Connect with us

Gulf

ബലിപെരുന്നാള്‍ ദിനങ്ങളില്‍ ഖത്വറില്‍ മദ്യവില്‍പ്പനയുണ്ടാകില്ല

Published

|

Last Updated

ദോഹ: ബലി പെരുന്നാള്‍ ദിനങ്ങളില്‍ ഈ വര്‍ഷവും രാജ്യത്തെ പ്രധാന ഹോട്ടലുകളിലും ഏക മദ്യവിതരണ സ്ഥാപനമായ ഖത്വര്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനിയിലും മദ്യ വില്‍പ്പന നടത്തില്ല. പത്തുദിവസത്തേക്കായിരിക്കും നിയന്ത്രണമെന്ന് അധികൃതരെ ഉദ്ധരിച്ച് ദോഹ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സെപ്തംബര്‍ രണ്ടു മുതല്‍ ഈദുല്‍ അസ്ഹയുടെ രണ്ടാം ദിനം വരെ ക്യു ഡി സിയുടെ അബൂഹമൂറിലെ ഔട്ട്‌ലെറ്റ് പൂട്ടിയിടുമെന്ന് വ്യക്തമാക്കി ഉപഭോക്താക്കള്‍ക്ക് സന്ദേശം അയച്ചിട്ടുണ്ട്. പെരുന്നാള്‍ മൂന്നാം ദിനത്തിലായിരിക്കും ഔട്ട്‌ലെറ്റ് തുറന്നുപ്രവര്‍ത്തിക്കുക. ബലി പെരുന്നാള്‍ അവധി എന്നായിരിക്കുമെന്ന് ഔദ്യോഗിക അറിയിപ്പു വന്നിട്ടില്ല. സെപ്തംബര്‍ പതിനൊന്നിനായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രാജ്യത്തെ പ്രമുഖ ഹോട്ടലുകളും സെപ്തംബര്‍ ആദ്യവാരം മുതല്‍ മദ്യവില്‍പ്പന നിര്‍ത്തിവെക്കുമെന്നാണ് അറിയുന്നത്. കഴിഞ്ഞ വര്‍ഷം ഖത്വര്‍ ടൂറിസം അതോറിറ്റി പുറത്തിറക്കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണിത്. പെരുന്നാളിന് ഒമ്പതു ദിവസം മുമ്പും പെരുന്നാളിന്റെ അന്നും മദ്യം നല്‍കരുതെന്ന് ഹോട്ടലുകള്‍ക്ക് കഴിഞ്ഞ വര്‍ഷം നിര്‍ദേശം നല്‍കിയിരുന്നു.

പെരുന്നാളിനോടനുബന്ധിച്ച് മദ്യ വില്‍പ്പന തടയുന്നതിന് കഴിഞ്ഞവര്‍ഷമാണ് തുടക്കം കുറിച്ചത്. രാജ്യത്ത് ആദ്യമായി സ്വീകരിക്കുന്ന നടപടിയായിരുന്നു ഇത്. അതേസമയം ഖത്വര്‍ ടൂറിസം അതോറിറ്റിയുടെ ഇതുസംബന്ധമായ മെമ്മോ ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് നിരവധി ഫൈവ്സ്റ്റാര്‍ ഹോട്ടലുകളുടെ വക്താക്കള്‍ പ്രതികരിച്ചു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പത്തു ദിവസത്തെ മദ്യനിരോധനം ഏര്‍പ്പെടുത്താനുള്ള ഒരുക്കത്തിലാണ് ഈ ഹോട്ടലുകള്‍.

ഔദ്യോഗിക നിര്‍ദേശം ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹോട്ടല്‍ വക്താക്കള്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഹോട്ടലുകളുടെ റസ്‌റ്റോറന്റുകളിലും ബാറുകളിലും മദ്യവില്‍പ്പന നിര്‍ത്തിവെച്ചിരുന്നു.
അതിഥിറൂമുകളിലെ മിനിബാറുകളില്‍ മദ്യം സൂക്ഷിക്കുകയും ചെയ്തിരുന്നില്ല. നേരത്തേ ഈദുല്‍ ഫിത്വര്‍, ഈദുല്‍ അസ്ഹ എന്നിവയുടെ ആദ്യ ദിനങ്ങളിലും ദേശീയ ദിനം പോലുള്ള പൊതു അവധി ദിനങ്ങളിലും മാത്രമാണ് ക്യു ഡി സി അടച്ചിട്ടിരുന്നത്.
റമസാന്‍ മാസത്തില്‍ മദ്യവില്‍പ്പന അനുവദിക്കില്ല. പ്രവാചകന്റെ ജന്‍മദിനത്തിലും നിരോധനമുണ്ട്. ഇത്തവണ പ്രവാചകജന്‍മദിനം ഡിസംബര്‍ പന്ത്രണ്ട് ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

---- facebook comment plugin here -----

Latest