ഒമാനില്‍ ചൂടിന് ശമനമില്ല; മധ്യാഹ്ന വിശ്രമം അവസാനിച്ചു

Posted on: September 1, 2016 6:50 pm | Last updated: September 1, 2016 at 6:50 pm

SUMMERമസ്‌കത്ത്:തൊഴിലാളികള്‍ക്കേര്‍പ്പെടുത്തിയ മധ്യാഹ്ന വിശ്രമത്തിനുള്ള അനുമതി അവസാനിച്ചു. ബുധനാഴ്ചയോടെ ഉച്ച സമയത്തെ വിശ്രമം തൊഴിലാളികള്‍ക്ക് ലഭിക്കാതെയായി. ഉച്ചക്ക് 12.30 മുതല്‍ 3.30 വരെ നീണ്ടുനിന്ന മൂന്ന് മണിക്കൂര്‍ നീണ്ട വിശ്രമം നീണ്ട മൂന്ന് മാസക്കാലമുണ്ടായിരുന്നു. ജൂണ്‍ ഒന്നിനാണ് മധ്യാഹ്ന വിശ്രമം തുടങ്ങിയത്. താപനില ശക്തമായതോടെയാണ് രാജ്യത്ത് മധ്യാഹ്ന വിശ്രമം നല്‍കാന്‍ അധികൃതര്‍ തീരുമാനിച്ചത്.

എല്ലാ വര്‍ഷവും ചൂട് കനക്കുന്ന കാലാവസ്ഥയില്‍ വിശ്രമ സമയം അനുവദിക്കണമെന്ന് മന്ത്രാലയം നിര്‍ദേശം നല്‍കാറുണ്ട്. കഴിഞ്ഞ വര്‍ഷവും ജൂണ്‍ മുതല്‍ ആഗസ്ത് അവസാനം വരെയായിരുന്നു വിശ്രമം അനുവദിച്ചിരുന്നത്. വിശ്രമ സമയം അനുവദിക്കാത്ത കമ്പനികള്‍ക്കെതിരെ ശക്തമായ നടപടികളാണ് അധികൃതര്‍ കൈക്കൊണ്ടത്. നിയമം പ്രാബലത്തിലായി രണ്ടാഴ്ച്ച പിന്നിട്ടപ്പോള്‍ നിയമ ലംഘനം നടത്തിയ നൂറോളം കമ്പനികള്‍ക്കെതിരെ മാനവ വിഭവ മന്ത്രാലയം നടപടി സ്വീകരിച്ചിരുന്നു. ആയിരക്കണക്കമന് കമ്പനികളിലാണ് അധികൃതര്‍ പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ വരെ പരിശോധനകള്‍ നടത്തുകയും നിര്‍ദേശങ്ങള്‍ നടപ്പിലാക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.

അതേസമയം, മധ്യാഹ്ന വിശ്രമം ഇല്ലാതായിട്ടുണ്ടെന്നല്ലാതെ ചൂടിന് കാര്യമായ ശമനമൊന്നുമില്ല. ഓരോ വര്‍ഷവും നിശ്ചിത ദിവസങ്ങളില്‍ മധ്യാഹ്ന വിശ്രമം നല്‍കാതെ ചൂട് കുറയുന്നത് വരെ വിശ്രമം നല്‍കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ചൂട് കാലത്തുണ്ടാക്കുന്ന അസുഖങ്ങള്‍ ബാധിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്.
നിയമപരമായി വിശ്രമം അനുവദിക്കാത്ത കമ്പനികള്‍ക്കെതിരെ പരാതി നല്‍കുന്നതിന് മന്ത്രാലയം സൗകര്യമൊരുക്കിയിരുന്നു. ഇത്തരത്തില്‍ പരാതി ലഭിച്ച സ്ഥാപനങ്ങള്‍ക്കെതിരെയും കഴിഞ്ഞ വര്‍ഷവും നടപടിയെടുത്തിരുന്നു. തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്താത്ത കമ്പനികള്‍ക്കെതിരെയും നടപടി സ്വീകരിച്ചു.

100 റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴ ശിക്ഷ ലഭിക്കുന്ന കുറ്റമാണിത്. ഒരു വര്‍ഷത്തില്‍ കൂടുതല്‍ ജയില്‍ ശിക്ഷയും ഇതിന് ശിക്ഷയുണ്ട്.
ചൂട് വര്‍ധിച്ച പകല്‍ സമയങ്ങളില്‍ തൊഴിലാളികള്‍ക്ക് ആശ്വാസമായി വിവിധ സാമൂഹിക സംഘടനകളും സ്ഥാപനങ്ങളും മൂന്ന് മാസിത്തിനിടെ വിവിധ ഇടങ്ങളില്‍ കുടിവെള്ള വിതരണം നടത്തിയിരുന്നു.