ഭാര്യ ബസില്‍വച്ച് മരിച്ചു: ഭര്‍ത്താവിനെയും കൈക്കുഞ്ഞിനെയും മൃതദേഹവുമായി ഇറക്കിവിട്ടു

Posted on: August 28, 2016 1:35 pm | Last updated: August 28, 2016 at 1:35 pm

busഭോപ്പാല്‍: മദ്ധ്യപ്രദേശിലെ ദമോ ജില്ലയില്‍ അഞ്ച് ദിവസം പ്രായമുള്ള മകളോടൊപ്പം യുവാവിനെ ബസില്‍ നിന്ന് ബലം പ്രയോഗിച്ച് പുറത്താക്കി. ഛത്രാപൂര്‍ സ്വദേശിയായ രാംസിംഗിനേയും മകളേയുമാണ് ബസില്‍ നിന്ന് പുറന്തള്ളിയത്. പ്രസവത്തെത്തുടര്‍ന്നു അസുഖം ബാധിച്ച മല്ലി ഭായിയാണ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ മല്ലിഭായ് ബസില്‍ വെച്ച് മരിച്ചു. മൃതദേഹവുമായി രാംസിംഗിനേയും മകളേയും പ്രായമായ അമ്മയെയും ബസില്‍ നിന്ന് ഇറക്കിവിടുകയായിരുന്നു.

വനപ്രദേശത്ത് ബസ് എത്തിയപ്പോഴാണ് കണ്ടകടര്‍ ബലം പ്രയോഗിച്ച് ഇവരെ പുറത്താക്കിയത്. ഈ സമയത്ത് ശക്തമായ മഴയും പെയ്യുന്നുണ്ടായിരുന്നു. മൃതദേഹവുമായി യാത്ര ചെയ്യുന്നതിന് മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടായിരുന്നത് കൊണ്ട് ഇറക്കിവിട്ടു എന്നാണ് ഈ മനുഷ്യത്വവിരുദ്ധമായ പ്രവൃത്തിക്ക് കണ്ടക്ടര്‍ ശാര്‍ദ സെന്‍ നല്‍കുന്ന വിശദീകരണം. മല്ലി കഴിഞ്ഞ ദിവസം രണ്ടാമത്തെ കുട്ടിയെ പ്രസവിച്ചിരുന്നു. ഇതിന് ശേഷം ഇവരുടെ ആരോഗ്യനില വഷളാവുകയായിരുന്നു.

ഇവരെ വഴിയില്‍ കണ്ട രണ്ട് അഭിഭാഷകരാണ് പൊലീസിനെ വിളിക്കുകയും ഇവര്‍ക്ക് സഹായം നല്‍കുകയും ചെയ്തത്. എന്നാല്‍ പൊലീസ് എത്തി വിവരങ്ങള്‍ എഴുതിയെടുത്ത് ഒരു സഹായവും ചെയ്യാതെ പോയി എന്ന് അഭിഭാഷകരിലൊരാളായ രാജേഷ് പട്ടേല്‍ പറയുന്നു.
തുടര്‍ന്ന് അഭിഭാഷകര്‍ ഏര്‍പ്പെടുത്തിയ വാഹനത്തിലാണ് റാംസിങ് ഭാര്യയുടെ മൃതദേഹം കൊണ്ടുപോയത്. കഴിഞ്ഞ ദിവസം ഒഡീഷയിലെ കാലഹണ്ടിയില്‍ ആംബുലന്‍സ് അനുവദിച്ച് കിട്ടാത്തതിനാല്‍ ഭാര്യയുടെ മൃതദേഹവും വഹിച്ച് മകളോടൊപ്പം 10 കിലോമീറ്റര്‍ നടക്കേണ്ടി വന്ന ദന മാഞ്ചിയുടെ അനുഭവം വാര്‍ത്തകളില്‍ നിറയുന്നതിന് ഇടയിലാണ് മദ്ധ്യപ്രദേശില്‍ നിന്നുള്ള ഈ വാര്‍ത്ത.