ചൂടിനു കുളിരായി നന്മയുടെ ‘സമ്മര്‍ കൂള്‍’

Posted on: August 31, 2016 8:20 pm | Last updated: August 31, 2016 at 8:20 pm
നന്മ പ്രവര്‍ത്തകര്‍ കുടിവെള്ളം വിതരണം ചെയ്യുന്നു
നന്മ പ്രവര്‍ത്തകര്‍ കുടിവെള്ളം വിതരണം ചെയ്യുന്നു

ദോഹ: നന്മ ഖത്വര്‍ ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ‘ഡെസേര്‍ട്ട് ലൈന്‍ പ്രൊജക്റ്റുമായി സഹകരിച്ച് വെയിലില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് തണുത്ത വെള്ളം വിതരണം ചെയ്തു. ‘സമ്മര്‍ കൂള്‍ കാമ്പയിന്‍’ എന്ന പേരില്‍ നടത്തിയ ശീതള പാനിയങ്ങളുടെ വിതരണം ലുസൈല്‍ സിറ്റിയിലും ദോഹയുടെ മറ്റു ഭാഗങ്ങളിലും നടന്നു. 5000ലധികം തൊഴിലാളികള്‍ക്കായി തണുത്ത വെള്ളം, ജ്യൂസ്, ഫ്രൂട്‌സ്, ബിസ്‌ക്കറ്റ് എന്നിവ വിതരണം ചെയ്തതായി ഭാരവാഹികള്‍ അറിയിച്ചു. മൂന്ന് വര്‍ഷമായി തുടര്‍ച്ചയായി വേനലില്‍ കൂട്ടായ്മ ഈ പ്രവര്‍ത്തനം നടത്തി വരുന്നു.
വേനല്‍ കനക്കുമ്പോള്‍ കുറച്ചു നേരത്തേക്ക് കുറച്ചു മനുഷ്യര്‍ക്ക് കുറച്ചു തണുപ്പ് നല്‍കുക എന്ന് കേള്‍ക്കുമ്പോള്‍ നിസാരമായി തോന്നാമെങ്കിലും ഇതൊരു നല്ല ആശയമായി കണ്ടാണ് പലരും ഈ പ്രവര്‍ത്തനത്തിനായി മുന്നോട്ടു വന്നതെന്ന് സംഘാടകര്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയുള്ള സൗഹൃദം വിദ്വേഷം പരത്തുന്നതിനു പകരം ഇത്തരം നല്ല പ്രവത്തനങ്ങള്‍ക്ക് വിനിയോഗിക്കാമെന്നതിന്റെ ഉദാഹരണം കൂടിയാണ് എല്ലാവര്‍ഷവും നടത്തുന്ന പ്രവര്‍ത്തനമെന്നും സംഘാടകര്‍ പറഞ്ഞു.