Connect with us

Kozhikode

ബേപ്പൂര്‍ തുറമുഖത്തെ നിരോധനം നീക്കി; ഹാജിമാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകും

Published

|

Last Updated

ബേപ്പൂര്‍: തുറുമുഖത്ത് പാസഞ്ചര്‍ കപ്പല്‍ സര്‍വീസുകള്‍ക്കും ചരക്ക് കയറ്റിറക്കുമതിക്കും ഏര്‍പ്പെടുത്തിയിരുന്ന നിരോധനം ഇന്നലെ മുതല്‍ പിന്‍വലിച്ചതോടെ ബേപ്പൂര്‍ തുറുമുഖം വീണ്ടും സജീവമായി. മര്‍ച്ചന്റ് ഷിപിംഗ് ആക്റ്റ്പ്രകാരം കഴിഞ്ഞ മെയ് 15 മുതലാണ് തുറുമുഖത്ത് നിരോധം ഏര്‍പ്പെടുത്തിയിരുന്നത്.
കടല്‍ പ്രക്ഷുബ്ധമായതിനെ തുടര്‍ന്ന് അഞ്ച് മാസമായി മുടങ്ങിയിരുന്ന ലക്ഷദ്വീപുകളിലേക്കുള്ള പാസഞ്ചര്‍ കപ്പല്‍ യാത്രകള്‍ക്കും ചരക്ക് കയറ്റിറക്കുമതിക്കുള്ള നിരോധനമാണ് ഇന്നലെയോടെ നീങ്ങിയത്. നിരോധം നീങ്ങിയത് ഹജ്ജ് കഴിഞ്ഞ് ലക്ഷ ദ്വീപിലേക്ക് മടങ്ങുന്ന ഹാജിമാര്‍ക്കും മറ്റ് കപ്പല്‍ യാത്രികര്‍ക്കും കൂടുതല്‍ സൗകര്യപ്രദമാകും.
കഴിഞ്ഞ മെയ് 15 മുതലാണ് നിരോധം ഏര്‍പ്പെടുത്തിയിരുന്നത്. ഈ കാലയളവില്‍ പാസഞ്ചര്‍ കപ്പലുകള്‍ക്കും ഉരുക്കള്‍ക്കും ശക്തമായ നിരോധനമേര്‍പ്പെടുത്തിയിരുന്നെങ്കിലും ചില ചരക്കുകപ്പലുകളും ബാര്‍ജുകളും ചരക്കുകളുമായി തുറുമുഖത്തെത്തിയിരുന്നു.
നിലവില്‍ പാസഞ്ചര്‍ കപ്പലുകള്‍ ബേപ്പൂര്‍ കൊച്ചി എന്നീ തുറമുഖങ്ങളില്‍ നിന്ന് ലക്ഷ ദ്വീപുകളിലെ കവരത്തി, മിനിക്കോയ്, ആന്ത്രോത്ത്, കല്‍പേനി ദ്വീപുകളിലേക്കാണ് സര്‍വീസ് നടത്തുന്നത്. മറ്റ് ചരക്ക് കപ്പലുകളും ബാര്‍ജുകളും മെയ് 15 മുതല്‍ തന്നെ സര്‍വീസ് തുടങ്ങിയിരുന്നെങ്കിലും പാസഞ്ചര്‍ കപ്പലുകള്‍ സര്‍വീസ് നടത്തിയിരുന്നില്ല.
നിരോധത്തെ തുടര്‍ന്ന് തുറമുഖം ഭാഗികമായി അടച്ചിട്ടതിനാല്‍ ലക്ഷദ്വീപുകളില്‍ നിന്നുള്ള ചരക്കുകപ്പലുകള്‍ ഒഴികെ മറ്റു ഭാഗങ്ങളില്‍ നിന്നെത്തുന്ന ചരക്കുകപ്പലുകള്‍ ഒന്നും തന്നെ തുറമുഖത്തേക്ക് അടുപ്പിച്ചിരുന്നില്ല. ഈ മാസം അവസാനം ബേപ്പൂര്‍ തുറമുഖത്ത് നിന്ന് കൊച്ചിയിലേക്ക് ഉല്ലാസ ബോട്ട് സര്‍വീസ് ആരംഭിക്കാനുള്ള പദ്ധതിയും ആവസാന ഘട്ടത്തിലെത്തിയിട്ടുണ്ട്. തുറമുഖത്ത് കണ്ടെയ്‌നര്‍ കപ്പലുകളുടെ വരവ് കുറയുകയാണെങ്കില്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടമാകും സംസ്ഥാന സര്‍ക്കാറിന് ഉണ്ടാവുക.
19 കോടിയോളം വിലവരുന്ന, സര്‍ക്കാര്‍ മുതല്‍ മുടക്കി വിദേശ കമ്പനി നിര്‍മിതമായ ഭീമന്‍ കണ്ടയ്‌നര്‍ ക്രെയിനും റീച്ച് സ്റ്റാക്കറും കഴിഞ്ഞ കുറെ മാസങ്ങളായി പ്രവര്‍ത്തിക്കാതെ കിടക്കുകയാണ്. ഇവ പ്രവര്‍ത്തച്ചു തുടങ്ങണമെങ്കില്‍ കൂടുതല്‍ ചരക്കുകപ്പലുകള്‍ തുറമുഖത്ത് എത്തുക തന്നെ വേണം.

---- facebook comment plugin here -----

Latest