യുദ്ധത്തില്‍ പരിക്കേറ്റ 1500 യമനികള്‍ക്ക് എമിറേറ്റ്‌സ് റെഡ് ക്രസന്റ് ചികിത്സ നല്‍കും

Posted on: August 25, 2016 11:44 pm | Last updated: August 25, 2016 at 11:44 pm
SHARE

അബൂദബി: യമനിലെ യുദ്ധത്തില്‍ പരിക്കേറ്റ 1500 യമനികള്‍ക്ക് യു.എ.ഇയിലെ എമിറേറ്റ്‌സ് റെഡ് ക്രസന്റ് (ഇ.ആര്‍.സി) ചികിത്സ ലഭ്യമാക്കും. ഇന്ത്യ, യു.എ.ഇ, സുഡാന്‍ എന്നീ രാജ്യങ്ങളിലെ ആശുപത്രികളിലാണ് ഇവരെ പ്രവേശിപ്പിക്കുക.
യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്റെ നിര്‍ദേശപ്രകാരവും
അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്റെ തുടര്‍ നടപടി പ്രകാരവുമാണ് ഈ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്നതെന്ന് ഇ.ആര്‍.സി വ്യാഴാഴ്ച അറിയിച്ചു. യമന്‍ സര്‍ക്കാറുമായി സഹകരിച്ച് പരിക്കേറ്റവരെ നിശ്ചിത ആശുപത്രികളിലത്തെിക്കുന്നതിന് വേണ്ട സൗകര്യങ്ങള്‍ ഇ.ആര്‍.സി ഒരുക്കും. ഗുരുതരമായി പരിക്കേറ്റ 50 പേരെ ഉടന്‍ വിമാന മാര്‍ഗം യു.എ.ഇയിലത്തെിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിക്കും. മറ്റുളളവരെ ഇന്ത്യ, സുഡാന്‍ രാജ്യങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിക്കും. പരിക്കേറ്റവരെല്ലാം നിലവില്‍ യമനിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
പരിക്കേറ്റവരുടെ യാത്ര, ചികിത്സ എന്നീ ചെലവുകള്‍ക്ക് പുറമെ രോഗികള്‍ക്ക് മനോവീര്യം നല്‍കുന്നതിനുള്ള പരിപാടികളും ഇ.ആര്‍.സി ലഭ്യമാക്കും. യമനികള്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതില്‍ യമന്‍ ആരോഗ്യ മേഖല അനുഭവിക്കുന്ന തടസ്സങ്ങള്‍ നീക്കാനും ഇ.ആര്‍.സി പിന്തുണ നല്‍കും.

LEAVE A REPLY

Please enter your comment!
Please enter your name here