പരീക്കര്‍ ഇന്ന് വാഷിംഗ്ടണില്‍; ലക്ഷ്യം ഡ്രോണ്‍ സാങ്കേതികവിദ്യാ കൈമാറ്റം

Posted on: August 29, 2016 12:38 am | Last updated: August 28, 2016 at 11:40 pm
SHARE

manohar parikarന്യൂഡല്‍ഹി: പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിന്റെ അമേരിക്കന്‍ സന്ദര്‍ശനം വഴി ഇന്ത്യ ലക്ഷ്യമിടുന്നത് സായുധ ഡ്രോണ്‍ സാങ്കേതികവിദ്യാ കൈമാറ്റം. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടറുമായി ഇന്ന് വാഷിംഗ്ടണില്‍ കൂടിക്കാഴ്ച നടത്തും. ഇന്നലെയാണ് അമേരിക്കന്‍ സന്ദര്‍ശനത്തിനായി മനോഹര്‍ പരീക്കര്‍ യാത്ര തിരിച്ചത്.
മിസൈല്‍ ടെക്‌നോളജി നിയന്ത്രണ സമിതിയില്‍ കഴിഞ്ഞ മെയില്‍ ഇന്ത്യക്ക് അംഗത്വം ലഭിച്ചിരുന്നു. ഇതോടയാണ് ഇപ്പോള്‍ അമേരിക്കയുമായി സാങ്കേതികവിദ്യാ കൈമാറ്റത്തിന് ഇന്ത്യ തയ്യാറെടുക്കുന്നത്. ഇരു രാജ്യങ്ങളും തമ്മില്‍ മിസൈല്‍ കൈമാറ്റ കരാര്‍ നടപ്പാക്കുമെന്ന് കഴിഞ്ഞ ഏപ്രിലില്‍ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ഡല്‍ഹി സന്ദര്‍ശനത്തിനിടെ പ്രഖ്യാപിച്ചിരുന്നു. വാഷിംഗ്ടണ്‍ കൂടിക്കാഴ്ചക്കിടെ ഇരു രാഷ്ട്രങ്ങളും ഈ കരാറില്‍ ഒപ്പുവെച്ചേക്കുമെന്നാണ് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
കൂടാതെ മേക് ഇന്‍ ഇന്ത്യയുടെ ഭാഗമായി അമേരിക്കന്‍ നിര്‍മിത യുദ്ധ വിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നതിനാവശ്യമായ ചര്‍ച്ചകളും നടന്നേക്കുമെന്ന് സൂചനകളുണ്ട്. ഇതിനു പുറമെ ഇരുവരും തമ്മില്‍ നടക്കുന്ന ചര്‍ച്ചയില്‍ പാക്കിസ്ഥാനുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആശങ്കകളും ചര്‍ച്ചക്ക് വിധേയമാകും.
പാക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകളായ ലശ്കറെ ത്വയ്യിബ. ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയവ കശ്മീരില്‍ നടത്തുന്ന ഇടപെടലുകളില്‍ പാക്കിസ്ഥാന്‍ സ്വീകരിക്കുന്ന നിഷ്‌ക്രിയത്വത്തിലുള്ള രാജ്യത്തിന്റെ ഉത്കണ്ഠ കാര്‍ട്ടറുമായി പരീക്കര്‍ പങ്കുവെക്കും. കൂടിക്കാഴ്ചക്ക് ശേഷം ഇരുവരും പെന്റഗണില്‍ സംയുക്ത വാര്‍ത്താസമ്മേളനം നടത്തും.