സര്‍ക്കാറിനെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമല്ല: സുപ്രീം കോടതി

Posted on: September 6, 2016 6:00 am | Last updated: September 6, 2016 at 12:41 am
SHARE

supreme court1ന്യൂഡല്‍ഹി: സര്‍ക്കാറിനെ വിമര്‍ശിക്കുന്നവര്‍ക്ക് നേരെ അപകീര്‍ത്തി കേസുകള്‍ കൊടുക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി. സര്‍ക്കാറിനെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹത്തിന്റെയോ അപകീര്‍ത്തി നിയമത്തിന്റെയോ പരിധിയില്‍ വരില്ലെന്ന് ജസ്റ്റിസുമാരായ ദീപക് മിശ്രയും യു യു ലളിതും ഉള്‍പ്പെട്ട ബഞ്ച് അസ്ന്ദിഗ്ധമായി വ്യക്തമാക്കി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 124 എ (രാജ്യദ്രോഹം) ഉപയോഗിക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടിയിരിക്കുന്നു. ഇക്കാര്യത്തില്‍ സുപ്രീം കോടതിയുടെ മുന്‍ വിധികള്‍ മാര്‍ഗ നിര്‍ദേശകങ്ങളാണെന്നും ബഞ്ച് വ്യക്തമാക്കി. അപകീര്‍ത്തി നിയമങ്ങള്‍ വ്യാപകമായ തോതില്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് കാണിച്ച് ഒരു സര്‍ക്കാറിതര സംഘടന നല്‍കിയ ഹരജിയില്‍ പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ വാദം നടത്തിയപ്പോഴായിരുന്നു പരമോന്നത കോടതിയുടെ നിരീക്ഷണം. നേരത്തേ തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിത നല്‍കിയ അപകീര്‍ത്തി കേസ് പരിഗണിക്കുമ്പോഴും കോടതി ഇത്തരത്തിലുള്ള നിരീക്ഷണം നടത്തിയിരുന്നു.
രാജ്യദ്രോഹ കുറ്റം ചുമത്തുന്നതിന് ഒരു മാനദണ്ഡവും പാലിക്കാത്ത സ്ഥിതിയാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് പ്രശാന്ത് ഭൂഷണ്‍ വാദിച്ചു. കൂടംകുളം ആണവ വൈദ്യുതി നിലയത്തിനെതിരെ പ്രക്ഷോഭം നടത്തിയവര്‍ക്കെതിരെയും കാര്‍ട്ടൂണിസ്റ്റ് അസീം ത്രിവേദിക്കെതിരെയും രാജ്യദ്രോഹ കുറ്റം ചുമത്തിയിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘രാജ്യദ്രോഹ നിയമം വിശദീകരിക്കാന്‍ ഇപ്പോള്‍ ഈ ബഞ്ച് മുതിരുന്നില്ലെ’ന്നായിരുന്നു ഇതിന് ബഞ്ച് നല്‍കിയ മറുപടി. കേദാര്‍ നാഥ് വേഴ്‌സസ് ബീഹാര്‍ സ്റ്റേറ്റ് കേസില്‍ 1962ല്‍ അഞ്ചംഗ ബഞ്ച് പുറപ്പെടുവിച്ച വിധിയില്‍ ഇക്കാര്യം കൃത്യമായി വ്യാഖ്യാനിച്ചിട്ടുണ്ടെന്നും ബഞ്ച് വ്യക്തമാക്കി.
രാജ്യദ്രോഹ, അപകീര്‍ത്തി നിയമം ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ച് ബഞ്ച് നിരീക്ഷിച്ചെങ്കിലും ഈ വിഷയത്തില്‍ നിര്‍ദേശം പുറപ്പെടുവിക്കണമെന്ന ഹരജിക്കാരുടെ ആവശ്യം അംഗീകരിക്കാന്‍ തയ്യാറായില്ല. കേദാര്‍നാഥ് കേസിന് ശേഷം നിയമം ഭേദഗതി ചെയ്തിട്ടില്ലെന്നും കേസെടുക്കുന്ന കോണ്‍സ്റ്റബിളിന് ഈ വിധിയെ കുറിച്ച് ഒന്നുമറിയില്ലെന്നും പ്രശാന്ത് ഭൂഷണ്‍ വാദിച്ചു. പോലീസ് ഉദ്യോഗസ്ഥന്‍ ഐ പി സിയിലെ ഒരു വകുപ്പായി മാത്രമേ രാജ്യദ്രോഹത്തെ കാണുന്നുള്ളൂ. അത്‌കൊണ്ട് ഒരു അവധാനതയുമില്ലാതെ രാജ്യദ്രോഹ കുറ്റം ചുമത്തപ്പെടുകയാണ്. ഏറ്റവും ഒടുവില്‍ ആംനസ്റ്റി ഇന്ത്യക്കെതിരെ ഈ നിയമം പ്രയോഗിച്ചു. പത്രപ്രവര്‍ത്തകരും എഴുത്തുകാരും സന്നദ്ധ പ്രവര്‍ത്തകരുമെല്ലാം ഇരകളാകുകയാണ്. ജനങ്ങളില്‍ ഭീതി വിതക്കാനും വിമര്‍ശകരുടെ നാവടക്കാനുമാണ് ഈ നിയമം ഉപയോഗിക്കുന്നത്. അത്‌കൊണ്ട് ഐ പി സിയിലെ 124 എ ചുമത്തുന്നതില്‍ സുപ്രീം കോടതി ഇടപെടണമെന്ന് പ്രശാന്ത് ഭൂഷണ്‍ വാദിച്ചു.