Connect with us

Kerala

ഹജ്ജ്: സബ്‌സിഡിക്കാര്യത്തില്‍ മുസ്‌ലിം സംഘടനകള്‍ പുനര്‍വിചിന്തനം നടത്തണം

Published

|

Last Updated

നെടുമ്പാശേരി: സുപ്രീംകോടതി ഉത്തരവനുസരിച്ച് ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള കേന്ദ്ര സബ്‌സിഡി ഏറിയാല്‍ മൂന്ന് വര്‍ഷം കൂടി മാത്രമേ ലഭിക്കൂവെന്നും ഈ സാഹചര്യത്തില്‍ ഹജ്ജ് തീര്‍ത്ഥാടനത്തിന് സബ് സിഡി വേണമോയെന്ന് തീര്‍ത്ഥാടകരും മുസ്ലീം സംഘടനകളും പുനര്‍വിചിന്തനം നടത്തണമെന്നും മന്ത്രി കെ ടി. ജലീല്‍ പറഞ്ഞു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹജ്ജ് ക്യാമ്പില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. അന്യായമായി ഒരുപൈസപോലും ഹജ്ജിന് പോകുന്നവര്‍ ഉപയോഗപ്പെടുത്തരുതെന്നാണ് ഇസ് ലാം നിയമം നിഷ്‌കര്‍ഷിക്കുന്നത്. മതനിരപേക്ഷത ഉയര്‍ത്തി കേന്ദ്രം ഹജ്ജിന് സബ്‌സിഡി നല്‍കുന്നതിനെ ചിലര്‍ എതിര്‍ക്കുകയും ഇവര്‍ 2010ല്‍ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് 45,000 രൂപയുണ്ടായിരുന്ന സബ് സിഡി ഓരോ വര്‍ഷവും കുറച്ച് ഇപ്പോള്‍ 15,200 ആയത്. സബ്‌സിഡി പൂര്‍ണമായി ഇല്ലാതാകുന്നതിന് കാത്തുനില്‍ക്കാതെ അടുത്ത വര്‍ഷം മുതല്‍ ഹജ്ജിന് പോകാനാകുമോയെന്ന് തീര്‍ത്ഥാടകര്‍ പരിശോധിക്കണം. സ്വകാര്യ ഏജന്‍സികള്‍ മുഖേന ഹജ്ജിന് പോകുന്നതിന് 3.50 ലക്ഷം രൂപ വരെ ചെലവാകുമ്പോള്‍ സര്‍ക്കാര്‍ ക്വാട്ടയില്‍ പോകുന്നവര്‍ക്ക് പരമാവധി 2.17 ലക്ഷം രൂപയാണ് ചെലവാകുന്നത്.
ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി സംസ്ഥാനവും ഹജ്ജ് കമ്മിറ്റിയും മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നത്. കേരള മാതൃക പിന്തുടരാന്‍ കേന്ദ്രം മറ്റ് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും സ്വകാര്യ ഏജന്‍സി മുഖേന പോകുന്ന 36,000 പേര്‍ ഉള്‍പ്പെടെ 1,56,000 പേരാണ് ഇക്കുറി ഹജ്ജിന് പോകുന്നത്. ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് കേന്ദ്ര സര്‍ക്കാരും ആവശ്യമായ സഹായം നല്‍കുന്നുണ്ട്. കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ വികസനം നടപ്പാക്കുന്നതിന് സംസ്ഥാനം നടപടി തുടങ്ങി. സമവായത്തിലൂടെ സ്ഥലം ഏറ്റെടുക്കും. ആവശ്യമായ നഷ്ടപരിഹാരവും നല്‍കുമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, അന്‍വര്‍ സാദത്ത് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുള്‍മുത്തലിബ്, എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Latest