നികുതി ഇളവുകള്‍ നല്‍കിയെന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന് കെഎം മാണി

Posted on: September 5, 2016 9:28 pm | Last updated: September 6, 2016 at 8:23 pm
SHARE

km maniതിരുവനന്തപുരം: നികുതി ഇളവു നല്‍കി ഖജനാവിന് നഷ്ടം വരുത്തിയെന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന് മുന്‍ ധനമന്ത്രി കെ എം മാണി. ധന മന്ത്രിക്ക് ഏകപക്ഷീയമായി നികുതി ഇളവുകള്‍ നല്‍കാന്‍ കഴിയില്ല. താന്‍ ധന മന്ത്രിയായിരിക്കെ നികുതി ഇളവ് നല്‍കുന്നതുമായി ബന്ധപ്പെട്ട് ഒരു എക്‌സിക്യൂട്ടീവ് ഉത്തരവ് പോലും പുറത്തിറക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നികുതിയ ഇളവ് ചെയ്ത് ഖജനാവിന് നഷ്ടമുണ്ടാക്കിയെന്നുള്ള പരാതിയില്‍ തനിക്കെതിരെ വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു കെഎം മാണി.

എല്ലാ ഇളവുകളും ബജറ്റില്‍ പ്രഖ്യാപിച്ച് സബ്ജക്ട് കമ്മിറ്റിയുടെയും നിയമസഭയുടെയും അംഗീകാരത്തോടെ ധനകാര്യബില്ലായി അവതരിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. ഇത്തരം ബില്ലുകള്‍ നിയമസഭ പാസാക്കുകയും നിയമമാക്കപ്പെടുകയും ചെയ്തു. അങ്ങനെ ചെയ്താല്‍ മാത്രമേ നികുതി ഇളവുകള്‍ക്ക് നിയമപ്രാബല്യം കൈ വരുകയുള്ളു. വ്യവസ്ഥാപിതമായ മാര്‍ഗത്തിലൂടെ അല്ലാതെ നികുതി ചുമത്താനോ ഇളവ് നല്‍കാനോ ധനമന്ത്രിക്ക് അധികാരമില്ലെന്നും കെഎം മാണി കൂട്ടിച്ചേര്‍ത്തു.