അപ്പോള്‍ ഔദ്യോഗിക സന്നാഹങ്ങളോ?

Posted on: September 21, 2016 5:56 pm | Last updated: September 21, 2016 at 5:56 pm
SHARE

കെ എം മാണിക്കും കെ ബാബുവിനുമെതിരായ കേസുകളില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരെ നിയമിക്കണമെന്ന വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുമെന്നാണ് കരുതുന്നത്. മാണിക്ക് വേണ്ടി ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ എം കെ ദാമോദരന്‍ ഹാജരായതും ഈ കേസുകളില്‍ ‘വലിയ കളികള്‍’ വരാന്‍ പോകുന്നുവെന്ന ദീര്‍ഘവീക്ഷണവും അദ്ദേഹത്തിന്റെ ആവശ്യത്തിന് പ്രേരകമായിട്ടുണ്ടാകണം. ബാബുവിനെതിരെ അന്വേഷണം മണത്തപ്പോള്‍ തന്നെ ലോക്കറില്‍ വെച്ച സ്വര്‍ണം തിരിച്ചെടുത്തെന്നാണ് വിജിലന്‍സ് പറയുന്നത്. ഇതുപോലെ എന്തൊക്കെ കൗശലങ്ങള്‍ ചെയ്തിട്ടുണ്ടാകും ആരോപണ വിധേയര്‍? മാണിയുടെ വിഷയം ഇതിലും ഗൗരവമാണ്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രാഷ്ട്രീയ വിലപേശല്‍ ആയുധം അദ്ദേഹം പുറത്തെടുത്തുകൂടായ്കയില്ല.
എന്നാല്‍, ഈ വക കാര്യങ്ങള്‍ മാത്രമാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആവശ്യത്തിന് വിജിലന്‍സ് ഡയറക്ടറെ പ്രേരിപ്പിച്ചതെന്ന് തീര്‍ത്ത് പറയാനാകില്ല. വലിയ ഔദ്യോഗിക സന്നാഹങ്ങളൊരുക്കി തയ്യാറാക്കി നിര്‍ത്തിയിരിക്കുന്ന സര്‍ക്കാര്‍ വക്കീലന്മാരില്‍ അവിശ്വസിക്കുകയാണോ വിജിലന്‍സ് ഡയറക്ടര്‍ എന്ന സംശയം സ്വാഭാവികമാണ്. അല്ലെങ്കില്‍ സര്‍ക്കാര്‍ അഭിഭാഷകരുടെ കഴിവില്‍ അദ്ദേഹത്തിന് സന്ദേഹം ഉണ്ടായിരിക്കാം. അതുമല്ലെങ്കില്‍ ഈ വ്യവസ്ഥയില്‍ അദ്ദേഹം തൃപ്തനല്ല എന്നും വരാം. അങ്ങനെയെങ്കില്‍ സര്‍ക്കാര്‍ അഭിഭാഷകരുടെ നിയമനം, കേസ് നടത്തിപ്പ് തുടങ്ങിയവയില്‍ പുനരാലോചനകള്‍ക്ക് സമയം അതിക്രമിച്ചു എന്നാണ് കരുതേണ്ടത്.
സര്‍ക്കാര്‍ പ്ലീഡര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട് ഒരു മാനദണ്ഡം നിലനില്‍ക്കുന്നില്ല എന്നതാണ് വിചിത്രമായ കാര്യം. രാഷ്ട്രീയ നിയമനങ്ങള്‍ ആണ് നടക്കുന്നത്. കക്ഷിരാഷ്ട്രീയ ആഭിമുഖ്യങ്ങളും അനാഭിമുഖ്യങ്ങളും അഭിലാഷങ്ങളും വിരോധങ്ങളും മാത്രമാണ് പ്രധാന ഘടകം. മെറിറ്റിന് യാതൊരു പ്രാമാണ്യവും നല്‍കുന്നില്ല. എന്തിന്, കെ എം മാണി ഇപ്പോള്‍ നേരിടുന്ന ആരോപണങ്ങളിലൊന്ന് നിയമവകുപ്പ് കൈകാര്യം ചെയ്തിരുന്ന അദ്ദേഹം ഗവ. പ്ലീഡര്‍മാരെ നിയമിക്കുന്നതില്‍ വന്‍ തുക കൈക്കൂലി വാങ്ങി എന്നാണല്ലോ. കേരള കോണ്‍ഗ്രസില്‍ ഒരു വിഭാഗം വിട്ടുപോയപ്പോള്‍ ഗവ. പ്ലീഡര്‍മാര്‍ രാജിവെച്ചതും ഓര്‍ക്കുക. ഇങ്ങനെയൊക്കെ നിയമിക്കപ്പെടുന്നവരുടെ കാര്യക്ഷമതയില്‍ സംശയം തോന്നുക സ്വാഭാവികം.
‘കാട്ടിലെ ആന… വലിയെടാ വലി’ എന്നതാണല്ലോ പലപ്പോഴും നമ്മുടെ ഔദ്യോഗിക സംവിധാനങ്ങളുടെ സ്ഥിതി. ആര്‍ക്കോ വേണ്ടിയുള്ള വാദങ്ങള്‍, ആരെയോ ബോധിപ്പിക്കാനുള്ള നാട്യങ്ങള്‍, കോപ്പുകളില്ലാത്ത വക്കീലുമാര്‍, സൂക്ഷ്മതയില്ലാതെ സമര്‍പ്പിക്കുന്ന തെളിവുകള്‍, തോറ്റു കൊടുക്കാനുള്ള രാഷ്ട്രീയ സമ്മര്‍ദങ്ങള്‍… തുടങ്ങി എന്തൊക്കെ അസംബന്ധങ്ങള്‍? വാര്‍ത്താ പ്രാധാന്യം നേടിയ കേസുകളില്‍ മാത്രമായിരിക്കും ‘സാമൂഹിക ഓഡിറ്റിംഗ്’ നടക്കുക. അതൊന്നുമില്ലാതെ എത്രയെത്ര കേസുകള്‍ ഉണ്ടാകും?
ലാഘവത്തോടെ സമീപിക്കേണ്ടതല്ലല്ലോ സര്‍ക്കാര്‍ അഭിഭാഷകരുടെ നിയമനവും കേസ് നടത്തിപ്പുകളും. വലിയ കോടികളുടെ മൂല്യമുള്ള കേസുകളാണ് ഗവ. അഭിഭാഷകര്‍ കൈകാര്യം ചെയ്യുന്നത്. ദിവസവും ഇങ്ങനെ വിവിധ കോടതികളില്‍ എത്രയെത്ര കേസുകള്‍ വരുന്നു? സര്‍ക്കാറിനെതിരായി കോടതികളില്‍ വരുന്നവരാകട്ടെ, നാല്‍പ്പതും അമ്പതും വര്‍ഷം ഒരേ തരം കേസുകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരാണ്. ഇവര്‍ക്ക് മുന്നില്‍ ചുരുങ്ങിയ കാലത്തെ പരിചയമുള്ളവര്‍ സര്‍ക്കാറിന് വേണ്ടി വാദിച്ചു നോക്കുന്നു. പ്രതിഭാഗത്തെ കവച്ചുവെക്കുന്ന വൈദഗ്ധ്യവും സന്നാഹങ്ങളും സര്‍ക്കാറിന് വേണ്ടി ഹാജരാകുന്നവര്‍ക്ക് അനിവാര്യമാണ്. പരിചയവും കഴിവും തുടര്‍ച്ചയും ഉണ്ടായാല്‍ സര്‍ക്കാര്‍ താത്പര്യം സംരക്ഷിക്കപ്പെടും. ഈ പരിമിതികള്‍ക്കിടയിലും സര്‍ക്കാര്‍ അഭിഭാഷകരെല്ലാം ഒന്നിനും കൊള്ളരുതാത്തവരാണെന്ന് കരുതുന്നത് വസ്തുതാപരമല്ല. അങ്ങനെയെങ്കില്‍ ഒരു കേസിലും സര്‍ക്കാര്‍ ജയിക്കാന്‍ പാടില്ലല്ലോ.
മാണി, ബാബു കേസുകളില്‍ നല്ല ജാഗ്രതയും കണിശതയും വിജിലന്‍സ് ഡയറക്ടര്‍ കാണിക്കുന്നു എന്നതാണ് അദ്ദേഹത്തിന്റെ നീക്കങ്ങള്‍ ഓരോന്നും തെളിയിക്കുന്നത്. കഴിഞ്ഞ സര്‍ക്കാറിനെതിരായി ഉയര്‍ന്ന അഴിമതിവിരുദ്ധ രോഷമാണ് പുതിയ സര്‍ക്കാറിനെ അധികാരത്തിലെത്തിച്ചത്. അത്തരമൊരു സര്‍ക്കാറിലെ ഉദ്യോഗസ്ഥനെന്ന നിലയില്‍ തന്റെ കര്‍ത്തവ്യമാണ് നിര്‍വഹിക്കുന്നതെന്ന് ഡയറക്ടര്‍ കരുതുന്നുണ്ടാകണം. മാത്രമല്ല, അഴിമതിക്കെതിരെ നിലപാടെടുത്തതിന് അരികുവത്കരിക്കപ്പെട്ട തോമസ് ജേക്കബിനെ വിജിലന്‍സ് ഡയറക്ടര്‍ പദവിയിലിരുത്തി പുതിയ സര്‍ക്കാര്‍ നല്‍കുന്ന സന്ദേശവും അദ്ദേഹം ഉള്‍ക്കൊള്ളുന്നു എന്ന് വിചാരിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here