപ്പം അര ചാണ്‍ വയറിനായി ജോലി ചെയ്യേണ്ടി വരുന്നുവെന്നും 2011 ലെ സെന്‍സസ് വിവരങ്ങള്‍ വ്യക്തമാക്കുന്നു. 5 മുതല്‍ 17 വയസ്സ് വരെ പ്രായമുള്ള വിദ്യാര്‍ഥികളുടെ കണക്കാണിത്.

സ്‌കൂള്‍ പഠനത്തോടൊപ്പം ജോലി ചെയ്യേണ്ടിവരുന്നവരില്‍ 57 ശതമാനവും ആണ്‍കുട്ടികളാണ്. ഇവരില്‍ 68 ശതമാനവും ആറ് മാസമോ അതില്‍കൂടുതലോ കാലയളവില്‍ ജോലി ചെയ്യുന്നവരാണെന്നങ്കില്‍ ബാക്കി 32 ശതമാനവും വര്‍ഷം മുഴുവനും ജോലി ചെയ്യുന്നവരാണ്. ജോലി ചെയ്യുന്ന കുട്ടികളില്‍ ആറ് വയസ്സ് പ്രായമായവര്‍ വരെയുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളും സെന്‍സസ് ഡാറ്റയിലുണ്ട്.

സ്‌കൂളില്‍ പോകാത്തവരില്‍ 51 ശതമാനമാണ് ആണ്‍കുട്ടികള്‍. 49 ശതമാനം പേര്‍ പെണ്‍കുട്ടികളും. ഈ വിഭാഗത്തില്‍ 20 ശതമാനം കുട്ടികളും നിര്‍ബന്ധിത വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നവരാണ് എന്നതും ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. മക്കളുടെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് രക്ഷിതാക്കള്‍ പ്രാധാന്യം നല്‍കാത്തതും വിദ്യാഭ്യാസത്തിന് ചെലവേറിയതുമാണ് വലിയൊരു വിഭാഗത്തെ സ്‌കൂളുകളില്‍ നിന്ന് അകറ്റുന്നതെന്ന് വിലയിരുത്തപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here