കശ്മീരില്‍ സൈനിക സാന്നിധ്യം ശക്തിപ്പെടുത്തുന്നു

Posted on: September 9, 2016 8:24 pm | Last updated: September 10, 2016 at 10:28 am
SHARE

kashmirന്യൂഡല്‍ഹി: കശ്മീരില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെയും സര്‍വകക്ഷി സംഘത്തിന്റെയും ദൗത്യം പരാജയപ്പെട്ട സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നടപടികളിലേക്ക് കടക്കുന്നു. ഇതിന്റെ ആദ്യ ഭാഗമായി കശ്മീരില്‍ കരസേനയുടെ സാന്നിധ്യം ശക്തമാക്കാന്‍ കേന്ദ്രം നീക്കം തുടങ്ങി. കൂടുതല്‍ പ്രശ്‌നബാധിതമായ ദക്ഷിണ കശ്മീരിലെ ഗ്രാമ പ്രദേശങ്ങളില്‍ കരസേനയെ പ്രധാനമായും നിയോഗിക്കാനാണ് തീരുമാനം. കശ്മീരിലെ പ്രക്ഷോഭകാരികളോട് ഇനി മൃദുസമീപനമില്ലെന്ന് വ്യക്തമാക്കുക കൂടിയാണ് ഇതിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കരസേന നിയന്ത്രണം ഏറ്റെടുത്താല്‍ പോലീസിന്റെയും മറ്റ് അര്‍ധസൈനിക വിഭാഗങ്ങളുടെയും പ്രസക്തി കുറയും. ഭീകരരെ അതിര്‍ത്തി കടക്കാന്‍ സഹായിക്കുന്ന പാക്കിസ്ഥാനുള്ള മുന്നറിയിപ്പ് കൂടിയാണ് ഇത്.
തെക്കന്‍ കശ്മീരിലെ ഗ്രാമ പ്രദേശങ്ങളില്‍ നൂറുകണക്കിന് സൈനികരെയാണ് നിയോഗിച്ചത്. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ പ്രക്ഷോഭം പ്രധാനമായും ഈ പ്രദേശങ്ങളിലാണ് ശക്തിപ്രാപിച്ചത്. ഇവിടെ സൈന്യം കര്‍ശനമായ പട്രോളിംഗ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രദേശത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തിരിക്കുകയാണ്. യന്ത്രതോക്കുകളുമായാണ് സൈനികര്‍ റോന്തുചുറ്റുന്നത്.
നിലവില്‍ അര്‍ധ സൈനിക വിഭാഗങ്ങളെയാണ് ഇവിടെ സുരക്ഷക്കായി വിന്യസിച്ചിട്ടുള്ളത്. കശ്മീരീല്‍ രണ്ട് മാസത്തിലേറെയായി തുടരുന്ന സംഘര്‍ഷത്തിന് ഇതുവരെ അയവുവന്നിട്ടില്ല. മൂന്ന് സൈനികര്‍ ഉള്‍പ്പെടെ 75 പേരാണ് കൊല്ലപ്പെട്ടത്.
സംഘര്‍ഷത്തിന്റെ മറവില്‍ അതിര്‍ത്തി കടന്നെത്തുന്ന ഭീകരര്‍ ഗ്രാമ പ്രദേശങ്ങളിലാണ് ഒളിച്ചിരിക്കുന്നതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഗ്രാമപ്രദേശങ്ങളില്‍ കരസേനയുടെ സാന്നിധ്യം ശക്തമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടത്. ഇതിനിടെ വിഘടനവാദി നേതാക്കള്‍ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത പശ്ചാത്തലത്തില്‍ ഒമ്പത് പോലീസ് സ്റ്റേഷന്‍ പരിധിയിലും താഴ്‌വരയിലെ പ്രധാന നഗരങ്ങളിലും വീണ്ടും കര്‍ഫ്യു ഏര്‍പ്പെടുത്തി. ജൂലൈ ഒമ്പതിന് ആരംഭിച്ച പ്രക്ഷോഭത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ മൂന്ന് ദിവസം മുമ്പാണ് പൂര്‍ണമായി നീക്കിയത്.