Connect with us

Kerala

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അടുത്തമാസം അവധിയുടെ പെരുമഴ

Published

|

Last Updated

തിരുവനന്തപുരം: സെപ്തംബറില്‍ അവധി ദിവസങ്ങളുടെ പെരുമഴ. സെപ്തംബര്‍ പത്തിന് രണ്ടാം ശനിയാഴ്ചയോടെയാണ് അവധി തുടങ്ങുന്നത്. 16ന് ചതയ ദിനത്തോടെയാണ് അവധി അവസാനിക്കുക. പിറ്റേന്ന് വിശ്വകര്‍മ ദിനവും നിയന്ത്രിത അവധിയാണ്.

രണ്ടാം ശനിയില്‍ തുടങ്ങുന്ന അവധി തിങ്കളാഴ്ച ബക്രീദ്. തുടര്‍ന്ന് ഉത്രാടത്തില്‍ തുടങ്ങി ചതയദിനം വരെയായി ഏഴ് അവധി ദിനങ്ങള്‍. നിയന്ത്രിത അവധിയായ ശനിയാഴ്ചയും അവധിയടുക്കുന്നവര്‍ക്ക് പിറ്റേ ഞായറാഴ്ചയും ചേര്‍ത്ത് ഒമ്പത് അവധി ദിവസങ്ങളാണ് ലഭിക്കുക.

സാധാരണ ബേങ്ക് ജീവനക്കാര്‍ക്ക് അവധിയുടെ ഗുണം ലഭിക്കാറില്ലെങ്കിലും ഇത്തവണ അവധി അവര്‍ക്കും ലഭിക്കും. തുടര്‍ച്ചയായ ആറ് ഒഴിവുകള്‍ അവര്‍ക്ക് കിട്ടും. ബേങ്കിംഗ് രംഗത്ത് അപൂര്‍വ്വമായാണ് ഇത്തരത്തില്‍ നീണ്ട അവധി ലഭിക്കുന്നത്. ഇടവിട്ടുള്ള ശനിയാഴ്ചകള്‍ അവര്‍ക്ക് അടുത്തകാലം മുതല്‍ അവധിയായതും ഓണവും ബക്രീദും ചേര്‍ന്ന് വരുന്നതുമാണ് ബേങ്കിംഗ് മേഖലക്ക് ഇത്രയും അവധി ലഭിക്കുന്നത്.
നീണ്ട അവധി കിട്ടുന്നതോടെ ടൂര്‍ ഷെഡ്യൂളുകളാണ് മിക്കവരും പ്ലാന്‍ ചെയ്യുന്നത്.

ബജറ്റ് ടൂര്‍ പാക്കേജുകളുമായി ടൂര്‍ ഓപ്പറേറ്റര്‍മാരും തയ്യാറായിട്ടുണ്ട്. വിസ ഓണ്‍ അറൈവല്‍ ഉള്‍പ്പെടെ വിസ നടപടി ക്രമങ്ങള്‍ ലളിതമായതിനാല്‍ നാല് മണിക്കൂറിനുള്ളില്‍ പറന്നിറങ്ങാന്‍ കഴിയുന്നിടങ്ങള്‍ നിരവധിയുണ്ട്.
അതേസമയം ബേങ്കുകള്‍ക്ക് നീണ്ട അവധി ലഭിക്കുന്നതോടെ എ ടി എമ്മുകള്‍ കാലിയാകുന്ന അവസ്ഥയായിരിക്കും ഈ ദിവസങ്ങളില്‍ ഉണ്ടാകുക. മുമ്പ് രണ്ട് ദിവസങ്ങളില്‍ ബേങ്ക് തുടര്‍ച്ചയായി അടഞ്ഞപ്പോള്‍ എ ടി എമ്മുകള്‍ കാലിയായിരുന്നു. ഓണം സമയമായതിനാല്‍ കൂടുതല്‍ പേര്‍ ഈ നാളുകളില്‍ പണം പിന്‍വലിച്ചേക്കും. ഇത് സാമ്പത്തികയിടപാടുകളെ ഗുരുതരമായി ബാധിക്കും.

Latest