ദേശീയപാത സ്ഥലമെടുപ്പ്: കലക്ടര്‍ക്ക് താലൂക്ക് വികസന സമിതിയില്‍ രൂക്ഷ വിമര്‍ശം

Posted on: September 4, 2016 12:17 pm | Last updated: September 4, 2016 at 12:17 pm
SHARE

വടകര : ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നത്തെ ചൊല്ലി താലൂക്ക് വികസനസമിതി യോഗത്തില്‍ ജില്ലാ കലക്ടര്‍ക്കെതിരെ രൂക്ഷ വിമര്‍ശം. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പുനരധിവാസ പാക്കേജ് അടക്കമുള്ള പ്രശ്‌നങ്ങള്‍ സ്ഥലം നഷ്ടപ്പടുന്നവര്‍ രൂപവത്കരിച്ച കര്‍മസമിതിയുമായി ചര്‍ച്ച ചെയ്യാന്‍ കലക്ടര്‍ തയ്യാറാകണമെന്ന് കഴിഞ്ഞ മാസത്തെ താലൂക്ക് വികസന സമിതി യോഗം ഐക്യകണ്‌ഠേന തീരുമാനിച്ചിരുന്നു. എന്നാല്‍ ഒരു മാസം കഴിഞ്ഞിട്ടും ഒരു നടപടിയുമുണ്ടായില്ല. ചര്‍ച്ചയില്ലെന്ന ജനാധിപത്യ വിരുദ്ധ നിലപാട് മാറ്റാന്‍ കലക്ടര്‍ തയ്യാറാകണമെന്ന് ജനപ്രതിനിധികളും വികസന സമിതിയംഗങ്ങളും യോഗത്തില്‍ ആവശ്യപ്പെട്ടു.

ചര്‍ച്ച നടത്തുന്ന കാര്യത്തിലും സ്ഥലവും, വീടും, കച്ചവട സ്ഥാപനങ്ങളും നഷ്ടപ്പെടുന്നവരുടെ പ്രയാസങ്ങള്‍ ദൂരീകരിക്കാനും കലക്ടറെ കാണുമെന്ന് സി കെ നാണു എം എല്‍ എ പറഞ്ഞു. ഭരണപ്രതിപക്ഷ അംഗങ്ങള്‍ ഒറ്റക്കെട്ടായാണ് കലക്ടര്‍ക്കെതിരെ രംഗത്ത് വന്നത്.
വടകരയിലെ മുഴുവന്‍ റവന്യൂ ഓഫീസുകളും ഒരു കുടക്കീഴില്‍ അണിനിരത്താനുള്ള റവന്യു ടവറിന്റെ നടപടികള്‍ തുടങ്ങിയതായി തഹസില്‍ദാര്‍ ടി കെ സതീഷ് കുമാര്‍ പറഞ്ഞു. താലൂക്കിലെ വിവിധ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കണമെന്നും ആവശ്യമുയര്‍ന്നു.
അടക്കാതെരുവ് ജംഗ്ഷനില്‍ വില്യാപ്പള്ളി, ആയഞ്ചേരി ഭാഗത്തേക്കും വടകര നാരായണ നഗറിലെ തിരുവള്ളൂര്‍ റോഡിലേക്ക് പോകുന്ന ഭാഗത്തെയും ബസ്സ് വെയിറ്റിംഡ് ഷെഡുകള്‍ പുനക്രമീകരിക്കണമെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ കെ ശ്രീധരന്‍ ആവശ്യപ്പെട്ടു. നിലവിലുള്ള ഷെഡ്ഡുകള്‍ ഗതഗാത തടസ്സത്തിന് ഇടയാക്കുന്നതായി അദ്ദേഹം പറഞ്ഞു.
ദേശീയപാതയില്‍ തകര്‍ന്ന റോഡുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ അറകുറ്റപണി നടത്താനും തീരുമാനമായി.
വടകര മാര്‍ക്കറ്റ് റോഡ് വീതി കൂട്ടുന്ന കാര്യം ആലോചിക്കാന്‍ ബന്ധപ്പെട്ടവരുടെ യോഗം ചേരാനും യോഗത്തില്‍ തീരുമാനമായി. സി കെ നാണു എം എല്‍ എ അധ്യക്ഷത വഹിച്ചു.
ടി കെ രാജന്‍, എ ടി ശ്രീധരന്‍, പി സുരേഷ് ബാബു, പ്രദീപ് ചോമ്പാല, ആര്‍ ഗോപാലന്‍, അഡ്വ.ഇ എം ബാലകൃഷ്ണന്‍, പുത്തൂര്‍ അസീസ്, ആവോലം രാധാകൃഷ്ണന്‍, പി കെ ഹബീബ് സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here