മക്കള്‍ രക്തസാക്ഷികളാകരുത്

Posted on: September 23, 2016 5:09 am | Last updated: September 22, 2016 at 11:10 pm
SHARE

imagesഅമേരിക്കയിലെ കൊളംബിയ യൂനിവേഴ്‌സിറ്റിയിലെ മനഃശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് ഗാര്‍ഡനര്‍, വിവാഹബന്ധം വേര്‍പ്പെടുത്തിയ മാതാപിതാക്കളുടെ കുട്ടികളെ പഠന വിധേയരാക്കിയപ്പോള്‍ അവരില്‍ പേരന്റല്‍ ഏലിയനേഷന്‍ സിന്‍ഡ്രം (Parental Alienation Syndrum – PAS) ഉള്ളവരായി കണ്ടു. വൈകാരിക ഒറ്റപ്പെടല്‍ അവരെ മനോരോഗങ്ങളിലേക്ക് തള്ളിവിടുകയായിരുന്നു. വിവാഹമോചിതരുടെ മക്കള്‍ ഇത്തരം നിരവധി വെല്ലുവിളികള്‍ നേരിടുന്നവരായിരിക്കും.
ഫ്രാങ്കോയിസ് റോഷെ, റെയ്മണ്‍ ഫ്രാന്‍സ് എന്നീ രണ്ടു പേര്‍ ചേര്‍ന്ന് 64 വിവാഹിതരെയും 64 വിവാഹമോചിതരെയും പഠനവിധേയരാക്കി. വിവാഹമോചിതരില്‍ ഭൂരിപക്ഷവും മനോരോഗത്തിനടിമകളായി മാറിയതായി പഠനത്തില്‍ വ്യക്തമായി. പലരും ലിവര്‍ സീറോസിസ്, ന്യുമോണിയ, ക്ഷയം എന്നിവ ബാധിച്ചവരായി കണ്ടു. ആത്മഹത്യയിലേക്കും അപകട മരണത്തിലേക്കും വിവാഹമോചിതര്‍ ചെന്നുപെടുന്നു. വിവാഹമോചിതരുടെ മക്കളില്‍ അധികവും വിഷാദരോഗികളായി മാറുന്നു. മദ്യത്തിനും മയക്കുമരുന്നിനും കുറെ പേര്‍ അടിമകളാകുന്നു. കുറ്റവാസന ഇവരില്‍ ഏറെയായിരിക്കും. പെണ്‍കുട്ടികള്‍ നേരിടുന്ന മാനസിക പ്രശ്‌നങ്ങളാണ് സങ്കീര്‍ണം. വിവാഹിതരായാല്‍ പോലും കുടുംബശൈഥില്യം പലരെയും വേട്ടയാടുന്നു. മാതാപിതാക്കള്‍ തമ്മിലുള്ള ബന്ധം അറുത്തുമാറ്റുന്നതോടെ അവരുടെ മനസിനേറ്റ മുറിവുകള്‍ മായാതെ കിടക്കുകയാണ്. അതുകൊണ്ട് തന്നെ മാനസിക-വൈകാരിക പ്രശ്‌നങ്ങള്‍, സ്വഭാവ-വ്യക്തിത്വവൈകല്യങ്ങള്‍ എന്നിവ വിവാഹമോചിതരുടെ മക്കളില്‍ കാണാറുണ്ട്. ദാമ്പത്യത്തിലെ വഴിപിരിയല്‍ മക്കളെ രക്തസാക്ഷികളാക്കുകയാണ് ചെയ്യുന്നത്.
പിതാവിന്റെയും മാതാവിന്റെയും കരുതലും തലോടലും മക്കള്‍ക്ക് അനിവാര്യമാണ്. ഇവരില്‍ ഒരാള്‍ മാത്രം കുട്ടികളെ വളര്‍ത്തുമ്പോള്‍ മറ്റെയാളുടെ അഭാവം കുട്ടികളെ ബാധിക്കും. ഒരാള്‍തന്നെ ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോള്‍ ഉണ്ടാകുന്ന മാനസിക അസ്വസ്ഥതകളും ജോലിഭാരവും കുട്ടികളോടുള്ള പെരുമാറ്റത്തിലും നിഴലിക്കും. മാതാവിന്റെയോ പിതാവിന്റെയോ ഭാഗത്തുനിന്നുണ്ടാകുന്ന മോശം ഇടപെടലുകള്‍ കുട്ടികളില്‍ ആഴമേറിയ മുറിവുകള്‍ സൃഷ്ടിക്കും. മാതാപിതാക്കളുടെ സ്‌നേഹം നിര്‍ലോഭമായി ലഭിക്കുന്നില്ലെങ്കില്‍ മക്കള്‍ ഉണങ്ങിപ്പോകും. ഗര്‍ഭകാലഘട്ടവും ജനിച്ച് ആറുവയസ്സുവരെയുള്ള കാലഘട്ടവും ഒരാളുടെ ജീവിതത്തിന്റെ ഗതിനിര്‍ണയിക്കുന്ന സുപ്രധാനഘട്ടമാണ്. അവിടെ സംഭവിക്കുന്ന അനുഭവങ്ങള്‍ സന്തോഷകരമാകണം. ഓരോ വികാരവും തലച്ചോറില്‍ സ്റ്റോര്‍ ചെയ്യപ്പെടും. നെഗറ്റീവ് അനുഭവങ്ങള്‍ വ്യക്തിത്വവൈകല്യങ്ങള്‍ക്കിടവരുത്തും. ബാല്യം നന്നായില്ലെങ്കില്‍ യൗവനവും വാര്‍ധക്യവും ഗുണകരമാവില്ല.
ഒന്നു തുറന്നു സംസാരിച്ചാല്‍ തീര്‍ക്കാവുന്ന പ്രശ്‌നങ്ങള്‍പോലും വിവാഹമോചനത്തിലേക്ക് വലിച്ചിഴക്കുകയാണ് പല ദമ്പതികളും. പൊരുത്തപ്പെട്ട് കഴിയേണ്ടവര്‍ പോരാടുമ്പോള്‍ അവര്‍ സ്വയം തകരുന്നു. അതോടൊപ്പം മക്കളുടെ ഭാവിയും വെള്ളത്തിലാകുന്നു. വളരെ വൈകിമാത്രമേ ഈ പ്രത്യാഘാതങ്ങളുടെ ദുരന്തഫലങ്ങള്‍ മനസിലാകൂ. ഇന്ത്യയില്‍ ഏറ്റവുമധികം വിവാഹമോചനകേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത് കേരളത്തിലാണ്. ഏഷ്യയുടെ ഡിവോഴ്‌സ് ക്യാപിറ്റലാണ് കേരളം. 20 കുടുംബ കോടതികളിലായി ഒരു ദിവസം ശരാരശി 170ല്‍ പരം കേസുകള്‍ ഫയല്‍ ചെയ്യപ്പെടുന്നു. ഇന്ത്യയിലെ ഏറ്റവും വിദ്യാസമ്പന്നമായ സംസ്ഥാനത്താണ് ഈ ദുരന്തമെന്നോര്‍ക്കണം.
ഭര്‍ത്താവ്- ഭാര്യ- കുട്ടികള്‍ ഇവരാണ് ലോകത്തിലെ ഏറ്റവും ശക്തമായ ടീം. ബന്ധങ്ങളാണ് ജീവിതത്തിന് അര്‍ഥം നല്‍കുന്നത്. ബന്ധങ്ങളിലെ കണ്ണികള്‍ എവിടെ ദുര്‍ബലമായാലും പൊട്ടിയാലും ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാക്കും. അതുകൊണ്ട് ബന്ധങ്ങളെ വിജയിപ്പിക്കാന്‍ തയ്യാറാകണം.

LEAVE A REPLY

Please enter your comment!
Please enter your name here