Connect with us

Malappuram

അത്തപൂക്കളത്തിന് ജാഫറിന്റെ തോട്ടത്തിലെ മല്ലിക പൂക്കളും

Published

|

Last Updated

ജാഫറും കൃഷി ഓഫീസര്‍ നജീബും മല്ലിക തോട്ടത്തില്‍ വിള പരിശോധിക്കുന്നു

വേങ്ങര:അന്യദേശക്കാരുടെ പൂക്കള്‍ അത്തപ്പൂക്കളത്തില്‍ ഇടം നേടുമ്പോള്‍ സ്വന്തം കൃഷി ചെയ്തുണ്ടാക്കിയ മല്ലിക പൂക്കള്‍ മാര്‍ക്കറ്റിലെത്തിക്കുകയാണ് വേങ്ങര കൂരിയാട് സ്വദേശി ചെമ്പന്‍ ജാഫര്‍. കൂരിയാട് പാടശേഖരത്തിലെ അര ഏക്കര്‍ ഭൂമിയിലാണ് കുളിര്‍മയും ആനന്ദവും നല്‍കുന്ന മല്ലിക തോട്ടം ചുവപ്പണിഞ്ഞത്. വേങ്ങര ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന വിപണന കേന്ദ്രത്തില്‍ നിന്നാണ് തൈകള്‍ വാങ്ങി നട്ടത്. തൈക്ക് നാല് രൂപ നിരക്കില്‍ ആയിരം തൈകളാണ് നട്ടത്. കൃഷിയില്‍ നൂറ് മേനി വിളയുമായി മികച്ച കര്‍ഷകനായ ജാഫറിന്റെ ഈ മല്ലിക കൃഷിക്ക് ഏറെ പ്രത്യേകതകളുണ്ട്. നെല്ല്, വാഴ, പച്ചക്കറി തുടങ്ങിയ കൃഷികള്‍ക്ക് സമീപം പൂകൃഷി ചെയ്യുമ്പോള്‍ സമീപത്തെ കൃഷി ഇടത്തില്‍ പറ്റിക്കൂടി കൃഷി നശിപ്പിക്കാനിടവരുത്തുന്ന പല കീടങ്ങളും പൂവിലേക്ക് ആകര്‍ഷിച്ച് അവക്ക് സംരക്ഷണമാവുന്നു. കൂടാതെ മറ്റ് കൃഷികള്‍ ചെയ്യുന്ന ഭൂമിയില്‍ വിളവെടുപ്പ് കഴിഞ്ഞാല്‍ കുറഞ്ഞ കാലം മാത്രം വിളവിന് ആവശ്യമുള്ള ഈ പൂ കൃഷി സീസണ്‍ മുതലെടുത്ത് നടത്താനാവും. ഇവക്ക് കൂടുതല്‍ പരിചരണവും ആവശ്യമില്ല. ജൈവ വളങ്ങള്‍ മാത്രമാണ് ഉപയോഗിച്ചിട്ടുള്ളത്. അത്തം ഒന്നിന് തന്നെ വേങ്ങരക്കാര്‍ക്ക് ഈ തോട്ടത്തിലെ മല്ലിക പൂക്കള്‍ പൂക്കളത്തിനായി ലഭ്യമാവും. കൃഷി വകുപ്പും സംസ്ഥാന ഹോട്ടികള്‍ച്ചര്‍ മിഷനും നടപ്പാക്കുന്ന പദ്ധതി പ്രകാരം മല്ലിക കൃഷി നടത്തുന്നുണ്ടെങ്കിലും ഇത്ര കൂടുതല്‍ കൃഷി പരിസരത്ത് ആദ്യമാണെന്ന് കൃഷി ഓഫീസര്‍ എം നജീബ് പറഞ്ഞു. ഈ ഓണത്തിന് വിപണി ലക്ഷ്യം വെച്ച് ഒരേക്കര്‍ സ്ഥലത്ത് പാവക്കയും ഈ മാതൃക കര്‍ഷകന്‍ ഒരുക്കിയിട്ടുണ്ട്.

Latest