കാണാത്തവരുടെ സ്‌ക്രീനുകള്‍ക്കായി ബ്രൈലിയെഴുതാന്‍ ഒറ്റക്കൈ ആപ്പ്

Posted on: August 31, 2016 7:24 pm | Last updated: August 31, 2016 at 9:54 pm
Braily keyboard
ബ്രൈലി ആപ്പ് ക്യു സി ആര്‍ ഐ പുറത്തിറക്കുന്നു

ദോഹ: സ്‌ക്രീനുകള്‍ കാണാനാകില്ലെങ്കിലും കാഴ്ചയില്ലാത്തവര്‍ക്ക് മൊബൈലിലും ടാബുകളിലും സ്വന്തം ലിപിയിലെഴുതി ആശയങ്ങള്‍ പങ്കു വെക്കാനുള്ള ആപ്പ് സഹായവുമായി ഖത്വറിലെ ഗവേഷകര്‍. ഒരു കൈ മാത്രം ഉപയോഗിച്ച് ബ്രൈലി ലിപി ടൈപ്പ് ചെയ്യാവുന്ന ആപ്ലിക്കേഷന്‍ ഖത്വര്‍ കംപ്യൂട്ടിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടാണ് വികസിപ്പിച്ചത്. ഹമദ് ബിന്‍ ഖലീഫ യൂനിവേഴ്‌സിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് റിസര്‍ച്ച് സ്ഥാപനങ്ങളിലൊന്നാണ് ക്യു സി ആര്‍ ഐ. ആപ്പിളിലാണ് ഈ ആപ്പ് വികസിപ്പിച്ചിരിക്കുന്നത്.
ഗവേഷകരായ ബര്‍ബറാ സെപിക്, അബ്ദുര്‍റഹ്മാന്‍ ഗാനിം, ഡോ. സ്റ്റീഫന്‍ വോഗല്‍ എന്നിവര്‍ ചേര്‍ന്നാണ് ആപ്പ് നിര്‍മിച്ചത്. ഖത്വര്‍ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്റര്‍ ഫോര്‍ ബ്ലൈന്‍ഡ്, അല്‍ നൂര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ദി ബ്ലൈന്‍ഡ്, ഖത്വര്‍ അസിസ്റ്റീവ് ടെക്‌നോളജി സെന്റര്‍ (മദാ) എന്നിവയുമായുള്ള സഹകരണത്തോടെയാണ് ആപ്പ് നിര്‍മിച്ചതെന്ന് ക്യു സി ആര്‍ ഐ വൃത്തങ്ങള്‍ പറഞ്ഞു.
ഇരു കൈകള്‍ ഉപയോഗിച്ച് ബ്രൈലി ലിപി ടൈപ്പ് ചെയ്യുന്നതിനേക്കാള്‍ വേഗത്തില്‍ ഒറ്റക്കൈ കൊണ്ട് ടൈപ്പ് ചെയ്യാമെന്നാതണ് ഈ ആപ്പിന്റെ സവിശേഷത.
അറബി, ഇംഗ്ലീഷ് ഭാഷസംസാരിക്കുന്നവര്‍ക്ക് ഉപയോഗിക്കാമെന്ന് ബ്ലൈന്‍ഡ് കള്‍ചറല്‍ സെന്റര്‍ പ്രതിനിധിയും ടെക്‌നോളജി സ്‌പെഷ്യലിസ്റ്റുമായ ഇക്‌റമി അഹ്മദ് പറഞ്ഞു. ബ്രൈലി ഈസി എന്ന പേരിലാണ് ഐ ഒ എസ് സ്റ്റോറില്‍ ആപ്പ് ലഭ്യമാക്കിയിരിക്കുന്നത്. ഇത് മികച്ച ഒരു വികസനമാണെന്നും ഉപഭോക്താക്കളിലേക്ക് ഘട്ടംഘട്ടമായി നടന്നടുക്കു മികച്ച ട്യൂട്ടോറിയലിന്റെ സഹായത്തോടെയാണ് ഉപയോഗം പഠിപ്പിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
ബ്രൈലി ലിപി ടൈപ്പ് ചെയ്യുന്നതിന് വളരെ പരിമിതമായ കൈ ചലനങ്ങളേ ആവശ്യമുള്ളൂ എന്നതും ഈ ആപ്പിന്റെ സവിഷേഷതയാണ്. സാധാരണ അക്ഷരങ്ങള്‍ ടൈപ്പ് ചെയ്യുന്നതിനേക്കാള്‍ വേഗത്തില്‍ ബ്രൈലി ടൈപ്പ് ചെയ്യാന്‍ സാധിക്കാറുണ്ട്. എന്നാല്‍ അതിലും വേഗത്തില്‍ ആപ്പില്‍ ടൈപ്പ് ചെയ്യാമെന്നാണ് ഗവേഷകര്‍ പറയുന്നത്.
ക്യു സി ആര്‍ ഐ വികസിപ്പിച്ച ആപ്പ് സൗജന്യമായാണ് സ്റ്റോറില്‍ ലഭ്യമാക്കിയിരിക്കുന്നത്. അതിനു പുറമേ ആപ്പിന്റെ കോഡ് ഓപ്പണ്‍ സോഴ്‌സായി പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. ഇതുപയോഗിച്ച് ഇനി ആര്‍ക്കും ഈ സാങ്കേതിക വിദ്യ മറ്റു ആപ്പുകളിലും ഓപറേറ്റിംഗ് സിസ്റ്റങ്ങളിലും ഉപയോഗിക്കാം. മറ്റു ഭാഷകളിലേക്കു മാറ്റുകയും ചെയ്യാമെന്നും അധികൃതര്‍ വ്യക്തമാക്കി.