കേരളത്തില്‍ ഏഴ് റെയില്‍ പാതകള്‍ക്കായി വീണ്ടും സര്‍വേ

Posted on: August 22, 2016 10:12 am | Last updated: August 22, 2016 at 1:45 pm

RAILകണ്ണൂര്‍:കേരളത്തിന്റെ വികസന സാധ്യതക്ക് ആക്കം കൂട്ടുന്ന ഏഴ് റെയില്‍ പാതകള്‍ക്കായി വീണ്ടും സര്‍വേ നടത്താന്‍ തീരുമാനം. ഏറെക്കാലമായി സാങ്കേതിക തടസ്സങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന തലശ്ശേരി- മൈസൂര്‍, നിലമ്പൂര്‍- നഞ്ചന്‍ക്കോട്, ശബരിപാത, കാഞ്ഞങ്ങാട്- പാണത്തൂര്‍, തിരൂര്‍- ഗുരുവായൂര്‍, ശബരിമല- ചെങ്ങന്നൂര്‍, മധുര- കോട്ടയം തുടങ്ങിയ റെയില്‍ പാതകള്‍ക്കാണ് അടിയന്തരമായി സര്‍വേ നടത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.

കേരളത്തിന്റെ ഭാഗത്തു നിന്നുള്ള തടസ്സങ്ങള്‍ അടിയന്തരമായി നീക്കി റെയില്‍ പാത നിര്‍മാണത്തിന് സജ്ജരാണെന്ന് കേന്ദ്രത്തെ അറിയിക്കാനാണ് മൂന്ന് മാസത്തിനകം സര്‍വേ പൂര്‍ത്തീകരിക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ ഫണ്ടില്‍ (എസ് പി വി) ഉള്‍പ്പെടുത്തി സര്‍വേ നടത്താനാണ് നിര്‍ദേശം നല്‍കിയത്. റെയില്‍വേ വികസനത്തില്‍ 51 ശതമാനം സംസ്ഥാന സര്‍ക്കാറും 49 ശതമാനം കേന്ദ്ര സര്‍ക്കാറും വഹിക്കണമെന്ന തീരുമാനത്തെ തുടര്‍ന്നാണ് എസ് ടി വി രൂപവത്കരിച്ചത്. ഇ ശ്രീധരന്റെ നേതൃത്വത്തിലുള്ള ഡി എം ആര്‍ സിയുടെ കീഴിലായിരിക്കും സര്‍വേ നടത്തുക.

പിണറായി വിജയന്‍ മുന്‍കൈ എടുത്താണ് തലശ്ശേരി- മൈസുരു പാതയുള്‍പ്പെടെയുള്ള റെയില്‍വേ പദ്ധതികള്‍ എസ് പി വിയില്‍ ഉള്‍പ്പെടുത്തി അടിയന്തരമായി നടപ്പാക്കണമെന്ന നിര്‍ദേശം പുറപ്പെടുവിച്ചത്. സര്‍വേ പൂര്‍ത്തിയായാല്‍ ഡി പി ആര്‍ പ്രകാരമുള്ള ഫണ്ട് കേന്ദ്രവും സംസ്ഥാനവും നിശ്ചയിച്ച പ്രകാരം നല്‍കും. സ്ഥലം വിട്ടുനല്‍കുന്നതുള്‍പ്പെടെ ഫണ്ടില്‍ വരുന്നതിനാല്‍ എല്ലാ റെയില്‍ പാതകള്‍ക്കും ആവശ്യമായ ഫണ്ട് വലിയ പ്രയാസമില്ലാതെ കണ്ടെത്താനാകുമെന്നാണ് സര്‍ക്കാറിന്റെ കണക്കു കൂട്ടല്‍.

നിലമ്പൂരില്‍ നിന്ന് വയനാട്ടിലൂടെ കര്‍ണാടകയിലെ നഞ്ചന്‍കോടിലേക്കുള്ള റെയില്‍പ്പാതയുടെ ആവശ്യവും വര്‍ഷങ്ങള്‍ക്കു മുമ്പേ ഉയര്‍ന്നതാണ്. ചെന്നൈയിലെ അണ്ണാ സര്‍വകലാശാലയുടെ റിമോട്ട് സെന്‍സിംഗ് വിഭാഗം നേരത്തെ നടത്തിയ സര്‍വേയില്‍ നിലമ്പൂര്‍- എടക്കര- വഴിക്കടവ്, അയ്യന്‍കൊല്ലി- വടുവഞ്ചാല്‍- സുല്‍ത്താന്‍ബത്തേരി വഴി നഞ്ചന്‍കോടിലേക്കുള്ള റൂട്ടിന് മുന്‍ഗണന നല്‍കിക്കൊണ്ടാണ് റെയില്‍വേക്ക് ശിപാര്‍ശ സമര്‍പ്പിച്ചിരുന്നത്. എന്നാല്‍, സാമ്പത്തികമായി പാത ലാഭകരമാകില്ലെന്ന് ചൂണ്ടിക്കാട്ടി 2004 മെയില്‍ റെയില്‍വേ അനുമതി നിഷേധിക്കുകയായിരുന്നു. മൈസൂരില്‍ നിന്ന് ചാമരാജ്‌നഗര്‍ വരെയും അവിടെ നിന്ന് നഞ്ചന്‍കോട് വരെയും പാത നിലവിലുണ്ട്.

അത് നിലമ്പൂരുമായി ബന്ധിപ്പിക്കപ്പെടുമ്പോള്‍ കൊങ്കണ്‍പാതക്ക് സമാന്തരപാതയാണ് യാഥാര്‍ഥ്യമാകുന്നത്. പാതയുടെ മൊത്തം ദൈര്‍ഘ്യം 238 കിലോമീറ്ററാണ്.
ഇടുക്കി, പത്തനംതിട്ട, എറണാകുളം, കോട്ടയം ജില്ലകളെ കോര്‍ത്തിണക്കികൊണ്ട് അങ്കമാലിയില്‍ നിന്ന് അഴുത വരെയുള്ള റെയില്‍ പാതയായ ശബരി പദ്ധതിക്ക് ഓരോ കേന്ദ്ര ബജറ്റിലും കോടിക്കണക്കിനു രൂപ വകയിരുത്താറുണ്ടെങ്കിലും പദ്ധതി ത്രിശങ്കുവില്‍ നില്‍ക്കുകയാണ്. തമിഴ്‌നാട്ടിലെ ബോഡിനായ്ക്കന്നൂര്‍ വരെയുള്ള റെയില്‍പാത കുമളിക്കടുത്ത് ലോവര്‍ ക്യമ്പ് വരെ നീട്ടാനും തുടര്‍ന്ന് ഈ പാത ശബരിമലക്കടുത്ത് എത്തിക്കുവാനുമുള്ള നടപടികളും തമിഴ്‌നാട് പൂര്‍ത്തിയാക്കിയപ്പോഴും കേരളത്തിന് ഇക്കാര്യത്തില്‍ അധികമൊന്നും ചെയ്യാനായില്ല. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ വീണ്ടും ശബരി പദ്ധതിയുടെ സര്‍വേക്ക് അനുമതിയായത്.

ഇപ്പോള്‍ അടിയന്തരമായി സര്‍വേ നടത്താന്‍ നിര്‍ദേശിക്കപ്പെട്ട കാഞ്ഞങ്ങാട്- പാണത്തൂര്‍ പാത പൂര്‍ത്തിയാകുന്നതോടെ കാഞ്ഞങ്ങാട്ടു നിന്ന് പാണത്തൂര്‍, സുള്ള്യ, കാണിയൂര്‍, സകലേശ്പൂര്‍, ഹാസന്‍ വഴി ബെംഗളൂരുവിലെത്താന്‍ 373 കിലോമീറ്റര്‍ മാത്രം സഞ്ചരിച്ചാല്‍ മതിയാകും. നിലവില്‍ കാഞ്ഞങ്ങാട്ടു നിന്ന് ഷൊര്‍ണൂര്‍, സേലം വഴി ബെംഗളൂരിലെത്താന്‍ 808 കിലോമിറ്ററാണ് സഞ്ചരിക്കണം. ഇതില്‍ കണ്ണൂര്‍- തലശ്ശേരി- മൈസുരു റെയില്‍ പാതയുടെ പ്രാഥമിക സര്‍വേ ആരംഭിക്കാന്‍ നിര്‍ദേശം നല്‍കിയതായി കേന്ദ്ര റെയില്‍വേ സഹമന്ത്രി രാജേന്‍ ഗോഹൈന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് എസ് പി വിയില്‍ ഉള്‍പ്പെടുത്തി സര്‍വേ നടത്താനുള്ള സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശവും വന്നത്.

മംഗളൂരുവില്‍ നിന്ന് ഹാസന്‍ വഴി മൈസൂരുവിലേക്കുള്ള ദൂരം 359 കിലോമീറ്റര്‍ ആണ്. ബെംഗളൂരുവിലേക്ക് 485 കിലോമീറ്ററും. പുതിയപാത യാഥാര്‍ഥ്യമായാല്‍ മംഗളൂരുവില്‍ നിന്ന് തലശ്ശേരി വഴി മൈസൂരിലേക്കുള്ള ദൂരം 298.5 കിലോമീറ്ററാണ് ബെംഗളൂരിലേക്ക് 424.5 കിലോമീറ്ററുമായി ചുരുങ്ങും. 60.5 കിലോമീറ്റര്‍ ദൂരത്തിന്റെ ലാഭമാണുണ്ടാകുക. തലശ്ശേരിയില്‍ നിന്ന് അടുത്ത ദിവസം തന്നെ ഈ പാതയുടെ സര്‍വേ തുടങ്ങുമെന്നാണ് അറിയുന്നത്.