ജീവന് ഭീഷണിയായി കൃത്രിമ മുട്ട വ്യാപകമാകുന്നു

>>വിപണിയില്‍ ചൈനീസ് മുട്ടയെന്ന ഓമനപ്പേര്‌
Posted on: August 20, 2016 12:04 pm | Last updated: August 20, 2016 at 5:30 pm

eggതിരുവനന്തപുരം: ജീവന് തന്നെ ഭീഷണിയായേക്കാവുന്ന വ്യാജ മുട്ടകള്‍ വിപണിയില്‍ സുലഭം. കണ്ടാല്‍ നാടന്‍ മുട്ട പോലെ തോന്നിക്കുന്ന വ്യാജമുട്ടകളാണ് തമിഴ്‌നാട്ടില്‍ നിന്ന് എത്തുന്നത്. ചൈനീസ് മുട്ട എന്നറിയപ്പെടുന്ന ഇവ നാടനെ വെല്ലുന്ന തരത്തിലാണ് വിപണിയിലെത്തി യിരിക്കുന്നത്. കോഴിയുമായി ഒരു ബന്ധവും ഇത്തരം വ്യാജന്മാര്‍ക്കില്ലെന്നതാണ് സത്യം. കോഴി ഇല്ലാതെ കൃത്രിമമായി നിര്‍മിച്ചെടുക്കുന്ന മുട്ട നാട്ടിന്‍പുറങ്ങളില്‍ പോലും വ്യാപകമായി എത്തിത്തുടങ്ങിയിട്ടുണ്ട്. ഇവയുടെ രുചിയിലും കാര്യമായ മാറ്റമുണ്ട്.
വ്യാജന്‍ എത്തുന്നത് നാടന്‍ കോഴി മുട്ടയുടെ നിറത്തിലാണ്. വിപണിയില്‍ ഡിമാന്റുണ്ടാക്കുന്നതും നാടന്റെ പേരിലാണ്. ചൈനീസ് നിര്‍മിത മുട്ടയെന്ന് പറയുന്ന വ്യാജന് വില കൂടുതലാണ്. തമിഴ്‌നാട് നിന്നെത്തുന്ന കോഴിമുട്ടക്ക് പൊതുമാര്‍ക്കറ്റില്‍ നൂറെണ്ണത്തിന് 360 രൂപയാണ് വില. ചില്ലറ വില്‍പ്പനക്കാര്‍ ഒന്നിന് നാല് രൂപ തോതിലാണ് ഈടാക്കുന്നത്. ചൈനീസ് മുട്ടക്ക് അഞ്ച് മുതല്‍ ആറ് രൂപ വരെ വാങ്ങിയാണ് ചില്ലറ വില്‍പ്പന നടത്തുന്നത്. ഒരു കോഴിമുട്ട ഉത്പാദിപ്പിക്കാനാവശ്യമായ ചെലവിന്റെ അഞ്ചില്‍ ഒന്ന് മതി വ്യാജനുണ്ടാക്കാന്‍.
ഇത് കഴിക്കുന്നവര്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. വ്യാജ മുട്ടയില്‍ അടങ്ങിയിരിക്കുന്ന പദാര്‍ഥങ്ങള്‍ ജീവന് തന്നെ ആപത്താണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആല്‍ഗനിക് ആസിഡ്, പൊട്ടാസ്യം ആലം, ജെലാറ്റിന്‍, കാല്‍സ്യം ക്ലോറൈഡ്, വെള്ളം, കൃത്രിമ നിറങ്ങള്‍ എന്നിവയാണ് ഇവയുടെ നിര്‍മാണത്തില്‍ ഉപയോഗിക്കുന്നത്. കരള്‍ രോഗം, വൃക്ക രോഗം, മറവി രോഗം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ് ഈ വ്യാജ മുട്ടകള്‍. സാധാരണഗതിയില്‍ ഹോട്ടലുകളിലും തട്ടുകടകളിലും ഈ മുട്ടയാണ് വ്യാപകമായി ഉപയോഗിക്കുന്നത്.
ഇത്തരം വ്യാജ മുട്ടകള്‍ ആദ്യം ഉത്പാദിപ്പിച്ച് വിപണിയില്‍ ഇറക്കിയത് ചൈനയിലാണ്. പിന്നീട് മറ്റു ചില രാജ്യങ്ങളിലും ഇത് ലഭ്യമായി തുടങ്ങി.
നിറം നാടന്‍മുട്ടയുടേതാണെങ്കിലും തൊട്ടാല്‍ പരുക്കനാണ്. സാധാരണ കോഴിമുട്ട കേടുവന്നാല്‍ മാത്രമേ കുലുക്കിയാല്‍ ശബ്ദം കേള്‍ക്കൂ. എന്നാല്‍ വ്യാജ മുട്ട കേടുവരില്ലെന്ന് മാത്രമല്ല, എല്ലായിപ്പോഴും കുലുക്കമുള്ളതുമായിരിക്കും. ഇതിന്റെ മഞ്ഞക്കരുവിന് നല്ല കട്ടിയുണ്ടായിരിക്കും. സാധാരണ കോഴിമുട്ട പൊട്ടിച്ചാല്‍ തോടിനുള്ളില്‍ നേരിയ പാട കാണാന്‍ കഴിയും. ചൈനീസ് മുട്ടകളില്‍ ഇത് കാണില്ല. കോഴിമുട്ട ഉടച്ചാല്‍ നേരിയ തോതിലുള്ള പച്ചയിറച്ചിയുടെ ഗന്ധമുണ്ടാകും. എന്നാല്‍ വ്യാജന് ഇതുമുണ്ടാകില്ല. സോഷ്യല്‍ മീഡിയകളില്‍ വലിയ പ്രചാരണം ഇതിനെതിരെ നടന്നുവരുന്നുണ്ട്. ഇന്റര്‍നെറ്റില്‍ ഇതേക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമാണ്.
ഇതേക്കുറിച്ച് ധാരാളം പരാതികള്‍ ലഭിച്ചെങ്കിലും ആരോഗ്യവകുപ്പ് വേണ്ടരീതിയില്‍ ഇടപെടുന്നില്ലെന്ന് ആക്ഷേപമുണ്ട്.